ലോക്സഭ തിരഞ്ഞെടുപ്പ് അവസാനഘട്ടങ്ങളിലേക്ക് കടക്കുന്ന സാഹചര്യത്തില്‍ വോട്ടെടുപ്പുമായി ബന്ധപ്പെട്ട വിവിധ ആരോപണങ്ങളും പ്രചാരണങ്ങളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമാണ്. മെയ് 20ന് അഞ്ചാംഘട്ടത്തില്‍ 57 ശതമാനത്തിലധികം വോട്ടിങ് രേഖപ്പെടുത്തിയ സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. യുപിയിലേതെന്ന അവകാശവാദത്തോടെ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ പോളിങ് ബൂത്തില്‍ ഒരാള്‍ വോട്ടര്‍ക്കൊപ്പം വോട്ടിങ് കംപാര്‍ട്ട്മെന്റില്‍ പ്രവേശിക്കുന്നത് കാണാം. 400 സീറ്റ് നേടുമെന്ന അവകാശവാദവുമായി പ്രചാരണം തുടരുന്ന ബിജെപി കള്ളവോട്ട് ചെയ്യുന്നുവെന്ന ആരോപണത്തോടെയാണ് വീഡിയോ ഫെയ്സ്ബുക്കിലും എക്സിലും പങ്കുവെച്ചിരിക്കുന്നത്. (Archive Facebook, Archive X)
Fact-check:
വസ്തുത പരിശോധയുടെ ഭാഗമായി വീഡിയോ സൂക്ഷ്മമായി പരിശോധിച്ചു. ഹിന്ദിയിലാണ് സംസാരം കേള്‍ക്കാനാവുന്നത്. വോട്ടിങ് കംപാര്‍ട്ടുമെന്റില്‍ പ്രവേശിക്കുന്ന വ്യക്തി ഒരു തിരിച്ചറിയല്‍ കാര്‍ഡ് ധരിച്ചതായും കാണാം.
മറ്റ് സൂചനകളൊന്നും ലഭിക്കാത്ത സാഹചര്യത്തില്‍ വീഡിയോയിലെ ഏതാനും കീഫ്രെയിമുകള്‍ റിവേഴ്സ് ഇമേജ് സെര്‍ച്ച് വഴി പരിശോധിച്ചു. ഇതോടെ 2019ലെ ചില മാധ്യമ റിപ്പോര്‍ട്ടുകളില്‍ ഈ വീഡിയോ ദൃശ്യങ്ങള്‍ ഉപയോഗിച്ചതായി കണ്ടെത്തി.
2019 മെയ് 13 ന് പ്രസിദ്ധീകരിച്ച വാര്‍ത്ത ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടതാണ്. ഹരിയാനയിലെ ഫരീദാബാദിലെ ഒരു ബൂത്തില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ച പോളിങ് ഏജന്റിനെ അറസ്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ട്. 2019 മെയ് 12 നായിരുന്നു വോട്ടെടുപ്പ് നടന്നത്.
ഫരീദാബാദ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുടെ എക്സ് ഹാന്‍ഡിലില്‍ വോട്ടെടുപ്പ് ദിവസം പങ്കുവെച്ച ഏതാനും ട്വീറ്റുകള്‍ കണ്ടെത്തി. മൂന്ന് സ്ത്രീകളെ വോട്ടുചെയ്യുന്നതില്‍ സ്വാധീനിച്ച പോളിങ് ഏജന്റിനെ അറസ്റ്റ് ചെയ്തതായും വോട്ടെടുപ്പ് സുഗമമായി തുടര്‍ന്നതായും തിരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കുന്നു. (Archive)
ബിജെപിയുടെ പോളിങ് ഏജന്റാണ് അറസ്റ്റ് ചെയ്യപ്പെട്ടതെന്ന് വ്യക്തമാക്കുന്ന ചില മാധ്യമറിപ്പോര്‍ട്ടുകളും ലഭ്യമായി. ഗിരിരാജ് എന്നാണ് ഇയാളുടെ പേര്. ഇന്ത്യന്‍ എക്സ്പ്രസ് 2019 മെയ് 13ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ വീഡിയോയില്‍നിന്നുള്ള ചിത്രവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇതിന്റെ തുടര്‍ നടപടികളും വരുംദിവസങ്ങളില്‍ വാര്‍ത്തയായതായി കണ്ടെത്തി. പ്രസ്തുത ബൂത്തില്‍ റീപോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചതായി വിവിധ മാധ്യമ റിപ്പോര്‍ട്ടുകളും കണ്ടെത്തി. PTI യെ ഉദ്ധരിച്ച് First Post 2019 മെയ് 13ന് ഈ വാര്‍ത്ത നല്‍കിയിട്ടുണ്ട്.
ഇതോടെ ഈ ദൃശ്യങ്ങള്‍ക്ക് 2024 ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധമില്ലെന്ന് വ്യക്തമായി.
Conclusion:
ഉത്തര്‍പ്രദേശില്‍ ബിജെപി കള്ളവോട്ട് രേഖപ്പെടുത്തുന്നവെന്ന അവകാശവാദത്തോടെ 2024 ലോക്സഭ തിരഞ്ഞെടുപ്പിലേതെന്ന തരത്തില്‍ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ 2019 ലോക്സഭ തിരഞ്ഞെടുപ്പില്‍ ഹരിയാനയില്‍നിന്നുള്ളതാണ്. ബിജെപിയുടെ പോളിങ് ഏജന്റ് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് നിലവിലെ ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധമില്ലെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.