മധ്യപ്രദേശില്‍ പട്ടേല്‍ പ്രതിമ തകര്‍ത്തതാര്? സത്യമറിയാം
കോടിക്കണക്കിന് രൂപ ചെലവില്‍ ഗുജറാത്തില്‍ പട്ടേല്‍ പ്രതിമ സ്ഥാപിച്ച ബിജെപിയുടെ പ്രവര്‍ത്തകര്‍ തന്നെയാണ് മറ്റൊരിടത്ത് പട്ടേല്‍ പ്രതിമ തകര്‍ക്കുന്നതെന്ന അടിക്കുറിപ്പോടെയാണ് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
By - HABEEB RAHMAN YP |
സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമ ട്രാക്ടര്‍ ഉപയോഗിച്ച് തകര്‍ക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. സംഘപരിവാര്‍ പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന അടിക്കുറിപ്പോടെയാണ് ദൃശ്യങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
Fact-check:
ട്രാക്ടര്‍ ഉപയോഗിച്ച് പ്രതിമ തകര്‍ക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം. അതേസമയം ഏതെങ്കിലും സംഘടനകളുടെ പതാകയോ മറ്റോ ഇവരുടെ കൈവശം കാണാനായില്ല. തുടര്‍ന്ന് നടത്തിയ റിവേഴ്സ് ഇമേജ് പരിശോധനയില്‍ സമൂഹമാധ്യമങ്ങളില്‍നിന്ന് കൂടുതല്‍ വ്യക്തതയും ദൈര്‍ഘ്യവുമുള്ള ദൃശ്യങ്ങള്‍ ലഭിച്ചു.
ദൃശ്യങ്ങളില്‍ ഏതെങ്കിലും സംഘടനയെ സൂചിപ്പിക്കുന്ന പതാകകളോ ചിഹ്നങ്ങളോ, പ്രചരിക്കുന്ന പോസ്റ്റില്‍ അവകാശപ്പെടുന്നപോലെ ‘ജയ്ശ്രീറാം’ വിളികളോ കണ്ടെത്താനായില്ല. വീഡിയോയുടെ അവസാനഭാഗത്ത് സ്ത്രീകള്‍ ഉള്‍പ്പെടെ കൂടുതല്‍ പേര്‍ പ്രതിമ ആക്രമിക്കുന്നതായി കാണാം. ഈ കീഫ്രെയിമുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ഹിന്ദുസ്ഥാന്‍ ടൈംസ് 2023 ജനുവരി 25ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് കണ്ടെത്തി.
മധ്യപ്രദേശിലെ ഉജ്ജെയ്ന്‍ ജില്ലയിലെ മാക്ഡോണ്‍ ഗ്രാമത്തില്‍ ബുധനാഴ്ച രാത്രി പടീദാര്‍ വിഭാഗം സ്ഥാപിച്ച സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പ്രതിമയാണ് തകര്‍ക്കപ്പെട്ടതെന്നും ദലിത് വിഭാഗത്തില്‍പെട്ട ഭീം ആര്‍മി അംഗങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നും പൊലീസ് അറിയിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ലഭിച്ച സൂചനകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ഇതിനെ സാധൂകരിക്കുന്ന കൂടുതല്‍ മാധ്യമവാര്‍ത്തകള്‍ ലഭ്യമായി. ജനുവരി 26 ന് ഇന്ത്യന്‍ എക്സ്പ്രസ് നല്‍കിയ വിശദമായ റിപ്പോര്‍ട്ടില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി.
പ്രദേശത്തെ ഭൂരിപക്ഷ ദലിത് വിഭാഗമായ മാലവിയ സമുദായവും പിന്നാക്ക വിഭാഗമായ പടീദാര്‍ സമുദായവും തമ്മില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഘര്‍ഷമുണ്ടായതെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പടീദാര്‍ വിഭാഗം സ്ഥാപിച്ച സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമയാണ് മാലവിയ വിഭാഗം തകര്‍ത്തത്. ഒരു ദശകത്തോളമായി ഇരുവിഭാഗവും തമ്മില്‍ പ്രതിമ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം നിലനിന്നിരുന്നു. ഡോ. അംബേദ്കറിന്റെ പ്രതിമ സ്ഥാപിക്കണമെന്നതായിരുന്നു മാലവിയ വിഭാഗത്തിന്റെ ആവശ്യം. പ്രദേശത്തെ പഞ്ചായത്ത് അധികാരികള്‍ ഇക്കാര്യത്തില്‍ നടപടി സ്വീകരിച്ചില്ലെന്നും അനുമതിയില്ലാതെയാണ് പടീദാര്‍ വിഭാഗം പട്ടേല്‍ പ്രതിമ സ്ഥാപിച്ച് പ്രകോപനം സൃഷ്ടിച്ചതെന്നുമാണ് മാലവിയ വിഭാഗത്തിന്റെ വാദം.
സംഭവത്തില്‍ മൂന്ന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായും റിപ്പോര്‍ട്ടിലുണ്ട്. പടീദാര്‍ വിഭാഗത്തിനെതിരെ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ ആക്രമണത്തിലാണ് കേസ്. മാലവിയ വിഭാഗത്തിനെതിരെ മതവികാരം വ്രണപ്പെടുത്തല്‍ ഉള്‍പ്പെടെ കേസുകളും രജിസ്റ്റര്‍ ചെയ്തു. കേസില്‍ വനിതകള്‍ ഉള്‍പ്പെടെ ദൃശ്യങ്ങളില്‍ കണ്ടാലറിയാവുന്നവര്‍ക്കെതിരെ അന്വേഷണം പുരോഗമിക്കുന്നതായി ഉജ്ജെയന്‍ എസ്പി സമൂഹമാധ്യമങ്ങളില്‍ ജനുവരി 25 ന് തന്നെ അറിയിച്ചിട്ടുണ്ട്.
പ്രതിമ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങളും തമ്മിലുണ്ടായ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്ന് NDTV റിപ്പോര്‍ട്ടും വ്യക്തമാക്കുന്നു. ഡെക്കാന്‍ ഹെരാള്‍ഡിന്റെ റിപ്പോര്‍ട്ടിലും ഈ വിവരങ്ങള്‍ കാണാം.
സംഭവത്തിന് പിന്നാലെ 22 പേരെ അറസ്റ്റ് ചെയ്തതായി തുടര്‍ന്നുള്ള ദിവസങ്ങളില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജില്ലാകലക്ടറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ രണ്ട് പ്രതിമകളും സ്ഥാപിക്കുകയെന്ന തീരുമാനത്തോടെ പ്രശ്നം സമവായത്തിലെത്തിയതായി ടൈംസ് ഓഫ് ഇന്ത്യ ജനുവരി 27 ന് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇതോടെ പ്രചരിക്കുന്ന സന്ദേശം വസ്തുത വിരുദ്ധമാണെന്ന് വ്യക്തമായി.
Conclusion:
മധ്യപ്രദേശിലെ ഉജ്ജെയ്നില്‍ പട്ടേല്‍ പ്രതിമ തകര്‍ക്കുന്നത് സംഘപരിവാര്‍ പ്രവര്‍ത്തകരല്ലെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി. ഇത് പ്രദേശത്തെ പടീദാര്‍ - മാലവിയ വിഭാഗങ്ങള്‍ തമ്മില്‍ പ്രതിമ സ്ഥാപിക്കുന്നത് സംബന്ധിച്ചുണ്ടായ തര്‍ക്കത്തിനുപിന്നാലയുണ്ടായ അക്രമമാണെന്നും സംഭവത്തിന് പിന്നാലെ ജില്ലാഭരണകൂടം ഇടപെട്ട് പ്രശ്നത്തിന് പരിഹാരമുണ്ടാക്കിയതായും അന്വേഷണത്തില്‍ സ്ഥിരീകരിച്ചു.