ലളിതമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്ന കമ്യൂണിസ്റ്റ് ആശയങ്ങളില്‍നിന്ന് വിപരീതമായി ആഢംബര ശൈലിയില്‍ ജീവിക്കുന്ന കമ്യൂണിസ്റ്റ് മന്ത്രിയെന്ന പരിഹാസത്തോടെ മന്ത്രി സജി ചെറിയാന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. മന്ത്രി മറ്റുചിലര്‍ക്കൊപ്പം വിഭവസമൃദ്ധമായ ഭക്ഷണം കഴിക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്. ആശ പ്രവര്‍ത്തകരുടെ സമരം നടക്കുന്ന പശ്ചാത്തലത്തിലാണ് ലളിതമായ ജീവിതശൈലി സംബന്ധിച്ച വിവരണത്തോടെ ചിത്രം പ്രചരിക്കുന്നത്.
Fact-check:
പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഒരു റസ്റ്ററന്റിന്റെ ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ടതാണ് ചിത്രമെന്നും അന്വേഷണത്തില്‍ വ്യക്തമായി.
പ്രചരിക്കുന്ന ചിത്രം റിവേഴ്സ് ഇമേജ് സെര്‍ച്ച് ഉപയോഗിച്ച് പരിശോധിച്ചതോടെ മന്ത്രി സജി ചെറിയാന്റെ ഫെയ്സ്ബുക്ക് പേജില്‍ 2024 ജനുവരി 10ന് ഈ ചിത്രമടക്കം ഏതാനും ചിത്രങ്ങള്‍ പങ്കുവെച്ചതായി കണ്ടെത്തി. മത്സ്യഫെഡിന്റെ സീഫുഡ് റെസ്റ്റോറന്റ് 'കേരള സീഫുഡ് കഫേ'യുടെ ഉദ്ഘാടനം വിഴിഞ്ഞത്ത് നിർവഹിച്ചുവെന്ന വിവരണത്തോടെയാണ് മന്ത്രി ഈ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പ്രസ്തുത ചടങ്ങിന്റെ വീഡിയോയും മന്ത്രി ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ചതായി കണ്ടെത്തി. ഇതോടെ കടല്‍വിഭവങ്ങള്‍ മാത്രം നല്‍കുന്ന മത്സ്യഫെഡിന്റെ റസ്റ്ററന്റ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പ്രസ്തുത റസ്റ്ററന്റില്‍നിന്ന് മന്ത്രിയുള്‍പ്പെടെ ഉദ്യോഗസ്ഥര്‍ ഭക്ഷണം കഴിക്കുന്ന ചിത്രമാണ് മന്ത്രിയുടെ ആഢംബര ഭക്ഷണശൈലിയെന്ന തരത്തില്‍ പ്രചരിപ്പിക്കുന്നതെന്ന് വ്യക്തമായി.
റസ്റ്ററന്റ് ഉദ്ഘാടന ചടങ്ങിന്റെ വിവിധ ദൃശ്യങ്ങളും ഈ വീഡിയോയില്‍ കാണാം. മന്ത്രിയുടെ പ്രസംഗവും ചില വിനോദസഞ്ചാരികള്‍ക്കൊപ്പം മന്ത്രി ഭക്ഷ്യവിഭവങ്ങള്‍ രുചിച്ചുനോക്കുന്നതിന്റെയുമെല്ലാം ദൃശ്യങ്ങള്‍ ഇതിലുണ്ട്.
ഫിഷറീസ് വകുപ്പ് മന്ത്രിയുടെ വെബ്സൈറ്റിലും ഈ ചിത്രമുള്‍പ്പെടെ പരിപാടിയുടെ ഏതാനും ചിത്രങ്ങള്‍ കാണാം.
മനോരമ ഓണ്‍ലൈന്‍, ദി ഹിന്ദു ഉള്‍പ്പെടെ മാധ്യമങ്ങളും പ്രസ്തുത വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതായി കാണാം. തിരുവനന്തപുരത്ത് വിഴിഞ്ഞം ആഴാകുളത്താണ് മത്സ്യഫെഡിന്റെ ‘കേരള സീഫുഡ് കഫേ’ 2024 ജനുവരിയില്‍ പ്രവര്‍ത്തനമാരംഭിച്ചത്.
ഇതോടെ സ്വന്തം വകുപ്പിന് കീഴിലെ റസ്റ്ററന്റ് ഉദ്ഘാടനച്ചടങ്ങില്‍ ഭക്ഷണം കഴിക്കുന്ന ചിത്രമാണ് മന്ത്രിയുടെ ഭക്ഷണശൈലിയെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതെന്ന് വ്യക്തമായി.
Conclusion:
മന്ത്രി സജി ചെറിയാന്റെ ആഢംബര ഭക്ഷണശീലമെന്ന വിവരണത്തോടെ പ്രചരിക്കുന്ന ചിത്രം 2024 ജനുവരിയില്‍ ഒരു റസ്റ്ററന്റ് ഉദ്ഘാടനച്ചടങ്ങിലേതാണ്. മത്സ്യഫെഡിന്റെ കീഴില്‍ തിരുവനന്തപുരം വിഴിഞ്ഞത്താരംഭിച്ച കടല്‍വിഭവങ്ങള്‍ ലഭിക്കുന്ന റസ്റ്ററന്റിന്റെ ഉദ്ഘാടനത്തിനിടെ മന്ത്രി ഭക്ഷണം കഴിക്കുന്ന ചിത്രമാണ് തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ പങ്കുവെയ്ക്കുന്നത്.