Fact Check: ഇത് ഗുജറാത്തിലെ BJP നേതാവില്‍നിന്ന് കള്ളപ്പണം പിടികൂടുന്ന ദൃശ്യങ്ങളോ? സത്യമറിയാം

ഗുജറാത്തിലെ BJP നേതാവായ സികാര്‍ അഗര്‍വാളിന്റെ സൂറത്തിലെ ഗോഡൗണില്‍നിന്ന് കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം പിടികൂടുന്ന ദൃശ്യങ്ങളെന്ന വിവരണത്തോടെയാണ് സമൂഹമാധ്യമങ്ങളില്‍ വീഡിയോ വ്യാപകമായി പ്രചരിക്കുന്നത്.

By -  HABEEB RAHMAN YP |  Published on  26 Feb 2024 2:15 PM IST
Fact Check: ഇത് ഗുജറാത്തിലെ BJP നേതാവില്‍നിന്ന് കള്ളപ്പണം പിടികൂടുന്ന ദൃശ്യങ്ങളോ? സത്യമറിയാം

ഗുജറാത്തിലെ BJP നേതാവിന്റെ ഗോഡൗണില്‍നിന്ന് കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം പിടികൂടുന്ന ദൃശ്യങ്ങളെന്ന വിവരണത്തോടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. സികാര്‍ അഗര്‍വാളിന്റെ സൂറത്തിലെ ഗോഡൗണില്‍നിന്നുള്ള ദൃശ്യങ്ങളാണെന്നാണ് അവകാശവാദം. ഏതാനും ഉദ്യോഗസ്ഥര്‍ പണം എണ്ണിത്തിട്ടപ്പെടുത്തുന്നുന്നതും മറ്റും ദൃശ്യങ്ങളില്‍ കാണാം.




ചില പോസ്റ്റുകളില്‍ BJPയുടെ അഴിമതിയുമായും ഇലക്ടറല്‍ ബോണ്ടുമായും വരാനിരിക്കുന്ന തെരഞ്ഞെടുപ്പുമായും ഇതിനെ ബന്ധിപ്പിച്ചുകൊണ്ടുള്ള പരാമര്‍ശങ്ങളും കാണാം.


Fact-check:

പ്രചരിക്കുന്ന വീഡിയോയ്ക്ക് BJPയുമായോ മറ്റേതെങ്കിലും രാഷ്ട്രീയപാര്‍ട്ടികളുമായോ ബന്ധമില്ലെന്നും കൊല്‍ക്കത്തയിലെ ഒരു സ്വകാര്യ വ്യക്തിയുടെ വ്യാപാര ഇടപാടുകളുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് 2022 ല്‍ നടത്തിയ റെയ്ഡിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നതെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.

വസ്തുത പരിശോധനയുടെ ആദ്യഘട്ടത്തില്‍ വീഡിയോയില്‍നിന്ന് ഏതാനും ഭാഗങ്ങള്‍ കീഫ്രെയിമുകളാക്കി തിരിച്ച് റിവേഴ്സ് ഇമേജ് സെര്‍ച്ച് ഉപയോഗിച്ച് പരിശോധിച്ചതോടെ ഈ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയ ഏതാനും മാധ്യമറിപ്പോര്‍ട്ടുകള്‍ ലഭിച്ചു.


2022 സെപ്തംബര്‍ 11 ന് CNN-News18 യൂട്യൂബില്‍ ഇതേ വീഡിയോ പങ്കുവെച്ചതായി കണ്ടെത്തി. കൊല്‍ക്കത്തയിലെ വ്യാപാരിയില്‍നിന്ന് 18 കോടി രൂപ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുക്കുന്നുവെന്ന അടിക്കുറിപ്പോടെയാണ് ദൃശ്യങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ഈ സൂചന ഉപയോഗിച്ച് യൂട്യൂബില്‍തന്നെ നടത്തിയ തിരച്ചിലില്‍ NDTV 2022 സെപ്തംബര്‍ 10ന് പങ്കുവെച്ച വാര്‍‍ത്തയിലും ഇതേ ദൃശ്യങ്ങള്‍ കണ്ടെത്തി.




കൊല്‍ക്കത്തയിലെ വ്യാപാരിയുടെ വീട്ടില്‍ നടന്ന റെയ്ഡ് എന്ന രീതിയിലാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. തുടര്‍ന്ന് NDTV യുടെ വെബ്സൈറ്റ് പരിശോധിച്ചതോടെ വിശദമായ റിപ്പോര്‍ട്ട് 2022 സെപ്തംബര്‍ 11ന് പ്രസിദ്ധീകരിച്ചതായി കണ്ടെത്തി.




ഒരു മൊബൈല്‍ ഗെയിം അപ്ലിക്കേഷനുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ കൊല്‍ക്കത്തയിലെ ആമിര്‍ ഖാന്‍ എന്ന വ്യക്തിയുടെ ആറ് ഇടങ്ങളിലാണ് ED പരിശോധന നടത്തിയതെന്നും 18 കോടിയോളം രൂപയാണ് കണ്ടെടുത്തതെന്നും NDTV റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

കീവേഡുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ഹിന്ദുസ്ഥാന്‍ ടൈംസ്, ടൈംസ് ഓഫ് ഇന്ത്യ ഉള്‍പ്പെടെ പ്രധാന മാധ്യമങ്ങളെല്ലാം സെപ്തംബര്‍ 10-11 തിയതികളിലായി ഈ വാര്‍ത്ത നല്‍കിയതായി കണ്ടെത്തി. ‌


സെപ്തംബര്‍ 10ന് നടന്ന റെയ്ഡുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സെപ്തംബര്‍ 12ന് എക്സിലും വിവരങ്ങള്‍ പങ്കുവെച്ചതായി കാണാം.




ഇതോടെ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ക്കൊപ്പം നല്‍കിയിരിക്കുന്ന വിവരണം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമായി.


Conclusion:

ഗുജറാത്തിലെ ബിജെപി നേതാവിന്റെ ഗോഡൗണില്‍നിന്ന് കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം പിടികൂടുന്ന ദൃശ്യങ്ങളെന്ന വിവരണത്തോടെ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ കൊല്‍ക്കത്തയില്‍നിന്നുള്ളതാണ്. മൊബൈല്‍ ഗെയിം അപ്ലിക്കേഷനുമായി ബന്ധപ്പെട്ട് നടത്തിയ സാമ്പത്തിക തട്ടിപ്പില്‍ ആമിര്‍ഖാന്‍ എന്ന വ്യാപാരിയുടെ ആറ് ഇടങ്ങളില്‍ 2022 സെപ്തംബര്‍ 10ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡിന്റെ ദൃശ്യങ്ങളാണ് തെറ്റായ വിവരണത്തോടെ പ്രചരിക്കുന്നതെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.

Claim Review:Black money worth crores is seized from BJP leader’s godown in Surat, Gujarat
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Next Story