ബീഹാര്‍ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വോട്ടുതേടി നഗരത്തില്‍ പര്യടനം നടത്തുന്നതിനിടെ ബിജെപി സ്ഥാനാര്‍ത്ഥിയുടെ കഴുത്തില്‍ ചെരുപ്പുമാലയണിഞ്ഞ് പ്രതിഷേധം രേഖപ്പെടുത്തിയതായി സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. ബിജെപിയുടെ ഷാളണിഞ്ഞ സ്ഥാനാര്‍ത്ഥി നിരവധി പേര്‍ക്കൊപ്പം പാര്‍ട്ടി കൊടികളുമായി കടന്നുവരികയും തുടര്‍ന്ന് പ്രായംചെന്ന ഒരാള്‍ ചെരുപ്പുമാല അദ്ദേഹത്തിന്റെ കഴുത്തിലണിയുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഇത്തരത്തിലാണ് നാട്ടുകാരുടെ പ്രതികരണമെന്നും ബിഹാറില്‍ ബിജെപി ജയിക്കില്ലെന്നുമാണ് അവകാശവാദം.
Fact-check:
പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും പ്രചരിക്കുന്ന ചിത്രം ബീഹാറിലേതല്ലെന്നും വസ്തുത പരിശോധനയില്‍ കണ്ടെത്തി.
പ്രചരിക്കുന്ന വീഡിയോയിലെ ചില കീഫ്രെയിമുകള്‍ റിവേഴ്സ് ഇമേജ് സെര്‍ച്ച് ചെയ്തതോടെ സമാന ചിത്രങ്ങള്‍ ANI എക്സില്‍ പങ്കുവെച്ചതായി കണ്ടെത്തി. 2018 ജനുവരി 7 നാണ് രണ്ട് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ഒപ്പം നല്‍കിയ വിവരണത്തില്‍ മധ്യപ്രദേശിലെ ധാര്‍ ജില്ലയിലെ ധംനോദില്‍ ബിജെപി സ്ഥാനാര്‍ത്ഥി ദിനേശ് ശര്‍മ തദ്ദേശതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വീടുകളില്‍ കയറിയിറങ്ങി പ്രചാരണം നടത്തുന്നതിനിടെയാണ് സംഭവമെന്ന് വ്യക്തമാക്കുന്നു.
തുടര്‍ന്ന് ഈ കീവേഡുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ സംഭവവുമായി ബന്ധപ്പെട്ട നിരവധി മാധ്യമറിപ്പോര്‍ട്ടുകളും കണ്ടെത്തി. 2018 ജനുവരി 8ന് എന്‍ഡിടിവി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നുണ്ട്. വീഡിയോയിലെതിന് സമാനമായ ചിത്രം ഉള്‍പ്പെടെയാണ് റിപ്പോര്‍ട്ട്.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ എബിപി ലൈവ്, സ്ക്രോള്‍ തുടങ്ങി മറ്റ് ദേശീയ മാധ്യമങ്ങളും സംഭവം റിപ്പോര്‍ട്ട് ചെയ്തതായി കണ്ടെത്തി. പ്രചരിക്കുന്ന ദൃശ്യങ്ങളിലെ സ്ക്രീന്‍ഷോട്ടുകള്‍ ഈ റിപ്പോര്‍ട്ടുകളിലും ഉപയോഗിച്ചതായി കാണാം.
ഇതോടെ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും വീഡിയോയ്ക്ക് നിലവിലെ ബീഹാര്‍ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധമില്ലെന്നും വ്യക്തമായി. അതേസമയം ബീഹാറില്‍ വിവിധ ജനപ്രതിനിധികള്‍ക്കെതിരെ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ രോഷം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
Conclusion:
ബീഹാറില്‍ വോട്ടുതേടി പര്യടനം നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിയുടെ കഴുത്തില്‍ ജനങ്ങള്‍ ചെരുപ്പുമാലയണിഞ്ഞ് പ്രതിഷേധിച്ചുവെന്നതരത്തില്‍ പ്രചരിക്കുന്ന വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണ്. ദൃശ്യങ്ങള്‍ 2018 ല്‍ മധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ സംഭവത്തിന്റേതാണെന്നും ബീഹാര്‍ തിരഞ്ഞെടുപ്പുമായി ബന്ധമില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി.