Fact Check: വി ജോയ് എംഎല്‍എ വോട്ടുചെയ്ത പെരുങ്ങുഴി സര്‍ക്കാര്‍ സ്കൂളിന്റെ ശോചനീയാവസ്ഥ? ചിത്രത്തിന്റെ വാസ്തവം

വര്‍ക്കല നിയോജകമണ്ഡലം എംഎല്‍എ വി. ജോയ് തദ്ദേശതിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്ന ചിത്രമുപയോഗിച്ചാണ് സ്കൂളിന്റെ ശോചനീയാവസ്ഥയെന്ന വിവരണത്തോടെ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം.

By -  HABEEB RAHMAN YP
Published on : 12 Dec 2025 5:57 PM IST

Fact Check: വി ജോയ് എംഎല്‍എ വോട്ടുചെയ്ത പെരുങ്ങുഴി സര്‍ക്കാര്‍  സ്കൂളിന്റെ ശോചനീയാവസ്ഥ? ചിത്രത്തിന്റെ വാസ്തവം
Claim:തദ്ദേശ തിരഞ്ഞെടുപ്പില്‍ വര്‍ക്കല എംഎല്‍എ വി ജോയ് വോട്ടുചെയ്യാനെത്തിയ പെരുങ്ങുഴി സ്കൂളിന്റെ ശോചനീയാവസ്ഥ
Fact:സ്കൂളില്‍ പുതിയ കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയായതാണ്. പോളിങ് ബൂത്തായി പഴയ കെട്ടിടം തിരഞ്ഞെടുത്തതാണെന്ന് അന്വേഷണത്തില്‍ സ്ഥിരീകരിച്ചു.

തദ്ദേശതിരഞ്ഞെടുപ്പില്‍ സിപിഎം എംഎല്‍എ വോട്ടുചെയ്യാനെത്തിയ സ്വന്തം മണ്ഡലത്തിലെ സര്‍ക്കാര്‍ സ്കൂളിന്റെ ശോചനീയാവസ്ഥയെന്ന വിവരണത്തോടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. തിരുവനന്തപുരം ജില്ലയിലെ വര്‍ക്കല നിയോജകമണ്ഡലം എംഎല്‍എ വി. ജോയ് തദ്ദേശതിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്ന ചിത്രമാണ് പ്രചരിക്കുന്നത്. ഡിസംബര്‍ 9ന് നടന്ന തദ്ദേശതിരഞ്ഞെടുപ്പില്‍ പെരുങ്ങുഴി ഗവണ്മെന്റ് എല്‍പി സ്കൂളിലെത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം അദ്ദേഹം തന്നെ പങ്കിട്ട ചിത്രമാണിത്. സ്കൂളിന്റെ ശോചനീയാവസ്ഥയെന്ന വിവരണത്തോടെ പ്രചരിക്കുന്ന ചിത്രത്തില്‍ ഷീറ്റ് കെട്ടി മറച്ച ജനലുകളും പഴയതെന്ന് തോന്നിക്കുന്ന ചുവരുകളും കാണാം.





Fact-check:


പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും സ്കൂളില്‍ പുതിയ കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയായതാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

പ്രചരിക്കുന്ന ചിത്രം വി ജോയ് എംഎല്‍എ ഫെയ്സ്ബുക്കില്‍ പങ്കിട്ട ചിത്രമായതിനാല്‍ അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പേജാണ് ആദ്യം പരിശോധിച്ചത്. ഈ പോസ്റ്റിന് ശേഷം പ്രചാരണം ശ്രദ്ധയില്‍പെട്ട അദ്ദേഹം മറ്റൊരു പോസ്റ്റും പങ്കുവെച്ചതായി കണ്ടു. സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ ഒരു വീഡിയോ ഉള്‍പ്പെടെ പങ്കിട്ട പോസ്റ്റില്‍ പഴയ കെട്ടിടം പോളിങ് ബൂത്തായി ഉപയോഗിച്ചതാണ് തെറ്റായ പ്രചാരണത്തിലേക്ക് നയിച്ചതെന്ന് അദ്ദേഹം വിശദീകരിക്കുന്നു.



തുടര്‍ന്ന് അദ്ദേഹവുമായി ഫോണില്‍ സംസാരിച്ചു. പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ആധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടം സ്കൂളില്‍ നിര്‍മിച്ചിട്ടുണ്ടെന്നും ഒന്നിലധികം പോളിങ് ബൂത്തുകള്‍ ഉണ്ടായിരുന്നതിനാലാണ് പഴയ കെട്ടിടവും വോട്ടെടുപ്പിന് ഉപയോഗിച്ചതെന്നും അദ്ദേഹം ന്യൂസ്മീറ്ററിനോട് വ്യക്തമാക്കി.


“പെരുങ്ങുഴി ഗവണ്മെന്റ് എല്‍പി സ്കൂളിന്റെ പരിതാപകരമായ അവസ്ഥയെന്ന തരത്തില്‍ എന്റെ ചിത്രമുപയോഗിച്ച് നടത്തുന്ന പ്രചാരണം തീര്‍ത്തും വ്യാജമാണ്. തദ്ദേശ തിര‍ഞ്ഞെടുപ്പില്‍ പോളിങ് ബൂത്തായി സ്കൂളിലെ പഴയ കെട്ടിടം ഉപയോഗിച്ചിരുന്നു. ഒന്നിലധികം ബൂത്തുകള്‍ ഉണ്ടായിരുന്നതിനാലാണ് ഈ കെട്ടിടം ഉപയോഗിച്ചത്. സ്കൂളില്‍ പുതിയ കെട്ടിടം നിര്‍മിച്ചുകഴിഞ്ഞതാണ്. ഇത് അറിയുന്നവര്‍ തന്നെയാണ് പഴയ ചിത്രം രാഷ്ട്രീയപരമായി ഉപയോഗിക്കുന്നത്.”


പുതിയ കെട്ടിടത്തിന്റെ ദൃശ്യങ്ങള്‍ എംഎല്‍എ പങ്കിട്ട വീഡിയോയില്‍ കാണാമെങ്കിലും ഇവിടെ ക്ലാസുകള്‍ നടക്കുന്ന ദൃശ്യങ്ങള്‍ അതിലില്ല. ഈ പശ്ചാത്തലത്തില്‍ സ്കൂള്‍ ഹെഡ്മിസ്ട്രസുമായി ഫോണില്‍ സംസാരിച്ചു. അവരുടെ പ്രതികരണം:


“തദ്ദേശ തിര‍ഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ചിത്രം തെറ്റിദ്ധരിപ്പിക്കുന്നതാണ്. വോട്ടെടുപ്പ് നടന്നത് ആ ചിത്രത്തില്‍ കാണുന്ന കെട്ടിടത്തില്‍ തന്നെയാണ്. എന്നാല്‍ ഇത് സ്കൂളിന്റെ ശോചനീയാവസ്ഥ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത് ശരിയല്ല. ആധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടത്തിന്റെ പണി ഏറെക്കുറെ പൂര്‍ത്തിയായതാണ്. ഇതിന്റെ ഉദ്ഘാടനം കഴിഞ്ഞില്ലെങ്കിലും പുതിയ കെട്ടിടത്തിലേക്ക് മാറാന്‍ അനുമതി ലഭിച്ചതുമാണ്. അത്യാവശ്യ ക്ലാസുകളും പരീക്ഷകളും മാത്രമേ ഇവിടെ നടത്താറുള്ളൂ. തിരഞ്ഞെടുപ്പിന് പോളിങ്ബൂത്ത് തിരഞ്ഞെടുക്കുന്നത് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിക്കുന്ന ഉദ്യോഗസ്ഥരാണ്. അവരെ സംബന്ധിച്ചിടത്തോളം കെട്ടിടത്തിന്റെ പഴക്കം പ്രശ്നമല്ല. റാംപ് ഉള്‍പ്പെടെ സൗകര്യങ്ങള്‍ പരിഗണിച്ചാണ് ആ കെട്ടിടം തിര‍ഞ്ഞെടുത്തത്. മാത്രവുമല്ല, ക്ലാസമുറിയിലെ ചാര്‍ട്ട് പേപ്പറുകളെല്ലാം മാറ്റിയതിനാലാണ് ഭിത്തി അഴുകിയതായി തോന്നുന്നത്. പുതിയ കെട്ടിവും അനുബന്ധ സൗകര്യങ്ങളും സജ്ജമാണ്. ഈ മാസം തന്നെ മാറാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. ഈ സാഹചര്യത്തില്‍ സ്കൂളിന്റെ ശോചനീയാവസ്ഥ എന്ന പ്രചാരണത്തില്‍ കഴമ്പില്ല.”


സ്കൂളിലെ പഴയ കെട്ടിടത്തിന്റെയും ഏറെക്കുറെ പണി പൂര്‍ത്തിയായ പുതിയ കെട്ടിടത്തിന്റെയും ചിത്രങ്ങളും ലഭിച്ചു.



ഇതോടെ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമായി.


Conclusion:

വര്‍ക്കല എംഎല്‍എ വി ജോയ് തദ്ദേശതിരഞ്ഞെടുപ്പില്‍ വോട്ടുചെയ്ത പെരുങ്ങുഴി സര്‍ക്കാര്‍ എല്‍പി സ്കൂളിന്റെ ശോചനീയാവസ്ഥ എന്ന തരത്തില്‍ നടക്കുന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. സ്കൂളില്‍ പുതിയ കെട്ടിടത്തിന്റെ പണി പൂര്‍ത്തിയായതാണെന്നും പോളിങ് ബൂത്തായി പഴയ കെട്ടിടം ഉപയോഗിച്ചതാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Fact:സ്കൂളില്‍ പുതിയ കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയായതാണ്. പോളിങ് ബൂത്തായി പഴയ കെട്ടിടം തിരഞ്ഞെടുത്തതാണെന്ന് അന്വേഷണത്തില്‍ സ്ഥിരീകരിച്ചു.
Next Story