സീതാറാം യെച്ചൂരിയുടെ ഭൗതികദേഹത്തെ വണങ്ങുന്ന ഡോക്ടര്‍മാരുടേതെന്ന അടിക്കുറിപ്പോടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. നിര്യാണത്തിനു പിന്നാലെ അദ്ദേഹത്തിന്റെ ഭൗതികശരീരം ഡല്‍ഹി എയിംസിലെ ഗവേഷണങ്ങള്‍ക്കായി കുടുംബം വിട്ടുനല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ ഈ ആഗ്രഹത്തിന് ആദരമര്‍പ്പിച്ചുകൊണ്ട് ഡല്‍ഹി എയിംസിലെ ഒരുകൂട്ടം ഡോക്ടര്‍മാര്‍ അദ്ദേഹത്തിന്റെ മൃതദേഹത്തെ വണങ്ങുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
Fact-check:
പ്രചാരണം അടിസ്ഥാനരഹിതമാണന്നും ചിത്രത്തിലുള്ളത് സീതാറാം യെച്ചൂരിയോ ഡല്‍ഹി എയിംസിലെ ഡോക്ടര്‍മാരോ അല്ലെന്നും ന്യൂസ്മീറ്റര്‍ വസ്തുത പരിശോധനയില്‍ വ്യക്തമായി.
ചിത്രം റിവേഴസ് ഇമേജ് സെര്‍ച്ചിന് വിധേയമാക്കിയതോടെ വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഈ ചിത്രം സമൂഹമാധ്യമങ്ങളിലുണ്ടെന്ന് വ്യക്തമായി.
2019-ലും 2020-ലുമെല്ലാം വ്യത്യസ്ത ഭാഷകളില്‍ വിവിധ അവകാശവാദങ്ങളോടെ ഈ ചിത്രം പ്രചരിച്ചിരുന്നതായി കണ്ടെത്തി. ഇതോടെ സീതാറാം യെച്ചൂരിയുടെ വിയോഗവുമായി ചിത്രത്തിന് യാതൊരു ബന്ധവുമില്ലെന്ന് ഉറപ്പിക്കാനായി.
പിന്നീട് ചിത്രത്തിന്റെ യഥാര്‍ത്ഥ പശ്ചാത്തലം കണ്ടെത്തുന്നതിനായി പരിശോധനകള്‍ തുടര്‍ന്നു. റിവേഴ്സ് ഇമേജ് സെര്‍ച്ചില്‍ ലഭ്യമായ ഫലങ്ങളില്‍ ഏറ്റവും പഴയ തിയതികളിലേത് പരിശോധിച്ചതോടെ ചിത്രം 2016-ലേതാണെന്ന് കണ്ടെത്തി. 2016 സെപ്തംബര്‍ 30ന് ഒരു ചൈനീസ് മാധ്യമ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍നിന്ന് ഇതിന്റെ വിശദാംശങ്ങള്‍ ലഭ്യമായി.
ടിബറ്റില്‍ വളണ്ടിയറായി സേവനമനുഷ്ഠിക്കുന്നതിനിടെ മരണപ്പെട്ട ചൈനീസ് ഡോക്ടറുടെ ഭൗതികദേഹത്തിന് മുന്നിലാണ് മറ്റ് ഡോക്ടര്‍മാര്‍ ആദരമര്‍പ്പിക്കുന്നത്. മരണശേഷം സ്വന്തം അവയവങ്ങള്‍ ദാനം ചെയ്യാന്‍ അദ്ദേഹം സന്നദ്ധത അറിയിച്ചിരുന്നു. ചൈനയിലെ അന്‍ഹുയി പ്രവിശ്യയിലെ 41-കാരനായ ഴാവോ ജൂ വാണ് ഈ ഡോക്ടര്‍ എന്ന് വ്യക്തമാക്കുന്ന മറ്റ് റിപ്പോര്‍ട്ടുകളും ലഭ്യമായി.
ടിബറ്റിലെ ഷനാനില്‍ സന്നദ്ധസേവനത്തിനായി എത്തിയ അദ്ദേഹത്തിന് ശാരീരികാസ്വാസ്ഥ്യം നേരിടുകയും പിന്നീട് തലച്ചോറില്‍ ധമനിവീക്കം കണ്ടെത്തുകയുമായിരുന്നു. സെപ്തംബര്‍ 22 നാണ് അദ്ദേഹം മരണപ്പെട്ടത്. പിന്നീട് അദ്ദേഹത്തിന്റെ അവയവങ്ങള്‍ ദാനം ചെയ്യുകയും ഇതിന്റെ ഭാഗമായി സെപ്തംബര്‍ 29ന് ആശുപത്രിയില്‍ വെച്ച് മറ്റ് ഡോക്ടര്‍മാര്‍ അദ്ദേഹത്തിന്റെ ഭൗതികദേഹം വണങ്ങി ആദരമര്‍പ്പിക്കുകയുമായിരുന്നു.
സമാനമായ മറ്റ് റിപ്പോര്‍ട്ടുകളും ലഭിച്ചതോടെ സംഭവത്തിന് സീതാറാം യെച്ചൂരിയുമായി യാതൊരു ബന്ധവുമില്ലെന്ന് സ്ഥിരീകരിച്ചു.
Conclusion:
അവയവദാനത്തിന് പിന്നാലെ സീതാറാം യെച്ചൂരിയുടെ ഭൗതികദേഹം വണങ്ങുന്ന ഡല്‍ഹി എയിംസിലെ ഡോക്ടര്‍മാരുടേതെന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന ചിത്രം തെറ്റിദ്ധരിപ്പിക്കുന്നതാണ്. ചിത്രം 2016ലേതാണെന്നും ടിബറ്റില്‍ വളണ്ടിയറായി സേവനമനുഷ്ഠിക്കുന്നതിനിടെ മരണപ്പെട്ട ചൈനീസ് ഡോക്ടറുടെ മൃതദേഹത്തിന് മുന്നിലാണ് മറ്റ് ഡോക്ടര്‍മാര്‍ ആദരമര്‍പ്പിക്കുന്നതെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.