ഡല്‍ഹി ജമാ മസ്ജിദിലെ ഷാഹി ഇമാം ബിജെപിയില്‍ ചേര്‍ന്നുവെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചരണം. വിവിധ ബിജെപി-സംഘ്പരിവാര്‍ അക്കൗണ്ടുകളില്‍നിന്ന് പങ്കുവെച്ചിരിക്കുന്ന വീഡിയോയില്‍ ഇമാമിനെ മാലയണിയിക്കുന്ന നേതാക്കളെയും പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെയും മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഡോ. ഹര്‍ഷവര്‍ധന്‍റെയും ഇമാമിന്‍റെയും ചിത്രം ഉള്‍പ്പെടുത്തിയ ബാനറും കാണാം.
BJP Pappinisseri എന്ന ഫെയ്സ്ബുക്ക് പേജില്‍നിന്ന് പങ്കുവെച്ചിരിക്കുന്ന വീഡിയോയ്ക്കൊപ്പം ജനാധിപത്യബോധവും ദേശീയബോധവുമുള്ളവര്‍ NDAയ്ക്കൊപ്പം എന്ന അവകാശവാദവും കാണാം.
Sangh Parivar Editors Kerala എന്ന അക്കൗണ്ടില്‍നിന്ന് ഫെയ്സ്ബുക്ക് റീലായും ഇതേ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.
Fact-check:
ഒരുമിനുറ്റില്‍ താഴെ മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയുടെ സ്ക്രീന്‍ഷോട്ടുകള്‍ ഉപയോഗിച്ച് ഫെയ്സ്ബുക്കില്‍ നടത്തിയ റിവേഴ്സ് ഇമേജ് പരിശോധനയില്‍ വിവിധ അക്കൗണ്ടുകളില്‍നിന്ന് കൂടുതല്‍ ദൈര്‍ഘ്യമേറിയ വീഡിയോ പങ്കുവെച്ചതായി കണ്ടെത്തി.
വീഡിയോ സൂക്ഷ്മമായി പരിശോധിച്ചാല്‍ അവസാനഭാഗത്ത് ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഡോ. ഹര്‍ഷവര്‍ധനെയും മാലയണിയിക്കുന്നതായി കാണാം.
ഇതോടെ ഇത് എന്തെങ്കിലും ഔദ്യോഗിക ചടങ്ങ് ആയിരിക്കാമെന്ന സൂചനകള്‍ ലഭിച്ചു. തുടര്‍ന്ന് ഡോ. ഹര്‍ഷവര്‍ധന്‍റെ ട്വിറ്റര്‍ അക്കൗണ്ട് പരിശോധിച്ചു. 2023 മാര്‍ച്ച് 11 ന് അദ്ദേഹം പങ്കുവെച്ച ചിത്രങ്ങളും വീഡിയോയും ലഭിച്ചു.
അതേ ദിവസം വൈകീട്ട് പങ്കുവെച്ച വീഡിയോയില്‍ ചടങ്ങില്‍ ഇമാം സംസാരിക്കുന്നതിന്‍റെ ചില ഭാഗങ്ങള്‍ കാണാം. ഇമാമിന്റെ വാക്കുകള്‍ അനുഗ്രഹമാണെന്നും തന്‍റെ കുട്ടിക്കാലം ഈ പ്രദേശത്തായിരുന്നുവെന്നും ഹര്‍ഷവര്‍ധനന്‍ ട്വീറ്റില്‍ കുറിച്ചതായി കാണാം.
ചടങ്ങില്‍ അദ്ദേഹം സംസാരിക്കുന്നതിന്‍റെ ദൃശ്യങ്ങളും ഹര്‍ഷവര്‍ധന്‍ പങ്കുവെച്ചിട്ടുണ്ട്.
ഇതോടെ പ്രചരിക്കുന്ന വീഡിയോ ഇമാം ബിജെപിയില്‍ ചേര്‍ന്നതല്ലെന്നും എംപി ഫണ്ടുപയോഗിച്ച് നിര്‍മിക്കുന്ന ശൗചാലയത്തിന്‍റെ തറക്കില്ലിടല്‍ ചടങ്ങിലേതാണെന്നും വ്യക്തമായി.
Conclusion:
ഡല്‍ഹി ജമാ മസ്ജിദിലെ ഷാഹി ഇമാം അഹമ്മദ് ബുഖാരി ബിജെപിയില്‍ ചേര്‍ന്നുവെന്ന അവകാശവാദം വ്യാജമാണെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി. പ്രചരിക്കുന്ന വീഡിയോ ജമാ മസ്ജിദിന് സമീപം നിര്‍മിക്കുന്ന ശൗചാലയത്തിന്‍റെ തറക്കല്ലിടല്‍ ചടങ്ങിന്‍റേതാണെന്നും സ്ഥിരീകരിച്ചു.