കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അതിര്‍ത്തിയില്‍ പൂജ ചെയ്യുന്നുവെന്ന അടിക്കുറിപ്പോടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. രാജ്യാതിര്‍ത്തിയെന്ന് തോന്നിപ്പിക്കുന്ന ഒരിടത്ത് കൈയ്യില്‍ ചെറുനാരങ്ങയും പച്ചമുളകുമായി നില്‍ക്കുന്ന കേന്ദ്രമന്ത്രിയുടെ ചിത്രമാണ് പ്രചരിക്കുന്നത്.
എന്തും ഏതും വിളിച്ച് പറയും എന്ന ഫെയ്സ്ബുക്ക് പേജില്‍നിന്ന് പങ്കുവെച്ച പോസ്റ്റില്‍ കേന്ദ്രമന്ത്രിയുടേത് കോമാളിത്തരമാണെന്ന് പരിഹസിക്കുന്നു. നിരവധി പേജുകളില്‍നിന്നും പ്രൊഫൈലുകളില്‍നിന്നും ഇതേ ചിത്രം പങ്കുവെച്ചതായി കാണാം.
Fact-check:
പ്രചരിക്കുന്ന ചിത്രം പ്രഥമദൃഷ്ട്യാ വ്യാജമെന്ന സൂചനകള്‍ ലഭിച്ചു. ഉദ്യോഗസ്ഥ അകമ്പടിയില്ലാതെയുള്ള പ്രതിരോധമന്ത്രിയുടെ ചിത്രവും ചിത്രത്തില്‍ കാണാവുന്ന പശ്ചാത്തലവും ഇത് വ്യാജമാകാനുള്ള സാധ്യതകളിലേക്ക് നയിച്ചു.
വസ്തുതാ പരിശോധനയുടെ ആദ്യഘട്ടത്തില്‍ Rajnath Singh, Puja എന്നീ കീവേഡുകള്‍ ഉപയോഗിച്ച് ഗൂഗ്ളില്‍ പരിശോധിച്ചപ്പോള്‍ ചില മാധ്യമറിപ്പോര്‍ട്ടുകള്‍ ലഭിച്ചു.
വിജയദശമി ദിനത്തില്‍ റാഫേല്‍ വിമാനങ്ങള്‍ക്ക് ആയുധപൂജ നടത്തിയെന്നും ഇത് ഇന്ത്യയുടെ പാരമ്പര്യത്തിന്‍റെ ഭാഗമാണെന്നും ട്വീറ്റില്‍ കാണാം. ഇതിനൊപ്പം പൂജയുടെ ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. പ്രചരിക്കുന്ന ചിത്രത്തില്‍ കേന്ദ്രമന്ത്രിയുടെ കൂടെയുള്ള ആളെയും ഈ ചിത്രങ്ങളില്‍ കാണാം.
പ്രചരിക്കുന്ന ചിത്രം ഈ പരിപാടിയിലേതാണെന്ന് സ്ഥിരീകരിക്കുന്നതിനായി പൂജയുടെ വീഡിയോ ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ ശ്രമിച്ചു. BJP India എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍നിന്നും ഇതിന്‍റെ വീഡിയോ ലഭിച്ചു. ഇതില്‍ നിലവില്‍ പ്രചരിക്കുന്ന ചിത്രത്തിന്‍റെ അതേ ആംഗിളില്‍നിന്നുള്ള ദൃശ്യങ്ങള്‍ കാണാം.
ഇതോടെ 2019 ഒക്ടോബര്‍ 8ന് ഫ്രാന്‍സില്‍വെച്ച് നടന്ന റാഫേല്‍ വിമാനങ്ങളുടെ ആയുധപൂജയുടെ ചിത്രങ്ങളാണ് എഡിറ്റ് ചെയ്ത് രാജ്യാതിര്‍ത്തിയിലേതെന്ന അടിക്കുറിപ്പോടെ പ്രചരിപ്പിക്കുന്നതെന്ന് വ്യക്തമായി.
റാഫേല്‍ വിമാനങ്ങളുടെ ആയുധപൂജ 2019ല്‍ തന്നെ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. രാജ്യത്തെ രക്ഷിക്കാനുള്ള വിമാനങ്ങളെ രക്ഷിക്കാന്‍ പൂജ ചെയ്യുന്നു എന്നും പ്രതിരോധമേഖലയില്‍ മതാചാരങ്ങള്‍ പാടില്ലെന്നും ശക്തമായ വിമര്‍ശനങ്ങള്‍ പ്രതിപക്ഷം ഉയര്‍ത്തുകയും ഇത് വലിയ വാര്‍ത്താ പ്രാധാന്യം നേടുകയും ചെയ്തിരുന്നു.
Conclusion:
കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് അതിര്‍ത്തിയില്‍ ചെറുനാരങ്ങയും പച്ചമുളകുമുപയോഗിച്ച് പൂജ ചെയ്തുവെന്ന അവകാശവാദം തീര്‍ത്തും വ്യാജമാണ്. 2019 ലെ റാഫേല്‍ ആയുധപൂജയുടെ ചിത്രങ്ങളുടെ പശ്ചാത്തലം എഡിറ്റ് ചെയ്ത് മാറ്റിയാണ് നിലവിലെ പ്രചരണമെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.