വിവാദങ്ങള്‍ക്കിടെ വഖഫ് നിയമഭേദഗതി ബില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും ചര്‍ച്ചചെയ്യുകയും തുടര്‍ന്ന് രാഷ്ട്രപതി ഒപ്പുവെച്ച് നിയമമാവുകയും ചെയ്തു. 2025 ഏപ്രില്‍ 2-നായിരുന്നു ലോക്സഭയില്‍ ബില്ലിന്മേലുള്ള ആദ്യ ചര്‍ച്ച. പിന്നീട് ഏപ്രില്‍ നാലിന് രാജ്യസഭയിലും ബില്‍ പാസാക്കി. ബില്‍ പാസാക്കിയതിന് പിന്നാലെ സന്തോഷം പങ്കുവെച്ച് AIMIM പ്രസിഡന്റ് അസദുദ്ദീന്‍ ഉവൈസി ബിജെപി നേതാക്കള്‍ക്ക് വിരുന്നൊരുക്കിയെന്ന അവകാശവാദത്തോടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ഹോട്ടലില്‍ ഏതാനും ബിജെപി നേതാക്കള്‍ക്കൊപ്പം ചായസല്‍ക്കാരത്തില്‍ പങ്കെടുക്കുന്ന ഉവൈസിയെ ദൃശ്യങ്ങളില്‍ കാണാം.
Fact-check:
പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും പ്രചരിക്കുന്ന ദൃശ്യങ്ങള്‍ പഴയതാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
ദൃശ്യങ്ങളിലെ ചില കീഫ്രെയിമുകള്‍ ഉപയോഗിച്ച് നടത്തിയ റിവേഴ്സ് ഇമേജ് പരിശോധനയില് ഈ ദൃശ്യം ഏതാനും പഴയ മാധ്യമറിപ്പോര്‍ട്ടുകളില്‍ ഉപയോഗിച്ചതായി കണ്ടെത്തി. പിടിഐ 2025 ജനുവരി 29ന് ഈ വീഡിയോ എക്സില്‍ പങ്കുവെച്ചിട്ടുണ്ട്.
വഖഫ് ദേഭഗതി ബില്‍ പരിശോധിക്കാന്‍ രൂപീകരിച്ച സംയുക്ത പാര്‍ലമെന്ററി സമിതി ബില്ലിന്റെ കരട് അംഗീകരിച്ച ശേഷം നടത്തിയ ചായസല്‍ക്കാരമെന്ന വിവരണത്തോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
തുടര്‍ന്ന് ഈ സൂചന ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ മാധ്യമറിപ്പോര്‍ട്ടുകള്‍ ലഭിച്ചു. കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് ANI പ്രസിദ്ധീകരിച്ച വിശദമായ റിപ്പോര്‍ട്ടിലും ഈ ചിത്രം കാണാം. 2025 ജനുവരി 29ന് തന്നെയാണ് ANI റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
കീവേഡുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ സംയുക്ത പാര്‍ലമെന്ററി സമിതിയുടെ ഈ ചായസല്‍ക്കാരത്തെക്കുറിച്ചും കൂടിക്കാഴ്ചയെക്കുറിച്ചും നിരവധി ദി ടെലഗ്രാഫ് ഉള്‍പ്പെടെ നിരവധി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതായി കണ്ടെത്തി.
ഇതോടെ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ പഴയതാണെന്നും വഖഫ് നിയമഭേദഗതി പാസാക്കിയതിന് ശേഷമുള്ളതല്ലെന്നും വ്യക്തമായി.
Conclusion:
വഖഫ് നിയമഭേദഗതി പാസാക്കിയതിന് പിന്നാലെ അസദുദ്ദീന്‍ ഉവൈസി ബിജെപി നേതാക്കള്‍ക്ക് വിരുന്നൊരുക്കിയെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. പ്രചരിക്കുന്ന ദൃശ്യങ്ങള്‍ മൂന്ന് മാസങ്ങള്‍ക്ക് മുന്‍പത്തേതാണെന്നും വഖഫ് നിയമഭേദഗതി പഠിക്കാന്‍ നിയോഗിച്ച സംയുക്ത പാര്‍ലമെന്ററി സമിതിയുടെ കൂടിക്കാഴ്ചയുടെ ദൃശ്യങ്ങളാണിതെന്നും അന്വേഷണത്തില്‍ സ്ഥിരീകരിച്ചു.