വയനാട്ടില്‍ സിപ് ലൈന്‍ അപകടമുണ്ടായതായി സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. സിപ് ലൈനില്‍ കൈക്കുഞ്ഞുമായി കയറുന്ന സ്ത്രീ അപകടത്തില്‍പെടുന്നതും പിന്നാലെ ഓപ്പറേറ്റര്‍ താഴേക്ക് പതിക്കുന്നതുമാണ് ദൃശ്യങ്ങളില്‍. വയനാട്ടില്‍ 2025 ഒക്ടോബര്‍ 27 നുണ്ടായ അപകടമെന്ന വിവരണത്തോടെ പ്രചരിക്കുന്ന വീഡിയോ സിസിടിവി ദൃശ്യങ്ങള്‍ക്ക് സമാനമായ രീതിയിലാണുള്ളത്. തിയതിയും സമയവുമെല്ലാം ദൃശ്യങ്ങളില്‍ കാണാം.
Fact-check:
പ്രചാരണം വ്യാജമാണെന്നും എഐ നിര്‍മിത വീഡിയോ ആണ് പ്രചരിക്കുന്നതെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.
വയനാട്ടില്‍ ഇത്തരമൊരു അപകടം നടന്നാല്‍ സ്വാഭാവികമായും വലിയ വാര്‍ത്തയാകുമെന്നിരിക്കെ ഇതുസംബന്ധിച്ച് മാധ്യമറിപ്പോര്‍ട്ടുകളൊന്നും ലഭ്യമാകാത്തത് ദൃശ്യങ്ങള്‍ വ്യാജമാകാമെന്നതിന്റെ പ്രാഥമിക സൂചനയായി. തുടര്‍ന്ന് വീഡിയോ സൂക്ഷ്മമായി പരിശോധിച്ചതോടെ ചില അസ്വാഭാവികതകളും കണ്ടെത്തി. വീഡിയോയില്‍ സമയം കാണിച്ചിരിക്കുന്നതില്‍ സെക്കന്റുകള്‍ മാറുന്നത് ക്രമത്തിലല്ല. കൂടാതെ സംസാരത്തിലും അസ്വാഭാവികതകള്‍ പ്രകടമാണ്.
ഈ പശ്ചാത്തലത്തില്‍ സംഭവവുമായി ബന്ധപ്പെട്ട ഔദ്യോഗിക വിശദീകരണത്തിനായി വയനാട് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ മാനേജര്‍ ശ്രീ പി പി പ്രവീണുമായി ഫോണില്‍ സംസാരിച്ചു. അദ്ദേഹത്തിന്റെ പ്രതികരണം:
“കഴിഞ്ഞ ദിവസമാണ് ഈ വീഡിയോ ശ്രദ്ധയില്‍പെട്ടത്. യഥാര്‍ത്ഥ വീഡിയോ ആണെന്നാണ് ആദ്യം കരുതിയത്. തുടര്‍ന്ന് സിപ് ലൈന്‍ പ്രവര്‍ത്തിപ്പിക്കുന്ന സ്ഥലങ്ങളില്‍ അന്വേഷിച്ചതോടെയാണ് വയനാട്ടില്‍ ഇത്തരമൊരു സംഭവം നടന്നില്ലെന്ന് വ്യക്തമായത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇത് എഐ നിര്‍മിത വീഡിയോ ആണെന്ന് കണ്ടെത്തി. അഷ്കര്‍ അലി എന്നയാളാണ് ഇത് ഇന്‍സ്റ്റഗ്രാമില്‍ ആദ്യമായി പങ്കുവെച്ചത്. അദ്ദേഹം ഇത് എഐ നിര്‍മിത വീഡിയോ ആണെന്ന് അതില്‍ ചേര്‍ത്തിരുന്നു. എന്നാല്‍ ഇത് മനസ്സിലാക്കാതെ പലരും വീഡിയോ ഡൗണ്‍ലോഡ് ചെയ്ത് പങ്കിട്ടതായാണ് മനസ്സിലാക്കുന്നത്. സൈബര്‍ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.”
ഇതോടെ പ്രചരിക്കുന്ന വീഡിയോ യഥാര്‍ത്ഥ സംഭവത്തിന്റെതല്ലെന്നും വയനാട്ടില്‍ ഇത്തരമൊരു സംഭവമുണ്ടായിട്ടില്ലെന്നും വ്യക്തമായി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വീഡിയോ ആദ്യം പങ്കിട്ട അഷ്കര്‍ അലി എന്നയാളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് കണ്ടെത്തി. ashkarali_reacts എന്ന പേരിലുള്ള പേജില്‍ നിരവധി എഐ നിര്‍മിത വീഡിയോകള്‍ പങ്കുവെച്ചതായി കാണാം. പേജില്‍ പ്രചരിക്കുന്ന വീഡിയോ കണ്ടെത്താനായില്ല. അതേസമയം ജനങ്ങള്‍ തെറ്റിദ്ധരിക്കപ്പെട്ട സാഹചര്യത്തില്‍ ഈ വീഡിയോ ഡിലീറ്റ് ചെയ്തതായി അറിയിച്ച് ആദ്യ പോസ്റ്റിന്റെ സ്ക്രീന്‍ഷോട്ട് ഉള്‍പ്പെടുത്തി പങ്കുവെച്ച പോസ്റ്റ് ലഭ്യമായി.
തുടര്‍ന്ന് അദ്ദേഹത്തോട് സംസാരിച്ചു. വീഡിയോ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് തയ്യാറാക്കിയതാണെന്നും ഡൗണ്‍ലോഡ് ചെയ്ത് തെറ്റായ വിവരണത്തോടെ പ്രചരിച്ച സാഹചര്യത്തിലാണ് ഡിലീറ്റ് ചെയ്തതെന്നുമാണ് അദ്ദേഹത്തിന്റെ അവകാശവാദം. എഐ നിര്‍മിതവീഡിയോ ആണെന്ന് വ്യക്തമാക്കി ഫെയ്സ്ബുക്കില്‍ നല്‍കിയ കുറിപ്പും അദ്ദേഹം പങ്കുവെച്ചു.
ഇതോടെ പ്രചാരണം വ്യാജമാണെന്നും പ്രചരിക്കുന്നത് എഐ നിര്‍മിത ദൃശ്യങ്ങളാണെന്നും വ്യക്തമായി.
Conclusion:
വയനാട്ടില്‍ സിപ് ലൈന്‍ അപകടമുണ്ടായെന്ന തരത്തില്‍ പ്രചരിക്കുന്ന വീഡിയോ എഐ നിര്‍മിതമാണന്ന് അന്വേഷണത്തില്‍ വ്യക്തമായി. സിസിടിവി ദൃശ്യങ്ങളുടെ രൂപത്തില്‍ നിര്‍മിതബുദ്ധി ഉപയോഗിച്ച് സൃഷ്ടിച്ച വീഡിയോ ആണ് പ്രചരിക്കുന്നതെന്നും ഇത്തരമൊരു അപകടവും വയനാട്ടില്‍ ഉണ്ടായിട്ടില്ലെന്നും വസ്തുത പരിശോധനയില്‍ സ്ഥിരീകരിച്ചു.