കുഞ്ഞിന് ചികിത്സ ആശുപത്രിയ്ക്ക് പുറത്ത് - ചിത്രം ഇന്ത്യയിലേതോ?

അത്യാഹിതവിഭാഗത്തിനു പുറത്ത് ഡ്രിപ്പിടുന്ന പിഞ്ചുകുഞ്ഞിനെ തോളോടുചേര്‍ത്ത് ദൈന്യതയോടെ നില്‍ക്കുന്ന സ്ത്രീയുടെ ചിത്രം ഇന്ത്യയിലേതെന്ന അവകാശവാദത്തോടെയാണ് പ്രചരിക്കുന്നത്.

By -  HABEEB RAHMAN YP |  Published on  31 March 2023 11:54 AM IST
കുഞ്ഞിന് ചികിത്സ ആശുപത്രിയ്ക്ക് പുറത്ത് - ചിത്രം ഇന്ത്യയിലേതോ?

ആശുപത്രി കെട്ടിടത്തിന് പുറത്ത് ഡ്രിപ്പിടുന്ന കുഞ്ഞിനെ തോളോടു ചേര്‍ത്ത് ദൈന്യതയോടെ നില്‍ക്കുന്ന സ്ത്രീയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ചിത്രം ഇന്ത്യയിലേതെന്ന അവകാശവാദത്തോടെയുള്ള അടിക്കുറിപ്പ് ചേര്‍ത്താണ് പ്രചരണം. രാഷ്ട്രീയനേതാക്കളുടെ ധൂര്‍ത്തും ആത്മീയരംഗത്തെ ചൂഷണവും പ്രതിമ നിര്‍മാണം ഉള്‍പ്പെടെ കാര്യങ്ങളും പരാമര്‍ശിക്കുന്ന ആക്ഷേപഹാസ്യ കുറിപ്പിനൊപ്പമാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.




Sreedhara Unni എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടില്‍നിന്ന് മാര്‍ച്ച് 29 ന് പങ്കുവെച്ച കുറിപ്പ് രണ്ടായിരത്തി അഞ്ഞൂറിലധികം പേരാണ് ഷെയര്‍ ചെയ്തിരിക്കുന്നത്.


Fact-check:

വസ്തുതാ പരിശോധനയുടെ ആദ്യഘട്ടത്തില്‍ ചിത്രം റിവേഴ്സ് ഇമേജ് സെര്‍ച്ച് ഉപയോഗിച്ച് പരിശോധിച്ചു. ലഭിച്ച ഏതാനും ഫലങ്ങളില്‍ Sindh World എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടില്‍നിന്ന് 2019 ജൂണ്‍ ഒന്നിന് ചിത്രം പങ്കുവെച്ചതായി കണ്ടെത്തി.


ചിത്രത്തിനൊപ്പം ചേര്‍ത്ത അടിക്കുറിപ്പ് തര്‍ജമ ചെയ്തപ്പോള്‍ ലഭിച്ചത് ഇപ്രകാരമാണ്:

“സിന്ധിലെ ഈ സാഹചര്യത്തിന് കാരണം ഇമ്രാന്‍ ഖാനോ നാല്‍പ്പത് വര്‍ഷമായി സിന്ധ് കൊള്ളയടിക്കുന്ന പിപിപി (പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി)യോ? ”

ഇതില്‍നിന്നും സംഭവം പാക്കിസ്ഥാനിലെ സിന്ധ് പ്രദേശവുമായി ബന്ധപ്പെട്ടതാണെന്ന് വ്യക്തമായി.

ലഭിച്ച സൂചനകള്‍ ഉപയോഗിച്ച് ഏതാനും കീവേഡുകള്‍ ഗൂഗ്ള്‍ ട്രാന്‍സലേറ്ററിന്‍റെ സഹായത്തോടെ സിന്ധി ഭാഷയിലേക്ക് തര്‍ജമ ചെയ്ത് പരിശോധിച്ചു. ഇതോടെ ചില ന്യൂസ് പേജുകളില്‍ ഇതുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്തകള്‍ ലഭിച്ചു.


Sindh 360 എന്ന ഫെയ്സ്ബുക്ക് പേജില്‍ ഇതുമായി ബന്ധപ്പെട്ട് നല്‍കിയ വാര്‍ത്ത ലഭിച്ചു. 2019 മെയ് 31ന് പങ്കുവെച്ച പോസ്റ്റില്‍ നല്‍യിരിക്കുന്ന ഇതരഭാഷാ കുറിപ്പ് ഗൂഗ്ള്‍ ട്രാന്‍സലേറ്ററിന്‍റെ സഹായത്തോടെ പരിശോധിച്ചപ്പോള്‍ സജാവലിലെ ഒരു ആശുപത്രിയില്‍ വേണ്ടത്ര കിടക്കകള്‍ ഇല്ലാത്തതിനാല്‍ ആശുപത്രിയ്ക്ക് പുറത്ത് വെച്ച് കുഞ്ഞിന് ചികിത്സ നല്‍കുന്നു എന്നാണ് നല്‍കിയിരിക്കുന്നതെന്ന് മനസ്സിലാക്കാനായി.




ഇതോടെ പ്രചരിക്കുന്ന ചിത്രം പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ സജാവല്‍ മേഖലയിലെ ഒരു ആശുപത്രിയില്‍നിന്നുള്ളതാണെന്നും 2019-ലേതാണെന്നും വ്യക്തമായി.


Conclusion:

ആശുപത്രിയ്ക്ക് പുറത്തുവെച്ച് പിഞ്ചുകുഞ്ഞിന് ചികിത്സ നല്‍കുന്നതെന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന ചിത്രം പാക്കിസ്ഥാനില്‍നിന്നുള്ളതും നാല് വര്‍ഷത്തോളം പഴയതുമാണ്. ചിത്രത്തിന് ഇന്ത്യയുമായി ബന്ധമില്ലെന്നും പ്രചരിക്കുന്ന സന്ദേശങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.

Claim Review:Child is being given treatment outside hospital in India
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Next Story