രാഹുല്‍ ഗാന്ധി നോണ്‍വെജ് ഭക്ഷണം കഴിക്കുന്ന ചിത്രം കേരളത്തില്‍നിന്നോ?
കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി നോണ്‍വെജിറ്റേറിയന്‍ ഭക്ഷണം ആസ്വദിച്ച് കഴിക്കുന്ന ചിത്രമാണ് കേരളത്തില്‍നിന്നുള്ള ചിത്രമെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
By - HABEEB RAHMAN YP | Published on 3 Dec 2023 4:13 AM GMTവയനാട് മണ്ഡലത്തില്‍നിന്നുള്ള ലോക്സഭാ എംപിയായ രാഹുല്‍ഗാന്ധി കേരളത്തിലെത്തുമ്പോള്‍ പലപ്പോഴും അദ്ദേഹം വയനാട്ടിലെ സാധാരണ ഹോട്ടലുകളില്‍നിന്ന് ഭക്ഷണം ആസ്വദിക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലും വാര്‍ത്താമാധ്യമങ്ങളിലും ഇടംപിടിക്കാറുണ്ട്. അതേസമയം ഭക്ഷണത്തില്‍ സാമുദായികചിത്രം കലര്‍ത്തിയാണ് സമൂഹമാധ്യമങ്ങളില്‍ ഒരു ചിത്രം പ്രചരിക്കുന്നത്. നോണ്‍വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കണമെങ്കില്‍ രാഹുല്‍ ഗാന്ധിക്ക് കേരളത്തില്‍ വരണമെന്നും കേരളത്തിന് പുറത്ത് അദ്ദേഹം ‘ബ്രാഹ്മണനാ’ണെന്നുമാണ് ഒരു ചിത്രത്തിനൊപ്പം പ്രചരിക്കുന്ന വിവരണം.
Fact-check:
രാഹുല്‍ഗാന്ധി ഭക്ഷണം കഴിക്കുന്ന നിരവധി ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. എന്നാല്‍ അതില്‍ മതപരമോ സാമുദായികമോ ആയ പശ്ചാത്തലം ചേര്‍ത്ത് പ്രചരിപ്പിക്കുമ്പോഴാണ് അത് അപകടകരമാകുന്നത്. വസ്തുത പരിശോധനയുടെ ആദ്യഘട്ടത്തില്‍ റിവേഴ്സ് ഇമേജ് സംവിധാനം ഉപയോഗിച്ച് ചിത്രം പരിശോധിച്ചു. ഇതോടെ നിരവധി മാധ്യമറിപ്പോര്‍ട്ടുകളില്‍ ഈ ചിത്രം ഉപയോഗിച്ചതായി കണ്ടെത്തി.
തുടര്‍ന്ന് ലഭിച്ച ഫലങ്ങളില്‍ ഏതാനും വാര്‍ത്താ മാധ്യമങ്ങളില്‍വന്ന റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചു. ഓള്‍ഡ് ഡല്‍ഹിയിലെ ജമാ മസ്ജിദിനടുത്തുള്ള അല്‍ജവഹര്‍ റെസ്റ്റോറന്‍റ് സന്ദര്‍ശിച്ച രാഹുല്‍ഗാന്ധി ഭക്ഷണം ആസ്വദിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് ഹിന്ദുസ്ഥാന്‍ ടൈംസ് ചിത്രം നല്കിയിരിക്കുന്നത്. ഫുഡ് ജേണലിസ്റ്റ് കുനാല്‍ വിജയകറിനൊപ്പം ഡല്‍ഹിയില്‍ ഭക്ഷണമാസ്വദിക്കുന്ന രാഹുല്‍ഗാന്ധി എന്ന വിവരണത്തോടെ ഇന്ത്യന്‍ എക്സ്പ്രസും ചിത്രം നല്കിയതായി കാണാം.
അതേസമയം കൂടുതല്‍ വിശദമായ റിപ്പോര്‍ട്ട് ETV ഭാരത് നല്കിയതായി കണ്ടു. 2023 ഏപ്രില്‍ 23നാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
റിപ്പോര്‍ട്ടുകളിലെല്ലാം പരാമര്‍ശിച്ചിരിക്കുന്ന കുനാല്‍ വിജയകര്‍ എന്ന ഫുഡ് ജേണലിസ്റ്റിന്റെ ഇന്‍സ്റ്റഗ്രാം പേജ് പരിശോധിച്ചതോടെ രാഹുല്‍ഗാന്ധിയ്ക്കൊപ്പമുള്ള ‘ഫുഡ് വാക്കി’ന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ ലഭ്യമായി. 2023 ഏപ്രില്‍ 21ന് പങ്കുവെച്ച പോസ്റ്റില്‍ അദ്ദേഹം പൂര്‍ണവീഡിയോ രാഹുല്‍ഗാന്ധിയുടെ യൂട്യൂബ് ചാനലില്‍ ഏപ്രില്‍ 23 ന് പങ്കുവെയ്ക്കുമെന്നും അറിയിക്കുന്നുണ്ട്.
ഇതനുസരിച്ച് നടത്തിയ പരിശോധനയില്‍ രാഹുല്‍ഗാന്ധിയുടെ യൂട്യൂബ് ചാനലില്‍നിന്ന് 2023 ഏപ്രില്‍ 23ന് പങ്കുവെച്ച വീഡിയോയുടെ പൂര്‍ണരൂപം കണ്ടെത്തി. പ്രചരിക്കുന്ന ചിത്രത്തിലേതിന് സമാനമായ ഭാഗം വീഡിയോയുടെ പതിനഞ്ചാം മിനുറ്റില്‍ കാണാം.
ഇതോടെ പ്രചരിക്കുന്ന ചിത്രത്തിനൊപ്പം നല്കിയ വിവരണം അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്തി. ചിത്രം കേരളത്തില്‍നിന്നുള്ളതല്ലെന്ന് സ്ഥിരീകരിക്കുന്നതിനൊപ്പം കേരളത്തിലെത്തുമ്പോള്‍ മാത്രമാണ് രാഹുല്‍ഗാന്ധി നോണ്‍വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കുന്നതെന്ന അവകാശവാദത്തിലും കഴമ്പില്ലെന്നു വ്യക്തം.
Conclusion:
കേരളത്തിലെത്തുമ്പോള്‍ മാത്രമാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നോണ്‍വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കുന്നതെന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന ചിത്രം ഡല്‍ഹിയില്‍നിന്നുള്ളതാണ്. ഫുഡ് ജേണലിസ്റ്റ് കുനാല്‍ വിജയകറിനൊപ്പം അദ്ദേഹം 2023 ഏപ്രിലില്‍ ഓള്‍ഡ് ഡല്‍ഹിയിലെ ഒരു റസ്റ്റോറന്റില്‍നിന്ന് ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങളാണ് തെറ്റായ അടിക്കുറിപ്പോടെ പ്രചരിക്കുന്നതെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.