'ബംഗാളിലെ സിപിഎം നോതാക്കള്‍ മലപ്പുറത്ത് പൊറോട്ട ചുടുന്നു' - പഴയ ചിത്രങ്ങളും പത്രവാര്‍ത്തയും ഉപയോഗിച്ച് വ്യാജപ്രചരണം

2018-ല്‍ ഹൈദരാബാദില്‍ നടന്ന സിപിഐഎം 22-ാം പാര്‍ട്ടി കോണ്‍ഗ്രസിലെ ചിത്രവും ഇടുക്കി കുമളിയിലെ അല്‍ത്താഫ് ഹോട്ടലിന്‍റെ 2016-ലെ ചിത്രവും ചേര്‍ത്ത് നിര്‍മിച്ച കൊളാഷാ​ണ് പ്രചരിക്കുന്നത്. ഇതോടൊപ്പം 2014 ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച പ്രാദേശിക പത്രവാര്‍ത്തയും ചില പോസ്റ്റുകളില്‍ ചേര്‍ത്തിട്ടുണ്ട്.

By -  HABEEB RAHMAN YP |  Published on  29 Sept 2022 5:35 PM IST
ബംഗാളിലെ സിപിഎം നോതാക്കള്‍ മലപ്പുറത്ത് പൊറോട്ട ചുടുന്നു - പഴയ ചിത്രങ്ങളും പത്രവാര്‍ത്തയും ഉപയോഗിച്ച് വ്യാജപ്രചരണം


ബംഗാളിലെ സിപിഎം നേതാക്കള്‍ മലപ്പുറത്ത് പൊറോട്ട ചുടുന്നു എന്ന അടിക്കുറിപ്പോടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും കേരള മുഖ്യമന്ത്രി പിണറായി വിജയനും ഉള്‍പ്പെടെ ഏതാനും പേരുടെ ഫോട്ടോയില്‍ ഒരാളുടെ മുഖം വൃത്താകൃതിയില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. ഇതിനു താഴെ ഹോട്ടല്‍ പാചകമുറിയ്ക്ക് സാമ്യമുള്ള പശ്ചാത്തലത്തില്‍ ഒരാള്‍ പൊറോട്ട തയ്യാറാക്കുന്ന ചിത്രവും കാണാം.


"മലപ്പുറത്ത് പൊറോട്ട അടിക്കുന്നത് ബംഗാളിൽ നിന്നുള്ള സി പി എം ഏരിയ സെക്രട്ടറിയായത് കൊണ്ട്, കുഴിമന്തിയാണ് നല്ലത്" എന്ന അടിക്കുറിപ്പോടെയാണ് 'ആവേശമാണ് കോണ്‍ഗ്രസ്' എന്ന ഫെയ്സ്ബുക്ക് പേജില്‍നിന്ന് ചിത്രം പങ്കുവെച്ചിരിക്കുന്നത്.



ചില പോസ്റ്റുകളില്‍ സമാന തലക്കെട്ടുള്ള ഒരു പത്രവാര്‍ത്തകൂടി ചേര്‍ത്ത് ഇതേ ചിത്രം പങ്കുവെച്ചതായി കണ്ടെത്തി. Muneer Tanur എന്ന അക്കൗണ്ടില്‍നിന്ന് പങ്കുവെച്ച ചിത്രം:



വിവിധ അക്കൗണ്ടുകളില്‍നിന്നായി വ്യത്യസ്ത അടിക്കുറിപ്പുകളോടെ നിരവധി പേരാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോ‍ഡോ യാത്രയുമായി ബന്ധപ്പെട്ട് ഇടതുപക്ഷ യുവജന സംഘടനയും കോണ്‍ഗ്രസും തമ്മിലുണ്ടായ 'ബാനര്‍ പോരി'ന്‍റെ തുടര്‍ച്ചയായാണ് സമൂഹമാധ്യമങ്ങളിലും പൊറോട്ടയുമായി ബന്ധിപ്പിച്ച് പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുന്നത്. "പോരാട്ടമാണ് ബദല്‍ പൊറോട്ടയല്ല" എന്ന ബാനര്‍ തൃശൂരില്‍ ഡിവൈഎഫ്ഐ സ്ഥാപിക്കുകയും ഇത് കോണ്‍ഗ്രസ് തകര്‍ക്കുകയും ചെയ്തിരുന്നു.



ഇതിന്‍റെ തുടര്‍ച്ചയായി വിവിധ പ്രദേശങ്ങളില്‍ കോണ്‍ഗ്രസും ഡിവൈഎഫ്ഐ യും വിവിധ ബാനറുകള്‍ സ്ഥാപിച്ചിരുന്നു. "പൊറോട്ടയല്ല, പെരിന്തല്‍മണ്ണയില്‍ കുഴിമന്തിയാണ് ബെസ്റ്റ്" എന്ന ഉള്ളടക്കത്തോടെ മലപ്പുറം പെരിന്തല്‍മണ്ണയില്‍ ഡിവൈഎഫ്ഐ സ്ഥാപിച്ച ബാനറിന് മറുപടിയെന്നോണമാണ് കോണ്‍ഗ്രസ് പേജുകളില്‍നിന്നും മറ്റും ഫോട്ടോ പ്രചരിപ്പിക്കുന്നത്.



Fact-check:

വസ്തുതാ പരിശോധനയുടെ ആദ്യഘട്ടത്തില്‍ പ്രചരിക്കുന്ന പോസ്റ്റിലെ ആദ്യത്തെ ഫോട്ടോ പരിശോധിച്ചു.സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും കേരള മുഖ്യമന്ത്രി പിണറായി വിജയനും ഉള്‍പ്പെടെ സിപിഐഎം നേതാക്കള്‍ നിരയായി നില്‍ക്കുന്ന ഫോട്ടോ റിവേഴ്സ് ഇമേജ് സെര്‍ച്ച് ചെയ്തു. ഇത് 2018-ല്‍ ഹൈദരാബാദില്‍ നടന്ന 22-ാം സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍നിന്നുള്ള ചിത്രങ്ങളാണെന്ന് വ്യക്തമായി. ഹിന്ദുസ്ഥാന്‍ ടൈംസ്, ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് ഉള്‍പ്പെടെ ദേശീയമാധ്യമങ്ങളില്‍ ഈ ചിത്രവും പ്രസ്തുത വാര്‍ത്തയും കണ്ടെത്താനായി.



ഫോട്ടോയില്‍ സീതാറാം യെച്ചൂരിയുടെ വലതുവശത്തായി നില്‍ക്കുന്ന ആളെയാണ് പ്രചരിക്കുന്ന പോസ്റ്റുകളില്‍ ഹോട്ടലില്‍ ജോലിചെയ്യുന്ന വ്യക്തിയെന്ന് അടയാളപ്പെടുത്തിയിരിക്കുന്നത്. പ്രസിദ്ധീകരിച്ച വാര്‍ത്തകളിലെ അടിക്കുറിപ്പുകളില്‍നിന്ന് ഇദ്ദേഹത്തിന്‍റെ പേര് കണ്ടെത്താനായില്ല. തുടര്‍ന്ന് സിപിഐഎം 22-ാം പാര്‍ട്ടി കോണ്‍ഗ്രസ് വെബ്സൈറ്റ് വിശദമായി പരിശോധിച്ചു. പാര്‍ട്ടികോണ്‍ഗ്രസുമായി ബന്ധപ്പെട്ട് ലഭ്യമായ രേഖകളിലെ പേരുകള്‍ ചേര്‍ത്ത് നടത്തിയ കീവേഡ് സെര്‍ച്ചില്‍ ഫോട്ടോയിലുള്ള ആള്‍ തമിഴ്നാട്ടില്‍നിന്നുള്ള സിപിഐ​​എം നേതാവ് ജി. രാമകൃഷ്ണനാണെന്ന് വ്യക്തമായി. 2022 ഓഗസ്റ്റില്‍ പുതുച്ചേരിയില്‍ അടച്ചിട്ട റേഷന്‍ കടകള്‍ തുറക്കണമെന്നാവശ്യപ്പെട്ട് സിപിഐഎം നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട് 'ദി ഹിന്ദു' പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍നിന്നും ഇത് സ്ഥിരീകരിച്ചു.



കൂടാതെ സിപിഐ​​എം തമിഴ്നാട് സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്‍റെ വാര്‍ത്താസമ്മേളനത്തിന്‍റെ വീഡിയോയും യൂട്യൂബില്‍നിന്ന് ലഭിച്ചു.



ഇതോടെ ഫോട്ടോയില്‍ അടയാളപ്പെടുത്തിയിരിക്കുന്ന വ്യക്തി തമിഴ്നാട്ടില്‍നിന്നുള്ള സിപിഐഎം പോളിറ്റ്ബ്യൂറോ അംഗം ജി. രാമകൃഷ്ണനാണെന്ന് വ്യക്തമായി. അദ്ദേഹത്തിന്‍റെ ഫെയ്സ്ബുക്ക് പ്രൊഫൈലില്‍നിന്ന് വീണ്ടും ഇത് സ്ഥിരീകരിച്ചു.

വസ്തുതാപരിശോധനയുടെ രണ്ടാം ഘട്ടത്തില്‍ പോസ്റ്റിലെ രണ്ടാമത്തെ ചിത്രം വിശദമായി പരിശോധിച്ചു. ട്രിപ് അഡ്വൈസര്‍ എന്ന വെബ്സൈറ്റില്‍ Spinders എന്ന അക്കൗണ്ടില്‍നിന്നും ഇതേ ചിത്രം 2016 ജനുവരിയില്‍ അപ്ലോഡ് ചെയ്തതായി കണ്ടെത്തി.



തേക്കടിയിലെ അല്‍ത്താഫ് ഹോട്ടല്‍ എന്നാണ് ഫോട്ടോയുടെ കൂടെ ചേര്‍ത്തിരിക്കുന്ന വിവരം. ഇത് കീവേഡ് സെര്‍ച്ച് ഉപയോഗിച്ച് തിരഞ്ഞതോടെ ഇദ്ദേഹത്തിന്‍റെയും ഹോട്ടലിന്‍റെയും വേറെയും ചിത്രങ്ങള്‍ ലഭിച്ചു.



ഇതോടെ പ്രചരിക്കുന്ന പോസ്റ്റിലെ രണ്ടാമത്തെ ചിത്രത്തില്‍ കാണുന്ന വ്യക്തി ഇടുക്കി കുമളി (തേക്കടി) യിലെ അല്‍ത്താഫ് ഹോട്ടലിലെ ജീവനക്കാരനാണെന്നും തമിഴ്നാട്ടില്‍നിന്നുള്ള സിപിഐ​എം പോളിറ്റ്ബ്യൂറോ അംഗം ജി. രാമകൃഷ്ണനുമായി ഈ ചിത്രത്തിന് യാതൊരു ബന്ധവുമില്ലെന്നും വ്യക്തമായി.

അവസാനമായി ചില പോസ്റ്റുകളില്‍ ഈ ചിത്രത്തിനൊപ്പം സമാന തലക്കെട്ടോടെ പ്രചരിക്കുന്ന പത്രവാര്‍ത്ത വിശദമായി പരിശോധിച്ചു. ചിത്രം ഫോട്ടോ എഡിറ്റിങ് അപ്ലിക്കേഷനുകളുടെ സഹായത്തോടെ കൂടുതല്‍ കൃത്യത വരുത്തിയതോടെ വാര്‍ത്ത കൂടുതല്‍ വ്യക്തമായി.



താനൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റ് (നിലവില്‍ മലപ്പുറം ഡിസിസി ജനറല്‍ സെക്രട്ടറി) ശ്രീ. ഒ. രാജന്‍ ഒരു തെരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കവെ പറഞ്ഞ കാര്യങ്ങളാണ് വാര്‍ത്തയുടെ തലക്കെട്ടായി നല്‍കിയിരിക്കുന്നത്. താനാളൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഇ.ടി. മുഹമ്മദ് ബഷീറിന്‍റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച കുടുംബയോഗത്തില്‍ സംസാരിക്കവെയാണ് പ്രസ്താവനയെന്ന് വാര്‍ത്തയില്‍ നല്‍കിയിട്ടുണ്ട്. ഇതോടെ വാര്‍ത്ത ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് പ്രസിദ്ധീകരിച്ചതാണെന്ന് വ്യക്തമായി.

തുടര്‍ന്ന് മലപ്പുറം ഡ‍ിസിസി ജനറല്‍ സെക്രട്ടറി ശ്രീ ഒ. രാജനെ ഫോണില്‍ ബന്ധപ്പെട്ടു. പത്രവാര്‍ത്തയ്ക്ക് ആസ്പദമായ തെരഞ്ഞെടുപ്പ് പ്രചരണയോഗം 2014-ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്തേത് ആണെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. അന്ന് താനാളൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റായിരുന്നുവെന്നും പിന്നീട് 2016-ലാണ് ഡിസിസി ജനറല്‍ സെക്രട്ടറിയായതെന്നും അദ്ദേഹം ന്യൂസ്മീറ്ററിനോട് വ്യക്തമാക്കി. ഇതോടെ പ്രചരിക്കുന്ന പത്രവാര്‍ത്ത 2014-ലേതാണെന്ന് സ്ഥിരീകരിക്കാനായി.

പ്രചരിക്കുന്ന ഫെയ്സ്ബുക്ക് പോസ്റ്റുകളില്‍ നല്‍കിയിരിക്കുന്ന മൂന്ന് ചിത്രങ്ങളും പരസ്പര ബന്ധമില്ലാത്തതാണെന്ന് ഇതോടെ വ്യക്തമായി.


Conclusion:

'ബംഗാളിലെ സിപിഎം നോതാക്കള്‍ മലപ്പുറത്ത് പൊറോട്ട ചുടുന്നു' എന്ന അടിക്കുറിപ്പോടെ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്ന് ന്യൂസ്മീറ്റര്‍ വസ്തുതാ പരിശോധനയില്‍ വ്യക്തമായി. സിപിഐ​എം 22-ാം പാ‍ര്‍ട്ടികോണ്‍ഗ്രസില്‍നിന്നുള്ള ആദ്യത്തെ ഫോട്ടോയില്‍ അടയാളപ്പെടുത്തിയ വ്യക്തി തമിഴ്നാട്ടില്‍നിന്നുള്ള പൊളിറ്റ്ബ്യൂറോ അംഗം ജി. രാമകൃഷ്ണനാണ്. രണ്ടാമത്തെ ചിത്രത്തിലുള്ളത് ഇടുക്കി കുമളിയിലെ അല്‍ത്താഫ് ഹോട്ടലിലെ ജീവനക്കാരനാണ്. മൂന്നാമതായി നല്‍കിയിരിക്കുന്ന പത്രവാര്‍ത്ത 2014-ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍‌ അന്നത്തെ താനാളൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റ് ശ്രീ. ഒ. രാജന്‍റെ പ്രസംഗവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ചതാണ്.

Claim Review:CPIM leaders from Bengal are now hotel workers in Kerala’s Malappuram
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Next Story