താല്‍ക്കാലിക ക്രിസ്ത്യന്‍ ആരാധാലയം തകര്‍ക്കുന്ന ദൃശ്യങ്ങള്‍ മണിപ്പൂരിലേതോ?

മണിപ്പൂരില്‍ ഷീറ്റ് കെട്ടി മറച്ച താല്‍ക്കാലിക ക്രിസ്ത്യന്‍ ആരാധനാലയം കലാപകാരികള്‍ പൊളിച്ചുമാറ്റുന്നതെന്ന അവകാശവാദത്തോടെയാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

By -  HABEEB RAHMAN YP |  Published on  25 July 2023 6:11 PM GMT
താല്‍ക്കാലിക ക്രിസ്ത്യന്‍ ആരാധാലയം തകര്‍ക്കുന്ന ദൃശ്യങ്ങള്‍ മണിപ്പൂരിലേതോ?

മണിപ്പൂരിലെ സംഘര്‍ഷങ്ങളുടെ തീവ്രത വ്യക്തമാക്കുന്ന നിരവധി ദൃശ്യങ്ങളും വാര്‍ത്തകളുമാണ് ഓരോ ദിവസവും പുറത്തുവരുന്നത്. എന്നാല്‍ ഇതില്‍ പലതും മണിപ്പൂരുമായി യാതൊരു ബന്ധവുമില്ലാത്തതാണ്. അതുകൊണ്ടുതന്നെ മണിപ്പൂരിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഉള്ളടക്കങ്ങള്‍ എല്ലാംതന്നെ സ്ഥിരീകരിക്കേണ്ട സാഹചര്യമാണ്.

മണിപ്പൂരില്‍ പ്രാര്‍ഥനയ്ക്കായി താല്‍ക്കാലികമായി സജ്ജീകരിച്ച ക്രിസ്ത്യന്‍ പ്രാര്‍ഥനാകേന്ദ്രം കലാപകാരികള്‍ തകര്‍ക്കുന്ന ദൃശ്യങ്ങളെന്ന അവകാശവാദത്തോടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിലുണ്ട്. സുനീർ ഖാൻ റശീദി എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടില്‍നിന്ന് പങ്കുവെച്ച വീഡിയോയില്‍ ഷീറ്റുപയോഗിച്ച് മറച്ച ആരാധനാകേന്ദ്രം പൊളിച്ചുമാറ്റുന്നതായി കാണാം.


സമാന അടിക്കുറിപ്പോടെ നിരവധി പേര്‍ ഈ വീഡിയോ പങ്കുവെച്ചതായി കാണാം.


Fact-check:

വസ്തുതാ പരിശോധനയുടെ ആദ്യഘട്ടത്തില്‍ റിവേഴ്സ് ഇമേജ് സെര്‍ച്ച് ഉപയോഗിച്ചെങ്കിലും ദൃശ്യങ്ങള്‍ക്ക് വ്യക്തതക്കുറവുള്ളതിനാല്‍ ഫലം ലഭിച്ചില്ല. തുടര്‍ന്ന് Christian, Prayer, Destroy എന്നീ ലളിതമായ കീവേഡുകള്‍ ഉപയോഗിച്ച് ഗൂഗ്ളില്‍ പരിശോധിച്ചു. ഇതോടെ 2022 ഒക്ടോബര്‍ 7ന് Mirror Now പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് ലഭിച്ചു.


ത്രിപുരയില്‍ ആദിവാസികള്‍ ക്രിസ്ത്യന്‍ പ്രാര്‍ഥനാലയം പൊളിച്ചുനീക്കിയെന്ന തലക്കെട്ടോടെയാണ് വാര്‍ത്ത. പ്രദേശത്തെ ആദിവാസികള്‍ ഹൈന്ദവപൂജകള്‍ക്കായി ഉപയോഗിച്ചിരുന്ന സ്ഥലത്ത് താല്‍ക്കാലികമായി സ്ഥാപിച്ച ക്രൈസ്തവ ആരാധനാലയം ആദിവാസികളുടെ നേതൃത്വത്തില്‍ പൊളിച്ചുനീക്കിയെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പൊലീസ് സാന്നിധ്യത്തില്‍ ഇരുവിഭാഗവും തമ്മില്‍ ധാരണയിലെത്തിയ ശേഷമായിരുന്നു നടപടിയെന്ന് ആദിവാസികള്‍ അറിയിച്ചതായും റിപ്പോര്‍ട്ടില്‍ കാണാം.

പ്രചരിക്കുന്ന ദൃശ്യങ്ങള്‍ ഈ സംഭവത്തിന്‍റേതാണോ എന്ന് സ്ഥിരീകരിക്കുന്നതിനായി വാര്‍ത്തയില്‍നിന്ന് ലഭിച്ച സൂചനകള്‍ ഉപയോഗിച്ച് യൂട്യൂബില്‍ പരിശോധിച്ചു. Hornbill TV എന്ന വെരിഫൈഡ് യൂട്യൂബ് ചാനലില്‍ 2022 ഒക്ടോബര്‍ 3ന് പങ്കുവെച്ച വീഡിയോ വാര്‍ത്ത ലഭിച്ചു.


ത്രിപുരയിലെ ഗോമതി ജില്ലയിലെ ഗ്രാമത്തില്‍ പൂജകള്‍ക്കായി ഉപയോഗിക്കുന്ന സ്ഥലത്ത് താല്‍ക്കാലികമായി സ്ഥാപിച്ച ക്രിസ്ത്യന്‍ ആരാധനാലയം പൊളിച്ചുനീക്കിയെന്നാണ് വാര്‍ത്ത.

Odia Bible Guide, East Mojo, തുടങ്ങിയ യൂട്യൂബ് ചാനലുകളിലും Indian Express, India Times തുടങ്ങിയ പോര്‍ട്ടലുകളിലും 2022 ഒക്ടോബറില്‍ ഇതേ വാര്‍ത്ത നല്‍കിയതായും കണ്ടെത്തി.

ഇതോടെ പ്രചരിക്കുന്ന വീഡിയോ ത്രിപുരയിലേതാണെന്നും 2022 ലെ സംഭവത്തിന്‍റേതാണെന്നും സ്ഥീരീകരിക്കാനായി.


Conclusion:

മണിപ്പൂര്‍ സംഘര്‍ഷങ്ങളുടെ ഭാഗമായി താല്‍ക്കാലിക ക്രിസ്ത്യന്‍ ആരാധനാലയം പൊളിച്ചുനീക്കുന്ന ദൃശ്യങ്ങളെന്ന അടിക്കുറിപ്പോടെ പ്രചരിക്കുന്ന വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ കണ്ടെത്തി. വീഡിയോ 2022 ഒക്ടോബറില്‍ ത്രിപുരയിലുണ്ടായ സംഭവത്തിന്‍റേതാണെന്നും മണിപ്പൂര്‍ സംഘര്‍ഷവുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നും വ്യക്തമായി.

Claim Review:Christian prayer hall dismantled in Manipur
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Next Story