പാക്കിസ്ഥാനില്‍ റമദാന്‍ വ്രതാനുഷ്ഠാനം ആരംഭിച്ച ആദ്യദിനം ബോംബ് സ്ഫോടനമുണ്ടായെന്ന അവകാശവാദത്തോടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. വലിയൊരു പൊട്ടിത്തെറിയുണ്ടാകുന്നതും തുടര്‍ന്ന് ആളുകള്‍ ചിതറിയോടുന്നതും വീഡിയോയില്‍ കാണാം.
Fact-check:
പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും പ്രചരിക്കുന്ന വീഡിയോ പാക്കിസ്ഥാനിലേതല്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
പ്രചരിക്കുന്ന വീഡിയോയിലെ ചില കീഫ്രെയിമുകള്‍ ഉപയോഗിച്ച് നടത്തിയ റിവേഴ്സ് ഇമേജ് പരിശോധനയില്‍ ദൃശ്യങ്ങള്‍ ചില വാര്‍ത്താ റിപ്പോര്‍ട്ടുകളില്‍ നേരത്തെ ഉപയോഗിച്ചതായി കണ്ടെത്തി. Roya News English എന്ന യൂട്യൂബ് ചാനലില്‍ 2025 മാര്‍ച്ച് 18 ന് പങ്കിട്ട വീഡിയോയില്‍ സിറിയയിലുണ്ടായ ഹൃദയഭേദകമായ സ്ഫോടനം എന്നാണ് തലക്കെട്ട് നല്‍കിയിരിക്കുന്നത്.
ഈ സൂചന ഉപയോഗിച്ച് നടത്തിയ കീവേഡ് പരിശോധനയില്‍ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ലഭ്യമായി. സിറിയ ടിവി യൂട്യൂബ് ചാനലില്‍ നല്‍കിയിരിക്കുന്ന വീഡിയോയ്ക്കൊപ്പം നല്‍കിയിരിക്കുന്ന വിവരണത്തിന്റെ വിവര്‍ത്തനമനുസരിച്ച് ദമസ്കസിലെ നാട്ടിൻപുറത്തെ ഡൗമ നഗരത്തിലുണ്ടായ ഇന്ധന ടാങ്കറിന്റെ പൊട്ടിത്തെറയാണിത്, രണ്ട് പേർക്ക് പരിക്കേറ്റുവെന്നും രക്ഷാപ്രവർത്തകർ തീ നിയന്ത്രണവിധേയമാക്കിയെന്നും വിവരണത്തിലുണ്ട്.
സ്കൈന്യൂസ് എക്സില്‍ പങ്കിട്ട ട്വീറ്റിലും ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നു. സിറിയയിലുണ്ടായ ടാങ്കര്‍ അപകടത്തിന്റെ ദൃശ്യമാണിതെന്നും സംഭവം 2025 മാര്‍ച്ചിലായിരുന്നുവെന്നും ഈ റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കുന്നു.
ഇതോടെ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ക്ക് പാക്കിസ്ഥാനുമായി ബന്ധമില്ലെന്ന് വ്യക്തമായി. പാക്കിസ്ഥാനില്‍ സമാന സംഭവങ്ങള്‍ ഉണ്ടായിരുന്നോ എന്നാണ് പിന്നീട് പരിശോധിച്ചത്. 2026 ഫെബ്രുവരി ആദ്യവാരം വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കിടെ പാക്കിസ്ഥാനിലെ ഒരു മുസ്ലിം പള്ളിയില്‍ ചാവേറാക്രമണമുണ്ടായതായി
ബിബിസി ഉള്‍പ്പെടെ നല്‍കിയ റിപ്പോര്‍ട്ടുകള്‍ ലഭിച്ചു. സിഎന്‍എന്‍ നല്‍കിയ മറ്റൊരു
റിപ്പോര്‍ട്ടും ഇതുമായി ബന്ധപ്പെട്ട് ലഭിച്ചു.
പാക്കിസ്ഥാനില്‍ സമാന ബോംബാക്രമണങ്ങള്‍ ഉണ്ടായെങ്കിലും റമദാനിന്റെ ആദ്യദിനത്തിലുണ്ടായ ബോംബ് സ്ഫോടനമെന്ന അവകാശവാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമായി.
Conclusion:
പാക്കിസ്ഥാനില്‍ റമദാനിലെ ആദ്യദിനത്തിലുണ്ടായ ബോംബ് സ്ഫോടനത്തിന്റെ ദൃശ്യങ്ങളെന്ന തരത്തില്‍ പ്രചരിക്കുന്ന വീഡിയോ സിറിയയില്‍ 2025 മാര്‍ച്ചിലുണ്ടായ ടാങ്കര്‍ അപകടത്തിന്റേതാണെന്നും ഇതിന് പാക്കിസ്ഥാനുമായി ബന്ധമില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി.