Fact Check: ഇന്ദിരാഗാന്ധി ഉദ്ഘാടനം ചെയ്ത ഭാരതമാതാ ക്ഷേത്രത്തിലെ പ്രതിഷ്ഠ? ചിത്രത്തിന്റെ സത്യമറിയാം

മുന്‍പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഉദ്ഘാടനം ചെയ്ത ഹരിദ്വാറിലെ ഭാരതമാതാ ക്ഷേത്രത്തിലെ പ്രതിഷ്ഠയെന്ന വിവരണത്തോടെ കാവിക്കൊടിയേന്തിയ ‘ഭാരതാംബ’ പ്രതിമയുടെ ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

By -  HABEEB RAHMAN YP
Published on : 26 Jun 2025 2:04 PM IST

Fact Check: ഇന്ദിരാഗാന്ധി ഉദ്ഘാടനം ചെയ്ത ഭാരതമാതാ ക്ഷേത്രത്തിലെ പ്രതിഷ്ഠ? ചിത്രത്തിന്റെ സത്യമറിയാം
Claim:ഇന്ദിരാഗാന്ധി ഉദ്ഘാടനം ചെയ്ത ഹരിദ്വാറിലെ ഭാരത് മാതാ മന്ദിറിലെ ഭാരതാംബയുടെ പ്രതിഷ്ഠ
Fact:പ്രചാരണം അടിസ്ഥാനരഹിതം; പ്രചരിക്കുന്ന ചിത്രം ഉദയ്പൂരിലെ പ്രതാപ് ഗൗരവ് കേന്ദ്രത്തിലെ ഭാരതാംബ പ്രതിമയുടേത്.

സംസ്ഥാനത്ത് രാജ്ഭവനിലെ ചടങ്ങുകളില്‍‌ ‘ഭാരതാംബ’യുടെ ചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തുന്നതുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ തുടരുകയാണ്. സംസ്ഥാന സര്‍ക്കാര്‍ ഇതിനെതിരെ രേഖാമൂലം വിയോജിപ്പ് പ്രകടിപ്പിച്ചുകഴിഞ്ഞു. അതേസമയം രാജ്ഭവന്റെ ചടങ്ങുകളില്‍ ‘ഭാരതാംബ’യുടെ ചിത്രത്തിന് മുന്നിലെ പുഷ്പാര്‍ച്ചന ഒഴിവാക്കാനാവില്ലെന്ന നിലപാടിലാണ് ഗവര്‍ണര്‍. ഇതിനിടെയാണ് മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഉദ്ഘാടനം ചെയ്ത ഹരിദ്വാറിലെ ഭാരതമാതാ ക്ഷേത്രത്തിലെ ഭാരതാംബയുടെ പ്രതിഷ്ഠയെന്ന അവകാശവാദത്തോടെ ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കാവിക്കൊടിയേന്തി നില്‍ക്കുന്ന പ്രതിമയാണ് ചിത്രത്തില്‍.




Fact-check:

പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഹരിദ്വാര്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠയല്ല ചിത്രത്തിലേതെന്നും വസ്തുതാ പരിശോധനയില്‍ കണ്ടെത്തി.

പ്രചരിക്കുന്ന ചിത്രം റിവേഴ്സ് ഇമേജ് സെര്‍ച്ചില്‍ പരിശോധിച്ചതോടെ ഇത് 2025 മാര്‍ച്ചില്‍ ഒരു ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചതായി കണ്ടെത്തി. പ്രതാപ് ഗൗരവ് കേന്ദ്രത്തിലേക്ക് സ്വാഗതം എന്ന വിവരണത്തോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. pgkudaipur എന്ന ഇന്‍സ്റ്റഗ്രാം ഐഡി ഇത് രാജസ്ഥാനിലെ ഉദയ്പൂരിലെ കേന്ദ്രമാകാമെന്ന സൂചന നല്‍കി.



ഈ സൂചന ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ രാജസ്ഥാനിലെ ഉദയ്പൂരില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കേന്ദ്രമായ പ്രതാപ് ഗൗരവ് കേന്ദ്രയുടെ വെബ്സൈറ്റ് കണ്ടെത്തി. സ്ഥാപനത്തിന്റെ ചരിത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ വെബ്സൈറ്റില്‍ നല്‍കിയിട്ടുണ്ട്. ‌‌




ഇതോടെ ഇത് ഒരു സ്വകാര്യ സ്ഥാപനമാണെന്നും ഹരിദ്വാറിലെ ഭാരത് മാതാ ക്ഷേത്രവുമായി ബന്ധമില്ലെന്നും വ്യക്തമായി. ഈ കേന്ദ്രത്തിന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടില്‍നിന്നും മാര്‍ച്ചില്‍ പ്രചരിക്കുന്ന ചിത്രവും മറ്റ് ചിത്രങ്ങളും പങ്കുവെച്ചതായി കാണാം.



കേന്ദ്രത്തിന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ഈ പ്രതിമയ്ക്ക് മുന്നിലിരിക്കുന്ന സന്ദര്‍ശകരുടെ വീഡിയോയുമുണ്ട്.



തുടര്‍ന്ന് ഹരിദ്വാറിലെ ഭാരതമാതാ ക്ഷേത്രത്തെക്കുറിച്ച് അന്വേഷിച്ചു. 1983 ല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയാണ് മന്ദിരത്തിന്റെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്തത്. ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട നിരവധി വീഡിയോകള്‍ യൂട്യൂബിലും കണ്ടെത്തി. ദൃശ്യങ്ങളിലെവിടെയും പ്രചരിക്കുന്ന ചിത്രത്തിലേതോ അതിന് സമാനമോ ആയ പ്രതിഷ്ഠയോ നിര്‍മിതികളോ കണ്ടെത്താനായില്ല.




ഇതോടെ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമായി.


Conclusion:

ഇന്ദിരാഗാന്ധി ഉദ്ഘാടനം ചെയ്ത ഹരിദ്വാറിലെ ഭാരതമാതാ മന്ദിരത്തിലേതെന്ന തരത്തില്‍ പ്രചരിക്കുന്ന കാവിക്കൊടിയേന്തിയ ‘ഭാരതാംബ’യുടെ ചിത്രത്തിന് ഈ ക്ഷേത്രവുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമായി. ഇത് രാജസ്ഥാനിലെ ഉദയ്പൂരില്‍ പ്രവര്‍ത്തിക്കുന്ന പ്രതാപ് ഗൗരവ് കേന്ദ്ര എന്ന സ്വകാര്യ കേന്ദ്രത്തിലെ പ്രതിമയാണെന്ന് വസ്തുത പരിശോധനയില്‍ സ്ഥിരീകരിച്ചു.

Claim Review:ഇന്ദിരാഗാന്ധി ഉദ്ഘാടനം ചെയ്ത ഹരിദ്വാറിലെ ഭാരത് മാതാ മന്ദിറിലെ ഭാരതാംബയുടെ പ്രതിഷ്ഠ
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Fact:പ്രചാരണം അടിസ്ഥാനരഹിതം; പ്രചരിക്കുന്ന ചിത്രം ഉദയ്പൂരിലെ പ്രതാപ് ഗൗരവ് കേന്ദ്രത്തിലെ ഭാരതാംബ പ്രതിമയുടേത്.
Next Story