രാഹുല്‍ഗാന്ധി ഉള്‍പ്പെടെ കോണ്‍ഗ്രസ് എംപിമാര്‍ അയോധ്യ രാമക്ഷത്രത്തിന്റെ ഭൂമിപൂജയ്ക്കെതിരെ നടത്തിയ പ്രതിഷേധത്തിന്റേതെന്ന അടിക്കുറിപ്പോടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. രാമക്ഷേത്രം രാജീവ്ഗാന്ധിയുടെ സ്വപ്നമായിരുന്നുവെന്ന് പറയുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഇരട്ടത്താപ്പെന്ന ആരോപണത്തോടെയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരണം.
Fact-check:
പ്രചരിക്കുന്ന ചിത്രത്തില്‍ മുന്നില്‍ നില്‍ക്കുന്നവരുടെ കൈയ്യില്‍ ബാനര്‍ ഉണ്ടെങ്കിലും അത് പൂര്‍ണമായും ദൃശ്യമല്ല. തുടര്‍ന്ന് പ്ലക്കാര്‍ഡുകളില്‍ എഴുതിയ ഉള്ളടക്കം തിരിച്ചറിയാന്‍ ശ്രമിച്ചു. ഇതിലൊരു പ്ലക്കാര്‍ഡില്‍ GST എന്ന് എഴുതിയതായി കാണാം.
ഇതോടെ ചിത്രം ജിഎസ്ടി ഉള്‍പ്പെടെ വിഷയങ്ങളുമായി ബന്ധപ്പെട്ട ഏതെങ്കിലും പ്രതിഷേധത്തിന്റേതാകാമെന്ന സൂചന ലഭിച്ചു. തുടര്‍ന്ന് ചിത്രത്തിന്റെ റിവേഴ്സ് ഇമേജ് സെര്‍ച്ച് നടത്തിയതോടെ ഇത് സ്ഥിരീകരിക്കാനായി.
The Wire 2022 ഓഗസ്റ്റ് 5ന് നല്കിയ റിപ്പോര്‍ട്ടില്‍ ഈ ഫോട്ടോ ഉപയോഗിച്ചതായി കാണാം. അടിക്കുറിപ്പായി വിലക്കയറ്റം, ജിഎസ്ടി വര്‍ധന, തൊഴിലില്ലായ്മ തുടങ്ങിയ പ്രശ്നങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് രാജ്യവ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് എംപിമാര്‍ നടത്തിയ രാഷ്ട്രപതിഭവനിലേക്ക് നടത്തിയ മാര്‍ച്ച് എന്ന് നല്കിയിരിക്കുന്നു. പിടിഐ ആണ് ചിത്രം പകര്‍ത്തിയത്.
ഇതേ അടിക്കുറിപ്പോടെ ചിത്രം The Telegraph ലും 2022 ഓഗസ്റ്റ് 5ന് പ്രസിദ്ധീകരിച്ചതായി കണ്ടെത്തി.
മറ്റുപല വാര്‍ത്താ വെബ്സൈറ്റുകളിലും ഇതേ അടിക്കുറിപ്പോടെ ചിത്രം പ്രസിദ്ധീകരിച്ചതായി കാണാം. ഇതോെടെ ചിത്രം അയോധ്യ രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന്റേതല്ലെന്ന് വ്യക്തമായി.
അയോധ്യ രാമക്ഷേത്രത്തിന്റെ പൂജ നടന്നത് 2020 ഓഗസറ്റ് അഞ്ചിനാണ്. ഇതിന്റെ വാര്‍ത്തകളും ദൃശ്യങ്ങളും ഇന്റര്‍നെറ്റില്‍ ലഭ്യമാണ്.
അയോധ്യ രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളാരും ഇതുവരെ പരസ്യ അഭിപ്രായപ്രകടനം നടത്തിയിട്ടില്ല. കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ഇത് രാഷ്ട്രീയമായി അഭിപ്രായപ്രകടനത്തിന് ബുദ്ധിമുട്ടേറിയ വിഷയമാണ്. ഇത്തരത്തില്‍ മാധ്യമറിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. അതേസമയം പ്രിയങ്കഗാന്ധി രാമക്ഷേത്രത്തിന് അനുകൂലമായും പ്രസ്താവന നടത്തിയിരുന്നു.
Conclusion:
അയോധ്യ രാമക്ഷേത്ര ഭൂമിപൂജയ്ക്കെതിരെ കോണ്‍ഗ്രസ് എംപിമാര്‍ കറുത്ത വസ്ത്രമണിഞ്ഞ് ഡല്‍ഹിയില്‍ നടത്തിയ പ്രതിഷേധപ്രകടനത്തിന്റേതെന്ന അടിക്കുറിപ്പോടെ പ്രചരിക്കുന്ന ചിത്രത്തിന് ഇതുമായി യാതൊരു ബന്ധവുമില്ലെന്ന് ന്യൂസ്മീറ്റര്‍ വസ്തുതാപരിശോധനയില്‍ കണ്ടെത്തി. ഇത് 2022 ഓഗസ്റ്റ് 5ന് വിലക്കയറ്റത്തിനും ജിഎസ്ടി വര്‍ധനയ്ക്കുമെതിരെ കോണ്‍ഗ്രസ് എംപിമാര്‍ നടത്തിയ പ്രതിഷേധമാണ്. അയോധ്യ രാമക്ഷേത്രത്തിന്റെ ഭൂമിപൂജ നടന്നത് 2020 ഓഗസ്റ്റിലാണെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.