RSS പരിശീലന ക്യാമ്പിൽ കുട്ടികൾ അതിദാരുണമായി പീഡിപ്പിക്കപ്പെടുന്ന ദൃശ്യങ്ങള്‍ എന്ന അടിക്കുറിപ്പോടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. മുതിര്‍ന്ന ഒരാള്‍ വടികള്‍ ഉപയോഗിച്ച് ആണ്‍കുട്ടിയെ ക്രൂരമായി അടിക്കുന്നതും നിലത്തിഴയ്ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
Fact-check:
വീഡിയോയുടെ ചില ഫ്രെയിമുകള്‍ ഉപയോഗിച്ച് നടത്തിയ റിവേഴ്സ് ഇമേജ് പരിശോധനയില്‍ ഈ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയ ഏതാനും മാധ്യമറിപ്പോര്‍ട്ടുകള്‍ ലഭിച്ചു. ദൈനിക് ഭാസ്കര്‍ എന്ന ഹിന്ദി മാധ്യമം 2023 ഒക്ടോബര്‍ 8 ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ഉത്തര്‍പ്രദേശിലെ സീതാപൂരില്‍ കിഷോറി സംസ്കൃത റസിഡന്‍ഷ്യല്‍ സ്കൂളിലെ സംഭവമെന്നാണ് പരാമര്‍ശം. അധ്യാപകന്‍ വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ലഭ്യമായ സൂചനകള്‍ ഉപയോഗിച്ച് നടത്തിയ കീവേഡ് പരിശോധനയില്‍ കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ലഭിച്ചു. ലൈവ് ഹിന്ദുസ്ഥാന്‍ എന്ന വാര്‍ത്താ വെബ്സൈറ്റിലും ഒക്ടോബര്‍ 9 ന് ഇതേ വാര്‍ത്ത പ്രസിദ്ധീകരിച്ചതായി കാണാം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചതായും റിപ്പോര്‍ട്ടിലുണ്ട്.
പൊലീസ് അന്വേഷണത്തില്‍ കുട്ടിയെ മര്‍ദിച്ച അധ്യാപകനെ കസ്റ്റഡിയിലെടുത്തതായി പത്രിക എന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഒക്ടോബര്‍ 10 ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
സീതാപൂര്‍ പൊലീസിന്‍റെ വെരിഫൈഡ് എക്സ് ഹാന്‍ഡിലില്‍നിന്ന് ഇത് സ്ഥിരീകരിക്കാനായി. സംഭവവുമായി ബന്ധപ്പെട്ട് വീഡിയോയും കുറിപ്പും പങ്കുവെച്ചതായി കാണാം.
ഇതോടെ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ ആര്‍എസ്എസ് ക്യാമ്പിലേതല്ലെന്നും ഉത്തര്‍പ്രദേശിലെ സംസ്കൃത സ്കൂളിലേതാണെന്നും വ്യക്തമായി.
Conclusion:
RSS ക്യാമ്പില്‍ കുട്ടികള്‍ക്കെതിരെ നടക്കുന്ന ക്രൂരമായ പീഢനത്തിന്റെ ദൃശ്യങ്ങളെന്ന അടിക്കുറിപ്പോടെ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ സീതാപൂരില്‍ സംസ്കൃതവിദ്യാലയത്തിലെ അധ്യാപകന്‍ വിദ്യാര്‍ഥിയെ മര്‍ദിച്ച ദൃശ്യങ്ങളാണ് തെറ്റായ അടിക്കുറിപ്പോടെ പ്രചരിക്കുന്നത്.