പാക്കിസ്ഥാനെതിരെ ഇന്ത്യന്‍ സൈന്യം നടത്തിയ തിരിച്ചടി - ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമങ്ങളോട് പങ്കുവെച്ച കേണല്‍ സോഫിയ ഖുറൈശി ഇതിനകം സമൂഹമാധ്യമങ്ങളില്‍ കൈയ്യടി നേടിയിരുന്നു. ഇന്ത്യന്‍ സേനയുടെ പെണ്‍കരുത്ത് പ്രകടമാക്കുന്ന നീക്കമായാണ് ഇതിനെ വിലയിരുത്തപ്പെട്ടത്. ഇതിന് പിന്നാലെയാണ് കേണല്‍ സോഫിയ ഖുറൈശി യുദ്ധവിമാനം പറത്തുന്ന ദൃശ്യങ്ങളെന്ന വിവരണത്തോടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. വനിതാ പൈലറ്റ് യുദ്ധവിമാനത്തില്‍ കയറുന്നതിന്റെയും മറ്റ് രണ്ട് ഉദ്യോഗസ്ഥര്‍ അവരെ അഭിവാദ്യം ചെയ്യുന്നതിന്റെയും ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.
Fact-check:
പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ദൃശ്യങ്ങള്‍ ഇന്ത്യയിലേതല്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി.
പ്രചരിക്കുന്ന ദൃശ്യങ്ങളിലെ ചില കീഫ്രെയിമുകള്‍ ഉപയോഗിച്ച് നടത്തിയ റിവേഴ്സ് ഇമേജ് പരിശോധനയില്‍ 2022 ല്‍ യൂട്യൂബില്‍ പങ്കുവെച്ച ഒരു വീഡിയോ ലഭിച്ചു.
അമേരിക്കന്‍ വ്യോമസേനയുടെ ആദ്യ വനിതാ ഡെമോ പൈലറ്റായ ക്രിസ്റ്റിന്‍ ബിയോ വോള്‍ഫിന്റെ ദൃശ്യങ്ങളെന്ന വിവരണത്തോടെ പങ്കുവെച്ച ദൈര്‍ഘ്യമേറിയ വീഡിയോയില്‍ പ്രചരിക്കുന്ന ദൃശ്യങ്ങളിലെ അതേ ഭാഗങ്ങള്‍ മറ്റൊരു ആംഗിളില്‍നിന്ന് ചിത്രീകരിച്ചതായി കാണാം.
ഇതോടെ ദൃശ്യങ്ങള്‍ ഇന്ത്യയിലേതല്ലെന്ന് വ്യക്തമായി. തുടര്‍ന്ന് ഈ സൂചനകള്‍ ഉപയോഗിച്ച് നടത്തിയ വിശദമായ പരിശോധനയില്‍ പ്രചരിക്കുന്ന അതേ വീഡിയോ മറ്റൊരു യൂട്യൂബ് ചാനലില്‍ 2021 സെപ്തംബര്‍ 20ന് പങ്കുവെച്ചതായി കണ്ടെത്തി. 2021 സെപ്തംബര്‍ 17ന് നടന്ന F-35A വിമാനത്തിന്റെ പ്രദര്‍ശനപ്പറക്കലിന്റെ ദൃശ്യങ്ങളെന്ന തരത്തിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പൈലറ്റ് ക്രിസ്റ്റിന്‍ ബിയോ വോള്‍ഫ് ആണെന്ന് ഈ വീഡിയോയ്ക്കൊപ്പം നല്‍കിയ കുറിപ്പിലും വ്യക്തമാക്കുന്നു.
ഇതോടെ പ്രചരിക്കുന്ന ദൃശ്യങ്ങളിലേത് കേണല്‍ സോഫിയ ഖുറൈശിയല്ലെന്ന് ഉറപ്പിക്കാനായി. ദൃശ്യങ്ങളിലുള്ള ക്രിസ്റ്റിന്‍ ബിയോ വോള്‍ഫിന്റെയും ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് വാര്‍ത്താസമ്മേളനം നടത്തുന്ന കേണല്‍ സോഫിയ ഖുറൈശിയുടെയും ചിത്രങ്ങളുടെ താരതമ്യത്തിലൂടെ ഇക്കാര്യം സ്ഥിരീകരിക്കാം.
ഇതോടെ പ്രചാരണം വസ്തുതാവിരുദ്ധമാണെന്ന് വ്യക്തമായി.
Conclusion:
ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായ ഇന്ത്യന്‍ സൈനിക കേണല്‍ സോഫിയ ഖുറൈശി യുദ്ധവിമാനം പറത്തുന്ന ദൃശ്യമെന്ന വിവരണത്തോടെ പ്രചരിക്കുന്നത് അമേരിക്കയില്‍ 2021ല്‍ നടന്ന യുദ്ധവിമാന പ്രദര്‍ശനപ്പറക്കലിന്റെ വീഡിയോയാണ്. ഇതിലുള്ളത് അമേരിക്കന്‍ വ്യോമസേനയിലെ ക്രിസ്റ്റിന്‍ ബിയോ വോള്‍ഫ് ആണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.