പഹല്‍ഗാം ഭീകരാക്രമണത്തിനും പാക്കിസ്ഥാന്റെ ഭീകരാവാദ പ്രവര്‍ത്തനങ്ങള്‍ക്കും ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കിയതിന് പിന്നാലെ പാക്കിസ്ഥാന്‍ പാര്‍ലമെന്റില്‍ അംഗങ്ങള്‍ തമ്മില്‍ കൂട്ടത്തല്ല് നടന്നുവെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. രണ്ട് വനിതാ അംഗങ്ങള്‍ പരസ്പരം ആക്രമിക്കുന്നതും മറ്റംഗങ്ങള്‍ ഇതില്‍ ഇടപെടുന്നതും പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ കാണാം.
Fact-check:
പ്രചാരണം വസ്തുത വിരുദ്ധമാണെന്നും പ്രചരിക്കുന്ന ദൃശ്യങ്ങള്‍ പാക്കിസ്ഥാന്‍ പാര്‍ലമെന്റിലേതല്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി.
പ്രചരിക്കുന്ന വീഡിയോയിലെ വിവിധ കീഫ്രെയിമുകളുപയോഗിച്ച് നടത്തിയ റിവേഴ്സ് ഇമേജ് പരിശോധനയില്‍ ഒരു യൂട്യൂബ് വീഡിയോ ലഭ്യമായി. ഈ ദൃശ്യങ്ങള്‍ 2013 ഓഗസ്റ്റ് 26നാണ് ഈ ചാനലില്‍ പങ്കുവെച്ചിരിക്കുന്നത്. എന്നാല്‍ വ്യക്തമായ അടിക്കുറിപ്പോ വിവരണമോ നല്‍കിട്ടില്ല. എങ്കിലും ദൃശ്യങ്ങള്‍ക്ക് 11 വര്‍ഷത്തിലേറെ പഴക്കമുണ്ടെന്ന് ഇതോടെ വ്യക്തമായി.
വെരിഫൈഡ് ചാനല്‍ അല്ലാത്തതിനാലും വ്യക്തമായ വിവരണമില്ലാത്തതിനാലും വീഡിയോയുടെ ആധികാരികതയും പശ്ചാത്തലവും പരിശോധിക്കാന്‍ ശ്രമിച്ചു. യൂട്യൂബ് വീഡിയോയില്‍ TOLO News എന്ന ലോഗോ കാണാം. ഈ സൂചന ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ഇത് ഒരു അഫ്ഗാനിസ്ഥാന്‍ ആസ്ഥാനമായ വാര്‍ത്താ ചാനലാണെന്ന് കണ്ടെത്തി. അഫ്ഗാനിസ്ഥാന്‍ ഉള്‍പ്പെടെ കീവേഡുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ NDTV അന്താരാഷ്ട്ര വാര്‍ത്തയായി 2011 ല്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് കണ്ടെത്തി. 2011 ജൂലൈ ആറിന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ അഫ്ഗാന്‍ പാര്‍ലമെന്റില്‍ എംപിമാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെക്കുറിച്ചാണ് വാര്‍ത്ത. പ്രചരിക്കുന്ന ദൃശ്യങ്ങളിലെ അതേ ചിത്രങ്ങള്‍ ഈ വാര്‍ത്തയ്ക്കൊപ്പവും നല്‍കിയിട്ടുണ്ട്.
കീവേഡുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ബിബിസി ഉള്‍പ്പെടെ വിവിധ അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഇത് സംബന്ധിച്ച് വാര്‍ത്ത നല്‍കിയതായി കണ്ടെത്തി. 2011 ജൂലൈ ആറിന് തന്നെയാണ് ബിബിസിയും വാര്‍ത്ത നല്‍കിയിരിക്കുന്നത്.
പാര്‍ലമെന്റ് അംഗങ്ങളായ നാസിഫ സാക്കി, ഹാമിദ അഹമദ്സായി എന്നിവര്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രാദേശിക മാധ്യമങ്ങളും ഇത് വാര്‍ത്തയാക്കിയെന്നും റിപ്പോര്‍ട്ടിലുണ്ട്.
ഇതോടെ പ്രചാരണം വാസ്തവവിരുദ്ധമാണെന്ന് വ്യക്തമായി.
Conclusion:
പാക്കിസ്ഥാന്‍ പാര്‍ലമെന്റില്‍ അംഗങ്ങള്‍ തമ്മിലുണ്ടായ കൂട്ടത്തല്ലിന്റെ ദൃശ്യങ്ങളെന്ന തരത്തില്‍ പ്രചരിക്കുന്നത് അഫ്ഗാന്‍ പാര്‍മെന്റില്‍നിന്നുള്ള 14 വര്‍ഷത്തോളം പഴയ ദൃശ്യങ്ങളാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇതിന് നിലവിലെ സാഹചര്യവുമായോ പാക്കിസ്ഥാനുമായോ യാതൊരു ബന്ധവുമില്ലെന്നും സ്ഥിരീകരിച്ചു.