പുതുതായി ടാറിങ് പൂര്‍ത്തിയാക്കിയ റോഡില്‍ കുട്ടികള്‍ കളിക്കുന്ന ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ഉത്തര്‍പ്രദേശിലേതാണെന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന ചിത്രത്തിലെ ശ്രദ്ധേയമായ കാര്യം റോഡരികില്‍ ചെരുപ്പ് മാറ്റിവെച്ചാണ് കുട്ടികള്‍ കളിക്കുന്നതെന്നാണ്. റോഡില്‍ മണ്ണാവാതിരിക്കാന്‍ പാദരക്ഷകള്‍ അഴിച്ചുമാറ്റി കളിക്കുന്ന ഉത്തര്‍പ്രദേശിലെ കുട്ടികള്‍ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുന്നത്.
Fact-check:
പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഈ റോഡ് ഉത്തര്‍പ്രദേശിലേതല്ലെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ കണ്ടെത്തി.
ചിത്രം റിവേഴ്സ് ഇമേജ് സെര്‍ച്ച് ഉപയോഗിച്ച് പരിശോധിച്ചതോടെ ചില പഴയ മാധ്യമറിപ്പോര്‍ട്ടുകളില്‍ ഈ ചിത്രം ഉള്‍പ്പെട്ടതായി കണ്ടെത്തി. 2018 ല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകളില്‍ പലതും ഇന്തോനേഷ്യന്‍ ഭാഷയിലാണ്.
2018 ഓഗസ്റ്റ് 27ന് പ്രസിദ്ധീകരിച്ച ഈ റിപ്പോര്‍ട്ട് ഗൂഗ്ള്‍ ട്രാന്‍സലേറ്റിന്റെ സഹായത്തോടെ തര്‍ജമ ചെയ്തപ്പോള്‍ ഇത് ഇന്തോനേഷ്യയിലെ ലംപങ് പ്രവിശ്യയില്‍നിന്നുള്ള വാര്‍ത്തയാണെന്ന സൂചന ലഭിച്ചു. ഒരു ട്വീറ്റിനെ ആധാരമാക്കിയാണ് വാര്‍ത്ത നല്‍കിയിരിക്കുന്നത്. പുതുതായി ടാര്‍ ചെയ്ത വേറ്റ്സ് മേഖലയില്‍ കുട്ടികള്‍ ചെരുപ്പിടാതെ കളിക്കുന്ന ഏതാനും ചിത്രങ്ങളെന്ന വിവരണത്തോടെ കുട്ടികളുടെ നിഷ്കളങ്കതയെക്കുറിച്ചാണ് റിപ്പോര്‍ട്ട്. വാര്‍ത്തയില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ പ്രകാരം എക്സില്‍ ഈ റിപ്പോര്‍ട്ടിനാധാരമായ ട്വീറ്റ് കണ്ടെത്തി.
2018 ഓഗസ്റ്റ് 27ന് തന്നെയാണ് ട്വീറ്റും പങ്കുവെച്ചിരിക്കുന്നത്. വേറ്റ്സ് വാലി സോങ്കോ ജില്ലയില്‍നിന്നുള്ള ദൃശ്യമാണിതെന്ന് ചിത്രത്തിനൊപ്പം നല്കിയതായി കാണാം.
ഈ സൂചനകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ മറ്റ് ചില ഇന്തോനേഷ്യന്‍ മാധ്യമങ്ങളിലും ഈ വാര്‍ത്ത നല്‍കിയതായി കണ്ടെത്തി.
കൂടാതെ ഒരു റഷ്യന്‍ മാധ്യമവും ഈ വാര്‍ത്ത നല്‍കിയിട്ടുണ്ട്. സംഭവം ഇന്തോനേഷ്യയില്‍നിന്നുള്ളതാണെന്ന് ഈ റിപ്പോര്‍ട്ടിലും സ്ഥിരീകരിക്കുന്നു.
പുതുതായി ടാര്‍ ചെയ്ത റോഡില്‍ ചെളി പുരളാതിരിക്കാന്‍ ചെരുപ്പ് മാറ്റിവെച്ച് കളിക്കുന്ന കുട്ടികളുടെ ചിത്രമെന്ന അടിക്കുറിപ്പോടെ പ്രചരിക്കുന്ന ചിത്രം ഉത്തര്‍പ്രദേശില്‍നിന്നോ ഇന്ത്യയില്‍നിന്നു പോലുമോ ഉള്ളതല്ല. ചിത്രം ഇന്തോനേഷ്യയിലെ ലംപങ് പ്രവിശ്യയില്‍നിന്നുള്ളതാണെന്നും സംഭവം 2018-ലേതാണെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.