ഉത്തര്‍പ്രദേശിലെ പ്രയാഗ്‍രാജില്‍ നടക്കുന്ന കുംഭമേള വിവിധ തലങ്ങളില്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കുമടക്കം വഴിതെളിച്ച സാഹചര്യത്തില്‍ കേരളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല കുംഭമേളയില്‍ പങ്കെടുത്തതായി സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. കാവിവേഷം ധരിച്ച ചെന്നിത്തലയുടെ ചിത്രമടക്കമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കുംഭമേളയില്‍ രഹസ്യ സന്ദര്‍ശനം നടത്തിയെന്ന വിവരണത്തോടെ നിരവധി പേരാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.
Fact-check:
പ്രചാരണം അടിസ്ഥാനരഹിതമാണെന്നും രമേശ് ചെന്നിത്തല കുംഭമേളയില്‍ പങ്കെടുത്തിട്ടില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി.
രമേശ് ചെന്നിത്തല കുംഭമേളയില്‍ പങ്കെടുത്തതായി മാധ്യമറിപ്പോര്‍ട്ടുകളോ ആധികാരിക ചിത്രങ്ങളോ കണ്ടെത്താനാവാത്ത പശ്ചാത്തലത്തില്‍ പ്രചരിക്കുന്ന ചിത്രം റിവേഴ്സ് ഇമേജ് സെര്‍ച്ച് ചെയ്തു. ഇതോടെ ചിത്രം നേരത്തെയും പ്രചരിച്ചിരുന്നതായി കണ്ടെത്തി. മഹാരാഷ്ട്ര തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് നേരത്തെ ചിത്രം പ്രചരിച്ചത്. ഈ സൂചന ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ മഹാരാഷ്ട്രയിലെ മുന്‍ കോണ്‍ഗ്രസ് എംഎല്‍എ മോഹന്‍ റാവു ഹംബാര്‍ഡെ പങ്കുവെച്ച എക്സ് പോസ്റ്റ് ലഭിച്ചു. രമേശ് ചെന്നിത്തലയുള്‍പ്പെടെ നേതാക്കള്‍ ഇതേ വേഷത്തില്‍ നില്‍ക്കുന്ന ചിത്രം പങ്കുവെച്ചിരിക്കുന്നത് 2024 ഓഗസ്റ്റ് 11-നാണ്.
പോസ്റ്റിനൊപ്പം നല്‍കിയിരിക്കുന്ന വിവരണമനുസരിച്ച് മഹാരാഷ്ട്ര പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നന്ദേഡിലെ ഒരു ഗുരുദ്വാര സന്ദര്‍ശിച്ച ചിത്രമാണിത്. മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പിന്റെ പ്രചാരണച്ചുമതലയ്ക്കായാണ് രമേശ് ചെന്നിത്തല അന്ന് സംസ്ഥാനത്തെത്തിയത്.
ഇതോടെ പ്രചരിക്കുന്ന ചിത്രം കുംഭമേളയിലേതല്ലെന്ന് വ്യക്തമായി.
കൂടുതല്‍ സ്ഥിരീകരണത്തിനായി രമേശ് ചെന്നിത്തലയുടെ ഓഫീസുമായി ബന്ധപ്പെട്ടു. ഈ ചിത്രം നേരത്തെയും തെറ്റായ അടിക്കുറിപ്പോടെ പ്രചരിച്ചിരുന്നുവെന്നും ചെന്നിത്തല കുംഭമേളയില്‍ പങ്കെടുത്തിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.
Conclusion:
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല കുംഭമേള സന്ദര്‍ശിച്ചുവെന്ന തരത്തില്‍ പ്രചരിക്കുന്ന ചിത്രം പഴയതാണ്. 2024 ഓഗസ്റ്റില്‍ മഹാരാഷ്ട്ര തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെത്തിയ അദ്ദേഹം കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം നന്ദേഡിലെ ഗുരുദ്വാര സന്ദര്‍ശിച്ച ചിത്രമാണ് തെറ്റായ വിവരണത്തോടെ പ്രചരിക്കുന്നത്.