പട്ടത്തിനൊപ്പം പറന്നുയര്‍ന്ന പെണ്‍കുട്ടി: പ്രചരിക്കുന്ന ദൃശ്യങ്ങള്‍ അഹമ്മദാബാദിലേതോ?
അഹമ്മദാബാദില്‍ മൂന്നുവയസ്സുള്ള കുട്ടി പട്ടം പറത്തുന്നതിനിടെ പട്ടത്തിനൊപ്പം പറന്നുപോകുന്ന ദൃശ്യം എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
By HABEEB RAHMAN YP Published on 19 Jan 2023 4:18 AM IST
പട്ടത്തിനൊപ്പം പറന്നുപൊങ്ങുന്ന കുട്ടിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. അഹമ്മദാബാദില്‍ മൂന്നുവയസ്സ് പ്രായമുള്ള കുട്ടി പട്ടം പറത്തുന്നതിനിടെ പട്ടത്തിനൊപ്പം പറന്നുപോകുന്ന ദൃശ്യം എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
മാധ്യമസ്ഥാപനമായ ചന്ദ്രികയുടെ വെരിഫൈഡ് പേജില്‍നിന്നുള്‍പ്പെടെ വിവിധ അക്കൗണ്ടുകളില്‍നിന്ന് 2023 ജനുവരി 18ന് പങ്കുവെച്ച വീഡിയോ ഇതിനകം നിരവധി പേരാണ് ഷെയര്‍ ചെയ്തിരിക്കുന്നത്.
Fact-check:
വസ്തുതാ പരിശോധനയുടെ ആദ്യഘട്ടത്തില്‍ വീഡിയോ സൂക്ഷ്മമായി നിരീക്ഷിച്ചു. 50 സെക്കന്‍റ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ പട്ടത്തിനൊപ്പം കുട്ടി പറന്നു പൊങ്ങുന്നതും പിന്നീട് സുരക്ഷിതമായി താഴെയിറക്കുന്നതും കാണാം.
വീഡിയോയില്‍ കാണുന്ന ആളുകളുടെ വസ്ത്രധാരണം ഇത് ഇന്ത്യയിലേതാണോ എന്ന സംശയത്തിനിടയാക്കി. വീഡിയോയിലെ ശബ്ദം ഇന്ത്യയന്‍ ഭാഷയാണെന്ന് സ്ഥിരീകരിക്കാനുമായില്ല.
തുടര്‍ന്ന് ലഭിച്ച സൂചനകളെ അടിസ്ഥാനമാക്കി കീവേഡുകള്‍ ഉപയോഗിച്ച് നടത്തിയ തെരച്ചിലില്‍ ഇതേ ദൃശ്യങ്ങള്‍ വിവിധ മാധ്യമ വെബ്സൈറ്റുകളില്‍ കണ്ടെത്താനായി. മിക്കതും 2020 ഓഗസ്റ്റ് 30-31 തിയ്യതികളിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
2020 ഓഗസ്റ്റ് 31 ന് CNN പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ ഇത് തായ്‌വാനില്‍ നടന്ന സംഭവമാണെന്ന് വ്യക്തമാക്കുന്നുണ്ട്. ഓഗസ്റ്റ് 30 ഞായറാഴ്ച തായ്‌വാനില്‍ നടന്ന പട്ടംപറത്തല്‍ ഉത്സവത്തിനിടെ ഭീമന്‍ പട്ടത്തിന്‍റെ വാലില്‍ കുടുങ്ങിയ മൂന്നുവയസ്സുകാരി പെണ്‍കുട്ടി പട്ടത്തിനൊപ്പം പറന്നുയര്‍ന്നുവെന്നും തുടര്‍ന്ന് പട്ടം താഴ്ത്തി കുട്ടിയെ രക്ഷപ്പെടുത്തിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. തായ്പേയിയുടെ ദക്ഷിണമേഖലയിലെ നഗരമായ സിന്‍ചുവിലാണ് അന്താരാഷ്ട്ര പട്ടം പറത്തല്‍ ഉത്സവം നടന്നതെന്നും CNN റിപ്പോര്‍ട്ട് ചെയ്യുന്നു.
ന്യൂയോര്‍ക്ക് ടൈംസും ഇതേ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി 2020 ഓഗസ്റ്റ് 31ന് വാര്‍ത്ത നല്‍കിയിട്ടുണ്ട്. പട്ടത്തിന്‍റെ വാലറ്റം കഴുത്തില്‍ കുരുങ്ങിയാണ് അപകടമുണ്ടായതെന്നും സംഭവത്തില്‍ മേയര്‍ ഖേദം പ്രകടിപ്പിച്ചതായും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ദി ഗാര്‍ഡിയന്‍ യൂട്യൂബ് പേജിലും ഇതേ വിവരങ്ങള്‍ അടിക്കുറിപ്പായി ചേര്‍ത്ത് വീഡിയോ പങ്കുവെച്ചിട്ടുണ്ട്. മറ്റ് വിവിധ മാധ്യമങ്ങളും ഇതേ വാര്‍ത്ത പ്രസിദ്ധീകരിച്ചതായി ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി. ഇതോടെ പ്രചരിക്കുന്ന വീഡിയോ 2020 ഓഗസ്റ്റില്‍ തായ്‌വാനില്‍നിന്നുള്ളതാണെന്നും അഹമ്മദാബാദുമായോ ഇന്ത്യയുമായോ യാതൊരു ബന്ധവുമില്ലെന്നും വ്യക്തമായി.
Conclusion:
അഹമ്മദാബാദില്‍ പട്ടത്തിനൊപ്പം പറന്നുയരുന്ന കുട്ടിയുടെ ദൃശ്യങ്ങള്‍ എന്ന അടിക്കുറിപ്പോടെ പ്രചരിക്കുന്ന വീഡിയോ രണ്ടരവര്‍ഷം പഴക്കമുള്ളതാണ്. 2020 ഓഗസ്റ്റ് 30ന് തായ്‌വാനില്‍ നടന്ന അന്താരാഷ്ട്ര പട്ടംപറത്തല്‍ ഉത്സവത്തിനിടെ നടന്ന അപകടത്തിന്‍റെ ദൃശ്യങ്ങളാണിത്. വീഡിയോയ്ക്ക് ഇന്ത്യയുമായി യാതൊരു ബന്ധവുമില്ലെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ സ്ഥിരീകരിച്ചു.