കശ്മീരി മുസ്ലിം വിദ്യാര്‍ഥികള്‍ക്കായി കോണ്‍ഗ്രസ് നിര്‍മിച്ച സൗജന്യ ഹോസ്റ്റല്‍: വസ്തുതയറിയാം
2012 ല്‍ കോണ്‍ഗ്രസ് ജമ്മുകശ്മീരില്‍നിന്നുള്ള മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് സൗജന്യ താമസം നല്‍കാനായി നിര്‍മിച്ച ഹോസ്റ്റലാണെന്നും മറ്റ് മതവിഭാഗക്കാര്‍ക്ക് ഇവിടെ പ്രവേശനമില്ലെന്നും അവകാശവാദത്തോടെ ഒരു ബഹുനില കെട്ടിടത്തിന്‍റെ ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
By - HABEEB RAHMAN YP | Published on 28 Feb 2023 5:14 PM GMTകശ്മീരി മുസ്ലിം വിദ്യാര്‍ഥികള്‍ക്കായി കോണ്‍ഗ്രസ് 2012 കാലഘട്ടത്തില്‍ നിര്‍മിച്ച സൗജന്യ ഹോസ്റ്റല്‍ എന്ന അടിക്കുറിപ്പോടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. മറ്റ് മതവിഭാഗക്കാര്‍ക്ക് പ്രവേശനമില്ലെന്നും ജമ്മുകശ്മീര്‍ വിഘടനവാദികളുടെ കേന്ദ്രമായി പിന്നീട് ഈ ഹോസ്റ്റല്‍ മാറിയെന്നുമാണ് അവകാശവാദം.
കല്‍കി രുദ്രന്‍ എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടില്‍നിന്നും ഫെബ്രുവരി 25ന് പങ്കുവെച്ച ചിത്രത്തിനൊപ്പം ചേര്‍ത്ത വിവരണം കാണാം. Prince Uttuparambil എന്ന ഐഡിയില്‍നിന്നും ഇതേ സന്ദേശം പങ്കുവെച്ചിട്ടുണ്ട്.
Fact-check:
വസ്തുതാ പരിശോധനയുടെ ആദ്യഘട്ടത്തില്‍ ചിത്രം സൂക്ഷ്മമായി നിരീക്ഷിച്ചു. J&K ഹോസ്റ്റല്‍ എന്ന് എഴുതിയത് വ്യക്തമായി കാണാം. ചിത്രം റിവേഴ്സ് ഇമേജ് സെര്‍ച്ച് നടത്തിയതോടെ കൂടുതല്‍ വ്യക്തമായ ചിത്രങ്ങള്‍ ലഭിച്ചു. J&K Hostel എന്നതിന് താഴെ ജാമിയ മില്ലിയ ഇസ്ലാമിയ എന്നാണ് എഴുതിയതെന്ന് വ്യക്തമായി കാണാം.
തുടര്‍ന്ന് ഈ കീവേഡുകള്‍ ഉപയോഗിച്ച് നടത്തിയ തെരച്ചിലില്‍ 2017 നവംബര്‍ 17ന് The Hindu പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ലഭിച്ചു. ഡല്‍ഹി ജാമിയ മില്ലിയ ഇസ്ലാമിയയിലെ പുതിയ ഹോസ്റ്റല്‍ കെട്ടിടം ഉദ്ഘാടനം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് വാര്‍ത്ത. 2012 ല്‍ ആഭ്യന്തരമന്ത്രാലയവുമായി സര്‍വകലാശാല കരാര്‍ ഒപ്പിട്ടുവെങ്കിലും ബിജെപി അധികാരത്തില്‍ വന്നതിന് ശേഷമാണ് നിര്‍മാണം പൂര്‍ത്തീകരിച്ച് ഹോസ്റ്റല്‍ ഉദ്ഘാടനം ചെയ്തതെന്ന് The Hindu റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇതോടെ ഈ ഹോസ്റ്റല്‍ കോണ്‍ഗ്രസ് നിര്‍മിച്ചതാണെന്ന അവകാശവാദം തെറ്റാണെന്ന് വ്യക്തമായി.
തുടര്‍ന്ന് പരിശോധിച്ചത് ഇവിടെ പ്രവേശനം മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് മാത്രമാണോ എന്നും പ്രവേശനം സൗജന്യമാണോ എന്നുമാണ്. ഇതിനായി സര്‍വകലാശാലയുടെ വെബ്സൈറ്റ് പരിശോധിച്ചു. 2019 ല്‍ പ്രസിദ്ധീകരിച്ച ഹോസ്റ്റല്‍ മാന്വലില്‍ J&K ഹോസ്റ്റല്‍ പ്രവേശനവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ നല്‍കിയതായി കാണാം.
പ്രവേശനം പൂര്‍ണമായും മെറിറ്റ് അടിസ്ഥാനത്തിലാണെന്ന് മാന്വല്‍ വ്യക്തമാക്കുന്നു. മാത്രവുമല്ല, ഇതില്‍ ഏതെങ്കിലും മതവിഭാഗങ്ങളുടെ പേര് പരാമര്‍ശിച്ചിട്ടില്ലെന്നും വ്യക്തം. യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക്, ദൂരപരിധി, സര്‍വകലാശാലയിലെ സീനിയോരിറ്റി, സാമ്പത്തിക നിലവാരം, എന്‍സിസി പങ്കാളിത്തം, കായികരംഗത്തെ നേട്ടങ്ങള്‍, അഭിമുഖം എന്നിവയാണ് ഹോസ്റ്റല്‍ പ്രവേശനത്തിനുള്ള മാനദണ്ഡങ്ങള്‍ എന്ന് മാന്വലില്‍ വിശദീകരിക്കുന്നു.
കൂടാതെ മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം സൗജന്യമാണെന്ന അവകാശവാദവും തെറ്റെന്ന് ബോധ്യമായി. ഹോസ്റ്റല്‍ പ്രവേശനത്തിന്‍റെ വിശദമായ ഫീ വിവരങ്ങളും മാന്വലില്‍ ലഭ്യമാണ്.
ഇതോടെ പ്രചരിക്കുന്ന സന്ദേശത്തിലെ അവകാശവാദങ്ങള്‍ തെറ്റാണെന്ന് ബോധ്യമായി.ഇക്കാര്യങ്ങള്‍ ജാമിയ മില്ലിയ ഇസ്ലാമിയ സര്‍വകലാശാലയിലെ ഏതാനും വിദ്യാര്‍ഥികളുമായി സ്ഥിരീകരിക്കുകയും ചെയ്തു. 2020 ലും സമാനമായ പ്രചരണങ്ങള്‍ മറ്റു ഭാഷകളില്‍ നടന്നിരുന്നതായും കണ്ടെത്തി.
വസ്തുതാ പരിശോധനയുടെ അവസാനഘട്ടത്തില്‍ മുസ്ലിം ഇതര മതവിഭാഗത്തില്‍പെട്ട വിദ്യാര്‍ഥികള്‍ക്ക് ഈ ഹോസ്റ്റലില്‍ പ്രവേശനം നല്‍കുന്നുണ്ടോ എന്നും ന്യൂസ്മീറ്റര്‍ പരിശോധിച്ചു. 2022-23 അധ്യയന വര്‍ഷം സര്‍വകലാശാലയിലെ വിവിധ ഹോസ്റ്റലുകളില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികളുടെ പട്ടിക ശേഖരിച്ചു. ഇതില്‍ അമുസ്ലിം പേരുകളും കാണാം.
ഇതോടെ പ്രചരിക്കുന്ന വാദങ്ങളില്‍ മിക്കതും പൂര്‍ണമായും തെറ്റാണെന്ന് വ്യക്തമായി.
Conclusion:
കശ്മീരി മുസ്ലിം വിദ്യാര്‍ഥികള്‍ക്കായി 2012ല്‍ കോണ്‍ഗ്രസ് നിര്‍മിച്ച സൗജന്യ ഹോസ്റ്റല്‍ എന്ന അടിക്കുറിപ്പോടെ പ്രചരിക്കുന്ന ചിത്രം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി. 2012 ല്‍ ധാരണാപത്രം ഒപ്പുവെച്ചെങ്കിലും പിന്നീട് ബിജെപി സര്‍ക്കാറിന്‍റെ കാലത്ത് നിര്‍മാണം പൂര്‍ത്തീകരിച്ച ഈ ഹോസ്റ്റലില്‍ പൂര്‍ണമായും മെറിറ്റ് അടിസ്ഥാനത്തിലാണ് പ്രവേശനമെന്നും മതപരമായ വേര്‍തിരിവുകളോ പരിഗണനയോ ഇല്ലെന്നും ന്യൂസ്മീറ്റര്‍ കണ്ടെത്തി. പ്രവേശനം സൗജന്യമല്ലെന്നും വ്യത്യസ്ത മതവിഭാഗങ്ങളിലുള്ള വിദ്യാര്‍ഥികള്‍ ഈ ഹോസ്റ്റലില്‍ താമസിക്കുന്നുണ്ടെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ കണ്ടെത്തി.