അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ പൊതുദര്‍ശനവേളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അദ്ദേഹത്തിന് അന്ത്യാഭിവാദ്യമര്‍പ്പിക്കാതെ കടന്നുപോയതായി സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. പൊതുദര്‍ശനത്തിനിടെ പിണറായി വിജയന്‍ അരികിലൂടെ കടന്നുപോകുന്ന ഒരു വീഡിയോയാണ് പ്രചരിക്കുന്നത്.
Fact-check:
പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പൊതുദര്‍ശനം നടന്ന രണ്ടിടങ്ങളില്‍ വി എസിന് അന്ത്യാഞ്ജലി അര്‍പ്പിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തി.
മുഖ്യമന്ത്രി പിണറായി വിജയന്‍ വിഎസ് അച്യുതാനന്ദന് അന്ത്യാഞ്ജലി അര്‍പ്പിച്ചതുമായി ബന്ധപ്പെട്ട് നടത്തിയ കീവേഡ് പരിശോധനയില്‍ നിരവധി മാധ്യമറിപ്പോര്‍ട്ടുകള്‍ ലഭിച്ചു. ദേശീയമാധ്യമങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്‍ഡിടിവി യൂട്യൂബില്‍ നല്‍കിയ വീഡിയോ റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രിയുള്‍പ്പെടെ സിപിഎം നേതാക്കള്‍ ആദരാഞ്ജലി അര്‍പ്പിക്കുന്ന ദൃശ്യങ്ങള്‍ കാണാം.
ഇതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ വി എസിന് ആദരമര്‍പ്പിച്ചില്ല എന്ന തരത്തിലുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമായി. അതേസമയം പ്രചരിക്കുന്ന ദൃശ്യങ്ങള്‍ ഈ പൊതുദര്‍ശന വേദിയില്‍നിന്നുള്ളതല്ലെന്നും അത് തിരുവനന്തപുരം എകെജി സെന്ററിലേതാണെന്നും കണ്ടെത്തി. ഈ സൂചന ഉപയോഗിച്ച് പ്രചരിക്കുന്ന വീഡിയോയുടെ വിശദാംശങ്ങള്‍ പരിശോധിച്ചു. 24 ന്യൂസ് പങ്കുവെച്ച എകെജി സെന്ററിലെ പൊതുദര്‍ശനവുമായി ബന്ധപ്പെട്ട ദൃശ്യങ്ങളില്‍ ഇതേ പശ്ചാത്തലം കാണാം.
ദൈര്‍ഘ്യമേറിയ വീഡിയോയില്‍ എംഎ ബേബിയ്ക്കും എംവി ഗോവിന്ദനുമൊപ്പം വി എസിന്റെ ഭൗതികദേഹത്തില്‍ ചെങ്കൊടി പുതപ്പിക്കുന്ന സമയം മുതല്‍ മുഖ്യമന്ത്രി പിണറായി വിജയനെ സമീപം കാണാം.തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പ്രചരിക്കുന്ന വീഡിയോയുടെ ഭാഗവും കണ്ടെത്തി. ഇതിന് ശേഷമാണ് പൊതു ദര്‍ശനം ആരംഭിക്കുന്നത്. പൊതു ദര്‍ശനം ആരംഭിച്ചശേഷം പശ്ചാത്തലത്തിലൂടെ കടന്നുപോകുന്ന മുഖ്യമന്ത്രിയുടെ ദൃശ്യമാണ് ഇതില്‍ കാണുന്നത്. ഇതാണ് തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ പ്രചരിക്കുന്നതെന്ന് വ്യക്തമായി.
ഇതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ വി എസ് അച്യുതാനന്ദന് ആദരാഞ്ജലി അര്‍പ്പിച്ചില്ലെന്ന തരത്തില്‍ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമായി.
Conclusion:
മുഖ്യമന്ത്രി പിണറായി വിജയന്‍ വി എസ് അച്യുതാനന്ദന് ആദരാഞ്ജലി അര്‍പ്പിക്കാതെ കടന്നുപോകുന്ന ദൃശ്യങ്ങളെന്ന തരത്തില്‍ പ്രചരിക്കുന്ന വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണ്. എകെജി സെന്ററിലെ പൊതുദര്‍ശനത്തിനിടെയുള്ള ദൃശ്യങ്ങളാണിത്. പൊതുദര്‍ശനത്തിന്റെ തുടക്കത്തില്‍ ചെങ്കൊടി പുതപ്പിക്കുന്ന സമയം മുതല്‍ മുഖ്യമന്ത്രി കൂടെയുണ്ടായിരുന്നുവെന്ന് വാര്‍ത്താ റിപ്പോര്‍ട്ടുകളില്‍നിന്ന് വ്യക്തമാണ്.