കൊവിഡ് XBB വകഭേദം അതിമാരകമോ? സമൂഹമാധ്യമ പ്രചരണങ്ങളുടെ വസ്തുതയറിയാം
ഒമിക്രോണ്‍ - ഡെല്‍റ്റ വകഭേദത്തെക്കാള്‍ അഞ്ചിരട്ടി വ്യാപനശേഷിയും മാരകവുമാണ് XBB വകഭേദമെന്നാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശത്തിലെ അവകാശവാദം.
By - HABEEB RAHMAN YP | Published on 24 Dec 2022 6:24 AM GMTകൊവിഡിന്‍റെ പുതിയ വകഭേദമായ XBB അതിമാരകമാണെന്ന അവകാശവാദത്തോടെ സന്ദേശം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ഈ വകഭേദം പെട്ടെന്ന് കണ്ടുപിടിക്കാന്‍ സാധിക്കാത്തതും രോഗലക്ഷണങ്ങള്‍ കുറവായതുമാണെന്ന് സന്ദേശത്തില്‍ അവകാശപ്പെടുന്നു. ഡെല്‍റ്റ വകഭേദത്തെക്കാള്‍ അഞ്ചിരട്ടി വ്യാപനശേഷിയും മരണനിരക്കും ഇതിനുണ്ടെന്നും പോസ്റ്റില്‍ പറയുന്നു. പരിശോധനയില്‍ ഈ വകഭേദം കണ്ടെത്താന്‍ പ്രയാസമാണെന്നും ഇതില്‍ കാണാം.
പ്രധാനമായും വാട്സാപ്പിലാണ് ഈ സന്ദേശം വ്യാപകമായി പ്രചരിക്കുന്നത്. ഫെയ്സ്ബുക്കില്‍ ഇന്ത്യയില്‍ വകഭേദം റിപ്പോര്‍ട്ട് ചെയ്തതിന്‍റെ വാര്‍ത്തയ്ക്കൊപ്പം ഈ സന്ദേശം ചേര്‍ത്തും പ്രചരണം നടക്കുന്നുണ്ട്.
Sudheesh Anusree Lifeline എന്ന അക്കൗണ്ടില്‍നിന്നും Princy Manoj Manoj എന്ന അക്കൗണ്ടില്‍നിന്നും ഈ സന്ദേശം പങ്കുവെച്ചിട്ടുണ്ട്.
Fact-check:
കൊവിഡുമായി ബന്ധപ്പെട്ട് എല്ലാ മുന്‍കരുതല്‍ നിര്‍ദേശങ്ങളും ഇന്ത്യയില്‍ ഔദ്യോഗികമായി പുറപ്പെടുവിക്കുന്നത് കേന്ദ്ര ആരോഗ്യമന്ത്രാലയമാണ്. വസ്തുതാ പരിശോധനയുടെ ആദ്യപടിയായി ഞങ്ങള്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ ട്വിറ്റര്‍ പേജ് പരിശോധിച്ചു. ഇതേ സന്ദേശത്തിന്‍റെ ഇംഗ്ലീഷ് പതിപ്പ് പങ്കുവെച്ചുകൊണ്ട് അത് വ്യാജമാണെന്ന് പറയുന്ന ട്വീറ്റ് കേന്ദ്ര ആരോഗ്യമന്ത്രാലയം ഡിസംബര്‍ 22ന് പങ്കുവെച്ചതായി കണ്ടു.
കൊവിഡ് XBB വകഭേദത്തെക്കുറിച്ച് പ്രചരിക്കുന്ന സന്ദേശങ്ങള്‍ തെറ്റിദ്ധിരിപ്പിക്കുന്നതാണെന്നും ശരിയായ വിവരങ്ങള്‍ക്കായി ആരോഗ്യമന്ത്രാലയത്തിന്‍റെ സന്ദേശങ്ങള്‍ പിന്തുടരണമെന്നും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട്-ചെക്ക് യൂണിറ്റും വ്യക്തമാക്കിയിട്ടുണ്ട്.
പ്രചരിക്കുന്ന സന്ദേശം തെറ്റാണെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയതാണെന്നും ഇത്തരം പോസ്റ്റുകള്‍ പങ്കുവെക്കരുതെന്നും കാണിച്ച് കേരള പൊലീസും ഔദ്യോഗികപേജില്‍ സന്ദേശം പങ്കുവെച്ചിട്ടുണ്ട്.
വസ്തുതാ പരിശോധനയുടെ രണ്ടാംഘട്ടത്തില്‍ കൊവിഡ് XBB വകഭേദത്തെക്കുറിച്ച് കൂടുതലന്വേഷിച്ചു. ഇത് നേരത്തെ പടര്‍ന്ന BA.2.10.1, BA.2.75 വകഭേദങ്ങളുടെ ഉപവകഭേദമാണെന്നും നിലവിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മറ്റ് വകഭേദങ്ങളെക്കാള്‍ കൂടുതല്‍ മരണത്തിനോ ഗുരുതരാവസ്ഥയ്ക്കോ ഇത് കാരണമായിട്ടില്ലെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നു.
ഇതോടെ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പ്രചരിക്കുന്ന സന്ദേശങ്ങള്‍ അനാവശ്യഭീതി പരത്തുന്നതാണെന്നും വ്യക്തമായി.
കേന്ദ്രനിര്‍ദേശപ്രകാരം സംസ്ഥാനത്തും ജനിതകശ്രേണീകരണവും പരിശോധനയും വര്‍ധിപ്പിക്കുമെന്നും എന്നാല്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രി വീണാജോര്‍ജ് അറിയിച്ചിട്ടുണ്ട്. എന്നാല്‍ ജാഗ്രത തുടരാനും ആഘോഷവേളകളില്‍ മുന്‍കരുതല്‍ സ്വീകരിക്കാനും നിര്‍ദേശമുണ്ട്.
Conclusion:
കൊവിഡ് ഒമിക്രോണ്‍ XBB വകഭേദം അതിമാരകവും ഡെല്‍റ്റയേക്കാള്‍ തീവ്രശേഷിയുള്ളതുമാണെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി. ഇതുസംബന്ധിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയവും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയും കേരള പൊലീസും നല്‍കിയ വിവരങ്ങളും ലോകാരോഗ്യ സംഘടനയുടെ വെബ്സൈറ്റില്‍ നല്‍കിയ വിവരങ്ങളും ഇത് വ്യക്തമാക്കുന്നു. എന്നാല്‍ ജാഗ്രത തുടരാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.