Fact Check: ഇറാന്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട യുഎസ് സൈനികരുടെ മൃതദേഹമെത്തിക്കുന്ന വീഡിയോ? സത്യമറിയാം

സൈനിക വിമാനത്തില്‍നിന്ന് ഏതാനും സൈനികര്‍ ചേര്‍ന്ന് മൃതദേഹമടങ്ങുന്ന പെട്ടി പുറത്തിറക്കുന്ന ദൃശ്യമാണ് യുഎസ്-ഇസ്രയേല്‍ - ഇറാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പ്രചരിക്കുന്നത്.

By -  HABEEB RAHMAN YP
Published on : 10 March 2026 11:50 PM IST

Fact Check: ഇറാന്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട യുഎസ് സൈനികരുടെ മൃതദേഹമെത്തിക്കുന്ന വീഡിയോ? സത്യമറിയാം
Claim:ഇറാന്‍ സംഘര്‍ഷത്തിനിടെ മരണമടഞ്ഞ യുഎസ് സൈനികരുടെ മൃതദേഹങ്ങള്‍ തിരികെയെത്തിക്കുന്ന ദൃശ്യം
Fact:വീഡിയോ 2011 ല്‍ ഇറാഖ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട നാല് സൈനികരുടെ മൃതദേഹം തിരികെയത്തിച്ചതിന്റേത്. നിലവിലെ സാഹചര്യങ്ങളുമായി വീഡിയോയ്ക്ക് ബന്ധമില്ല.

അമേരിക്കയുടെ പിന്തുണയോടെ ഇസ്രയേല്‍ ഇറാനെതിരെ ആരംഭിച്ച ആക്രമണങ്ങള്‍ പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളിലെത്തിനില്‍ക്കുകയാണ്. ഇറാന്റെ പ്രത്യാക്രമണത്തില്‍ ഇസ്രയേലിനും അറബ് രാജ്യങ്ങള്‍ക്കുമടക്കം നിരവധി നാശനഷ്ടങ്ങളുണ്ടായി. യുഎസ്-ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാനിലെ സ്കൂള്‍ തകര്‍ക്കപ്പെട്ടതും വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടതും ആഗോളതലത്തില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് ഇറാന്റെ പ്രത്യാക്രമണത്തില്‍ കൊല്ലപ്പെട്ട യുഎസ് സൈനികരുടെ ഭൗതികദേഹം തിരിച്ചെത്തിക്കുന്ന ദൃശ്യങ്ങളെന്ന വിവരണത്തോടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഏതാനും സൈനികര്‍ ചേര്‍ന്ന് ശവമഞ്ചം വിമാനത്തില്‍നിന്ന് പുറത്തേക്ക് കൊണ്ടുവരുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.






Fact-check:

പ്രചാരണം വസ്തുതാവിരുദ്ധമാണെന്നും പ്രചരിക്കുന്ന ദൃശ്യങ്ങള്‍ ഇറാന്‍ സംഘര്‍ഷത്തിന്റെ ഭാഗമായുള്ളതല്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

പ്രചരിക്കുന്ന വീ‍‍ഡിയോയിലെ ചില കീഫ്രെയിമുകളുപയോഗിച്ച് നടത്തിയ പരിശോധനയില്‍ ദൃശ്യങ്ങള്‍‌ 2011 ല്‍ യൂട്യൂബില്‍ പങ്കിട്ടതായി കണ്ടെത്തി. വിയറ്റ്നാം സമുദ്ര ഫോട്ടോഗ്രാഫര്‍ പാട്രിക് ജെ ഹ്യൂഗ്സ് അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിലാണ് 2011 ജൂണ്‍ 9 ന് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. Dignified Transfer | Dover AFB | June 8, 2011 എന്ന തലക്കെട്ടോടെയാണ് വീഡിയോ നല്‍കിയിരിക്കുന്നത്.



വീഡിയോയ്ക്കൊപ്പം നല്‍കിയിരിക്കുന്ന വിവരണത്തില്‍ ഇറാഖിനെതിരെ ഓപ്പറേഷന്‍ ന്യൂ ഡോണ്‍ എന്ന ദൗത്യത്തിനിടെ ജീവന്‍ വെടിഞ്ഞ നാല് യുഎസ് സൈനികരുടെ ഭൗതികദേഹം തിരിച്ചെത്തിക്കുന്ന ചടങ്ങാണിതെന്ന സൂചനയുണ്ട്. ഈ സൂചന ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ പ്രസ്തുത ചടങ്ങ് ചിത്രീകരിക്കാന്‍ മാധ്യമങ്ങള്‍ക്ക് അനുമതി നല്‍കി യുഎസ് സുരക്ഷാ ഏജന്‍സി 2011 ജൂണ്‍ 8ന് പ്രസിദ്ധീകരിച്ച പത്രക്കുറിപ്പും ലഭിച്ചു.







തുടര്‍ന്ന് കീവേഡുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ വീരമൃത്യുവരിച്ച യുഎസ് സൈനികര്‍ക്ക് ആദരമര്‍പ്പിച്ച് സംഘടിപ്പിച്ച പരിപാടിയെക്കുറിച്ച് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടും ലഭ്യമായി. ഇതിലും ഇറാഖിനെതിരെ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട വിവരങ്ങളും സൈനികരുടെ പേരുകളും കാണാം.




ഇതോടെ പ്രചരിക്കുന്ന വീഡിയോ 2011 ജൂണില്‍ അമേരിക്ക-ഇറാഖ് സംഘര്‍ഷത്തിനിടെ മരണമടഞ്ഞ സൈനികരുടെ മൃതദേഹങ്ങള്‍ രാജ്യത്ത് തിരികെയെത്തിക്കുന്നതിന്റേതാണെന്നും നിലവിലെ ഇറാന്‍ സംഘര്‍ഷവുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നും വ്യക്തമായി.


Conclusion:


ഇറാന്‍ സംഘര്‍ഷത്തിനിടെ കൊല്ലപ്പെട്ട അമേരിക്കന്‍ സൈനികരുടെ മൃതദേഹങ്ങള്‍ രാജ്യത്ത് തിരികെയെത്തിക്കുന്ന ദൃശ്യങ്ങളെന്ന തരത്തില്‍ പ്രചരിക്കുന്ന വീഡിയോ 2011 ലേതാണ്. ഇറാഖ് സംഘര്‍ഷത്തിനിടെ കൊല്ലപ്പെട്ട നാല് സൈനികരുടെ മൃതദേഹങ്ങള്‍ തിരികെയെത്തിക്കുന്ന ഈ ദൃശ്യങ്ങള്‍ക്ക് നിലവിലെ ഇറാന്‍ സംഘര്‍ഷവുമായി യാതൊരു ബന്ധവുമില്ല.

Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebok
Claim Fact Check:False
Fact:വീഡിയോ 2011 ല്‍ ഇറാഖ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട നാല് സൈനികരുടെ മൃതദേഹം തിരികെയത്തിച്ചതിന്റേത്. നിലവിലെ സാഹചര്യങ്ങളുമായി വീഡിയോയ്ക്ക് ബന്ധമില്ല.
Next Story