ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്കിന്റെ മരണവാര്‍ത്ത വ്യാജം; വസ്തുതയറിയാം
2023 ആഗസറ്റ് 23 ന് രാവിലെയാണ് ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക് അന്തരിച്ചുവെന്ന വാര്‍ത്ത മുഖ്യധാരാ പ്രാദേശിക-ദേശീയ- അന്തര്‍ദേശീയ മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്തത്.
By - HABEEB RAHMAN YP | Published on 24 Aug 2023 4:01 PM ISTക്രിക്കറ്റ് ഇതിഹാസവും സിംബാബ് വെ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനുമായ ഹീത്ത് സ്ട്രീക്ക് അന്തരിച്ചുവെന്ന് വാര്‍ത്ത നല്കി മുഖ്യധാരാ മാധ്യമങ്ങള്‍. പ്രാദേശിക വാര്‍ത്താ മാധ്യമങ്ങള്‍ക്കുപുറമെ വിവിധ ദേശീയ-അന്തര്‍ദേശീയ മാധ്യമങ്ങളും ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു. മലയാളത്തില്‍ 24 ന്യൂസ്, റിപ്പോര്‍ട്ടര്‍ ഉള്‍പ്പെടെ മാധ്യമങ്ങള്‍ ഓണ്‍ലൈനില്‍ ഈ വാര്‍ത്ത നല്കി.
Fact-check:
സിംബാബ്-വെ താരം ഹെന്‍-റി ഒലോങ്കയെ ഉദ്ധരിച്ചാണ് വിവിധ മാധ്യമങ്ങള്‍ വാര്‍ത്ത നല്കിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിന്റെ ട്വിറ്റര്‍ (എക്സ്) അക്കൗണ്ട് പരിശോധിച്ചപ്പോള്‍ 2023 ആഗസ്റ്റ് 22 ന് രാത്രി പങ്കുവെച്ച പ്രസ്തുത ട്വീറ്റ് നീക്കം ചെയ്തതായി കണ്ടെത്തി.
(നീക്കം ചെയ്ത ട്വീറ്റ്)
കൂടാതെ പിറ്റേ ദിവസം രാവിലെ മറ്റൊരു ട്വീറ്റില്‍ അദ്ദേഹം തന്നെ പ്രസ്തുത വിവരം തെറ്റായിരുന്നുവെന്ന് സ്ഥിരീകരിച്ച് ട്വീറ്റ് പങ്കുവെച്ചതായും കണ്ടെത്തി.
ഹീത്ത് സ്ട്രീക്കുമായി നടത്തിയ വാട്സാപ്പ് ചാറ്റിന്റെ സ്ക്രീന്‍ഷോട്ടും ട്വീറ്റിനൊപ്പം അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
മരണവാര്‍ത്ത പങ്കുവെച്ചതും പിന്നീട് അത് തിരുത്തിയതും ഒരേ വ്യക്തി ആയതിനാല്‍ കൂടുതല്‍ സ്ഥിരീകരണത്തിനായി വിവിധ അന്തര്‍ദേശീയ മാധ്യമങ്ങളിലെ വാര്‍ത്താ അപ്ഡേറ്റുകള്‍ പരിശോധിച്ചു. ഇതോടെ ആഗസ്റ്റ് 23 ന് തന്നെ Deccan Chronicle നല്കിയ എക്സ്ക്ലൂസീവ് റിപ്പോര്‍ട്ട് ലഭ്യമായി.
ഡെക്കാന്‍ ക്രോണിക്ക്ള്‍ റിപ്പോര്‍ട്ടര്‍ സിംബാബ്-വെയില്‍ കഴിയുന്ന ഹീത്ത് സ്ട്രീക്കുമായി നേരിട്ട് നട്ത്തിയ ടെലഫോണ്‍ സംഭാഷണത്തിന്റെ അടിസ്ഥാനത്തില്‍ നല്കിയ റിപ്പോര്‍ട്ടില്‍ മരണവാര്‍ത്ത തെറ്റാണെന്ന് അദ്ദേഹം തന്നെ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
തുടര്‍ന്ന് Sportstar എന്ന കായികമാധ്യമവും അദ്ദേഹത്തെ നേരിട്ട് ഉദ്ധരിച്ചുകൊണ്ട് വാര്‍ത്ത തെറ്റാണെന്ന് സ്ഥിരീകരിച്ചതായി കണ്ടെത്തി.
ഇതോടെ നേരത്തെ പ്രചരിച്ച അദ്ദേഹത്തിന്‍റെ മരണവാര്‍ത്ത തെറ്റായിരുന്നുവെന്ന് വ്യക്തമായി.
തുടര്‍ന്ന് മറ്റ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ നല്കിയ അപ്ഡേറ്റുകള്‍ പരിശോധിച്ചു. റോയിറ്റേഴ്സ് ഉള്‍പ്പെടെ അന്തര്‍ദേശീയ മാധ്യമങ്ങള്‍ നേരത്തെ മരണവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ റോയിറ്റേഴ്സ് ഈ വാര്‍ത്ത പിന്‍വലിച്ചതായും തെറ്റായ വാര്‍ത്ത നല്കിയതില്‍ ഖേദം പ്രകടിപ്പിച്ചതായും കണ്ടെത്തി.
Hindustan Times ഉം സമാനമായ രീതിയില്‍ നേരത്തെ നല്കിയ വാര്‍ത്ത പിന്‍വലിച്ചതായി കണ്ടെത്തി.
മലയാളത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് ഉള്‍പ്പെടെ മാധ്യമങ്ങള്‍ മരണവാര്‍ത്ത തെറ്റായിരുന്നുവെന്ന് റിപ്പോര്‍ട്ട് നല്കിയതായും കണ്ടെത്തി.
വാര്‍ത്തയുടെ ഉറവിടം സ്ഥിരീകരിക്കാതെ നല്കിയ വാര്‍ത്തയില്‍ റോയിറ്റേഴ്സ്, ഹിന്ദുസ്ഥാന്‍ ടൈംസ് തുടങ്ങിയ മാധ്യമങ്ങള്‍ നല്കിയ വാര്‍ത്ത പിന്‍വലിച്ചതും ലഭിച്ച വിവരം തെറ്റാണെന്ന് സ്ഥിരീകരിച്ചതും മാതൃകാപരമാണ്. എന്നാല്‍ പല മലയാള മാധ്യമങ്ങളുടെയും ഓണ്‍ലൈന്‍ പോര്‍ട്ടലുകളില്‍ തെറ്റായ വാര്‍ത്ത തിരുത്താതെ നിലനില്‍ക്കുന്നതായും കണ്ടെത്തി.
Conclusion:
സിംബാബ്-വെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക് അന്തരിച്ചുവെന്ന വാര്‍ത്ത വ്യാജമാണ്. അദ്ദേഹത്തിന്റെ സഹതാരം ഹെന്‍-റി ഓലോങ്ക പങ്കുവെച്ച തെറ്റായ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് വിവിധ മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്ത നല്കിയതെന്ന് ന്യൂസ്മീറ്റര്‍ കണ്ടെത്തി. എന്നാല്‍ അദ്ദേഹം ഇത് തിരുത്തിയതായും പല ദേശീയ-അന്തര്‍ദേശീയ മാധ്യമങ്ങളും വാര്‍ത്ത പിന്‍വലിച്ചതായും കണ്ടെത്തി. എന്നാല്‍ ചില മലയാളമാധ്യമങ്ങളുടെ ഓണ്‍ലൈന്‍ പോര്‍ട്ടലുകളില്‍ തെറ്റായ വാര്‍ത്ത നിലനില്‍ക്കുന്നതായും കണ്ടെത്തി.