എമ്പുരാന്‍ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടരുകയാണ്. കേന്ദ്രസര്‍ക്കാറിനെ വിമര്‍ശിക്കുന്നുവെന്നാരോപിച്ച് ചിത്രം രണ്ടാമത് സെന്‍സര്‍ ചെയ്യണമെന്ന് വിവിധ കോണുകളില്‍നിന്ന് ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ പിന്നീട് സമ്മര്‍ദ്ദങ്ങളെത്തുടര്‍ന്ന് നിര്‍മാതാക്കള്‍ തന്നെ ചിത്രത്തിലെ ചിലഭാഗങ്ങള്‍ ഒഴിവാക്കാന്‍ തയ്യാറായി. ചിത്രത്തിലെ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച മോഹന്‍ലാല്‍ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സമൂഹമാധ്യമങ്ങളില്‍ ഖേദപ്രകടനവും നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സിനിമയില്‍നിന്ന് വെട്ടിമാറ്റിയ ദൃശ്യങ്ങളെന്ന അവകാശവാദത്തോടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. രണ്ടുമിനുറ്റോളം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ മുസ്ലിം വേഷധാരികളായ ഒരുകൂട്ടം പേര്‍ ഒരു ട്രെയിന്‍ ആക്രമിക്കുന്നതും തീയിടുന്നതും കാണാം. ചിത്രത്തില്‍നിന്ന് വെട്ടിമാറ്റിയ രണ്ടുമിനുറ്റ് ദൃശ്യങ്ങളാണെന്നും ഇതിനൊപ്പം എഴുതിച്ചേര്‍ത്തിട്ടുണ്ട്.
Fact-check:
പ്രചാരണം അടിസ്ഥാനരഹിതമാണെന്നും പ്രചരിക്കുന്നത് എമ്പുരാന്‍ സിനിമയിലെ ദൃശ്യങ്ങളല്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
പ്രചരിക്കുന്ന ദൃശ്യങ്ങള്‍ പരിശോധിച്ചതോടെ തിയേറ്ററില്‍ നിലവില്‍ പ്രദര്‍ശിപ്പിക്കുന്ന ദൃശ്യത്തിലെ ഭാഗങ്ങളല്ലെന്ന് വ്യക്തമായി. മാത്രവുമല്ല, പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ മുസ്ലിം വേഷധാരികളായ യുവാക്കളാണ് ട്രെയിന്‍ ആക്രമിക്കുന്നത്. അതേസമയം മുസ്ലിംകളെ നിരപരാധികളായി അവതരിപ്പിച്ചുവെന്നതാണ് വിവിധ കോണുകളില്‍നിന്ന് സിനിമയെ വിമര്‍ശിക്കുന്നവര്‍ ഉയര്‍ത്തുന്ന ആരോപണം. ഇതിലെ പരസ്പര വൈരുദ്ധ്യം പ്രചരിക്കുന്നത് മറ്റൊരു ചിത്രത്തിലെ ദൃശ്യങ്ങളാകാമെന്ന സൂചന നല്‍കി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ 2024 നവംബറില്‍ പുറത്തിറങ്ങിയ “ദി സബര്‍മതി റിപ്പോര്‍ട്ട്” എന്ന ഹിന്ദി ചിത്രത്തിലെ ദൃശ്യങ്ങളാണിതെന്ന് കണ്ടെത്തി. സീ മ്യൂസിക്ക് പുറത്തിറക്കിയ ചിത്രത്തിലെ ‘രാജാറാം’ എന്ന ഗാനത്തില്‍ പ്രചരിക്കുന്ന ദൃശ്യങ്ങളിലെ പല ഭാഗങ്ങളും കണ്ടെത്താനായി.
ഇതോടെ പ്രചാരണം വസ്തുതാവിരുദ്ധമാണെന്ന് വ്യക്തമായി. എമ്പുരാന്‍ ചിത്രത്തിന്റെ പ്രമേയത്തിന് വിരുദ്ധമായ ഉള്ളടക്കമാണ് പ്രചരിക്കുന്ന ദൃശ്യങ്ങളിലുള്ളത്. അതുകൊണ്ടുതന്നെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനായി മനഃപൂര്‍വം പ്രചരിപ്പിക്കുന്ന ദൃശ്യങ്ങളാണിതെന്ന് അനുമാനിക്കാം.
Conclusion:
എമ്പുരാന്‍ സിനിമയിലെ ഒഴിവാക്കിയ ദൃശ്യങ്ങളെന്ന വിവരണത്തോടെ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ 2024 ല്‍ പുറത്തിറങ്ങിയ “ദി സബര്‍മതി റിപ്പോര്‍ട്ട്” എന്ന ഹിന്ദി ചലച്ചിത്രത്തിലേതാണെന്നും ഇത് എമ്പുരാന്‍ സിനിമയുടെ കഥയ്ക്ക് വിരുദ്ധമാണെന്നും അന്വേഷണത്തില്‍ സ്ഥിരീകരിച്ചു.