അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്ക്ക് ഏതാനും ദിവസങ്ങള്‍ മാത്രം ശേഷിക്കെ റിസര്‍വ് ബാങ്ക് പുതിയ ബാങ്ക് നോട്ട് പുറത്തിറക്കിയതായി സമൂഹമാധ്യമങ്ങളില്‍ പ്രചരണം. ശ്രീരാമന്റെയും അയോധ്യ ക്ഷേത്രത്തിന്റെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ 500 രൂപ നോട്ടിന്റെ ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
Fact-check:
കറന്‍സിയുടെ ചിത്രം എഡിറ്റ് ചെയ്ത് നിര്‍മിച്ചതാണെന്ന സൂചനകള്‍ പ്രഥമദൃഷ്ട്യാ കണ്ടെത്തി. നോട്ടില്‍ അടയാളപ്പെടുത്തിയിരിക്കുന്ന 2016 എന്ന വര്‍ഷവും ശ്രീരാമന്റെയും അയോധ്യ ക്ഷേത്രത്തിന്റെയും ചിത്രങ്ങള്‍ക്ക് താഴെ കന്നടയില്‍ നല്‍കിയ എഴുത്തും ഇതിന്റെ ആദ്യ സൂചനകളായി.
തുടര്‍ന്ന് ചിത്രത്തിന്റെ ഉറവിടം കണ്ടെത്താന്‍ ശ്രമം നടത്തി. നോട്ടിന്റെ പിന്നിലെ ചിത്രത്തിന്റെ കൂടെ x @ raghunmurthy07 എന്ന വാട്ടര്‍മാര്‍ക്ക് കാണാം. ഇത് എക്സ് ഐഡി ആണെന്ന നിഗമനത്തില്‍ എക്സില്‍ പരിശോധിച്ചതോടെ WhatNext എന്ന എക്സ് പ്രൊഫൈല്‍ ലഭിച്ചു. ഇതില്‍നിന്ന് 2023 ജനുവരി 14 ന് ഈ ചിത്രം പങ്കുവെച്ചതായി കണ്ടെത്തി.
‘രാമഭക്തനായ ഗാന്ധി ഇതും ആഗ്രഹിച്ചിരുന്നു, ജയ്ശ്രീറാം’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. പിന്നീട് മറ്റ് പല പേജുകളില്‍നിന്നും ഇതേ ചിത്രം ഈ അക്കൗണ്ട് വഴി റീട്വീറ്റ് ചെയ്തതായും കാണാം.’ രാമക്ഷേത്രത്തിന്റെ സന്തോഷത്തിന്റെ ഓര്‍മയ്ക്കായി ഇത്തരമൊരു നോട്ട് പ്രിന്റ് ചെയ്യാം’ എന്ന വിവരണത്തോടെ പ്രധാനമന്ത്രിയെയും ആഭ്യന്തമന്ത്രിയെയും ടാഗ് ചെയ്ത് പങ്കുവെച്ച പോസ്റ്റും കണ്ടെത്തി. ഇതില്‍ ചിത്രത്തിന് കടപ്പാട് എന്ന രീതിയില്‍ raghunmurthy07എന്ന പ്രൊഫൈല്‍ ചേര്‍ത്തതായി കാണാം. ഇതോടെ ചിത്രം കൃത്രിമമായി നിര്‍മിച്ചതാണെന്ന് വ്യക്തമായി.
തുടര്‍ന്ന് ഇന്റര്‍നെറ്റില്‍ നടത്തിയ പരിശോധനയില്‍ എഡിറ്റ് ചെയ്യാനുപയോഗിച്ച കറന്‍സിയുടെ യഥാര്‍ത്ഥ ചിത്രവും കണ്ടെത്തി. പഴയ ബാങ്ക് നോട്ടുകളും നാണയങ്ങളും വില്‍ക്കുന്നതെന്ന അവകാശവാദത്തോടെയുള്ള ഒരു വെബ്സൈറ്റില്‍ ഇതേ സീരീസ് നമ്പറില്‍ യഥാര്‍ത്ഥ ചിത്രം കാണാം.
നിലവില്‍ ഇന്ത്യയില്‍ പ്രചാരത്തിലുള്ള ബാങ്ക് നോട്ടുകളുടെ വിവരങ്ങള്‍ RBI വെബ്സൈറ്റിലും ലഭ്യമാണ്. നോട്ടുകളുടെ സുരക്ഷാ സവിശേഷതകളും വെബ്സൈറ്റില്‍ നല്‍കിയിട്ടുണ്ട്. അതേസമയം 2000 നോട്ട് വിപണിയില്‍നിന്ന് പിന്‍വലിച്ചെങ്കിലും വെബ്സൈറ്റില്‍ നിലനിര്‍ത്തിയതായും കാണാം.
ഇതോടെ പ്രചരിക്കുന്ന ചിത്രം എഡിറ്റ് ചെയ്ത് നിര്‍മിച്ചതാണെന്ന് വ്യക്തമായി.
Conclusion:
അയോധ്യ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയുടെ പശ്ചാത്തലത്തില്‍ ശ്രീരാമന്റെയും അയോധ്യ ക്ഷേത്രത്തിന്റെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി RBI 500 രൂപയുടെ ബാങ്ക് നോട്ട് പുറത്തിറക്കിയെന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന ചിത്രം എഡിറ്റ് ചെയ്തതാണെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.