"ഫ്രിഡ്ജില്‍ സൂക്ഷിച്ച മുട്ട ഒരിക്കലും കഴിക്കരുത്" - പ്രചരണം വസ്തുതാവിരുദ്ധം
മുട്ട ഉള്‍പ്പെടെ വിവിധ ഭക്ഷ്യവസ്തുക്കള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് സാധാരണ അന്തരീക്ഷ താപനിലയെ അപേക്ഷിച്ച് കൂടുതല്‍ കാലം കേടാവാതിരിക്കാന്‍ സഹായിക്കുമെന്നും ഫ്രിഡ്ജില്‍ സൂക്ഷിച്ച മുട്ട വേവിച്ച് കഴിക്കുന്നതുകൊണ്ട് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാവില്ലെന്നും ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കി.
By HABEEB RAHMAN YP Published on 27 Aug 2022 11:36 AM ISTഫ്രിഡ്ജില്‍ സൂക്ഷിച്ച മുട്ട ഒരു കാരണവശാലും കഴിക്കരുതെന്നും ഇത് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നും സമൂഹമാധ്യമങ്ങളില്‍ പ്രചരണം. www.arogyamlife.com എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്‍റെ ലിങ്ക് സഹിതമാണ് ആരോഗ്യം എന്ന ഫെയ്സ്ബുക്ക് പേജില്‍ 2022 ആഗസ്റ്റ് 24ന് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. മൂന്നര ലക്ഷത്തിലധികം പേര്‍ പിന്തുടരുന്ന പേജിലെ ഈ പോസ്റ്റ് ഇതിനകം മുന്നൂറിലധികം പേര്‍ പങ്കുവെച്ചിട്ടുണ്ട്.
ഫ്രിഡ്ജില്‍ സൂക്ഷിച്ച മുട്ട ഒരിക്കലും കഴിക്കരുതെന്ന രീതിയിലാണ് ലേഖനത്തിന്‍റെ തലക്കെട്ട്. ഫ്രിഡ്ജില്‍ സൂക്ഷിച്ച മുട്ട കഴിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് ലേഖനത്തില്‍ പറയുന്നു. മുട്ട ഫ്രിഡ്ജില്‍നിന്ന് പുറത്തെടുക്കുമ്പോള്‍ അന്തരീക്ഷോഷ്മാവിലേക്ക് മാറുകയും ആ സമയത്ത് സൂക്ഷ്മദ്വാരങ്ങളിലൂടെ ബാക്ടീരിയ മുട്ടയുടെ അകത്ത് പ്രവേശിക്കുമെന്നുമാണ് വാദം. കൂടാതെ ഫ്രിഡ‍്ജില്‍നിന്നെടുത്ത മുട്ട അന്തരീക്ഷോഷ്മാവിലെത്തുന്നതോടെ പ്രവര്‍ത്തനരഹിതമായ സാല്‍മോണെല്ല ബാക്ടീരിയ സജീവമാകുമെന്നും ഇത് ടൈഫോയ്‍ഡ് പോലുള്ള രോഗങ്ങള്‍ക്ക് കാരണമാകുമെന്നുമാണ് ലേഖനത്തില്‍ പറയുന്നത്.
Fact-check:
വസ്തുതാ പരിശോധനയുടെ ആദ്യഘട്ടത്തില്‍ മുട്ട ഭക്ഷ്യയോഗ്യമായ രീതിയില്‍ സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ ഗവേഷണ പഠനങ്ങളും ലേഖനങ്ങളും പരിശോധിച്ചു. വിവിധ ലോകരാജ്യങ്ങളില്‍ മുട്ട ഭക്ഷ്യാവശ്യത്തിന് മികച്ച രീതിയില്‍ സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് വ്യത്യസ്ത അഭിപ്രായങ്ങള്‍ നിലവിലുണ്ടെന്ന് മനസ്സിലാക്കാനായി. അമേരിക്കയില്‍ ഫ്രിഡ്ജില്‍ വെച്ചും യൂറോപ്പില്‍ അല്ലാതെയുമാണ് മുട്ട ഭക്ഷ്യാവശ്യത്തിന് ഉപയോഗിക്കുന്നത്. ഇത് വിശദമാക്കുന്ന ലേഖനം ഏഷ്യാനെറ്റ് ന്യൂസ് 2018 ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മുട്ട ഭക്ഷ്യയോഗ്യമായ രീതിയില്‍ സൂക്ഷിക്കുന്നതില്‍ അന്തരീക്ഷോഷ്മാവ്, സൂക്ഷിക്കുന്ന കാലയളവ്, ഉപയോഗിക്കുന്ന രീതി തുടങ്ങിയ നിരവധി ഘടകങ്ങളുണ്ടെന്നും ഇത് കാലാവസ്ഥ ഉള്‍പ്പെടെ മാനദണ്ഡങ്ങള്‍ അടിസ്ഥാനപ്പെടുത്തി മാറിയേക്കാമെന്നും വിവിധ പഠനങ്ങളില്‍നിന്ന് വ്യക്തമായി.
കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ആന്‍റ് ഫുഡ് സേഫ്റ്റി ജേണല്‍ 2020-ല്‍ പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധത്തില്‍ ശീതീകരിച്ച് സൂക്ഷിച്ച ഭക്ഷ്യയോഗ്യമായ മുട്ട ഗുണമേന്മ നഷ്ടപ്പെടാതെ 28 ദിവസംവരെ സൂക്ഷിക്കാനായെന്നും എന്നാല്‍ സാധാരണ അന്തരീക്ഷോഷ്മാവില്‍ 7 ദിവസത്തിലധികം സൂക്ഷിച്ച മുട്ടയുടെ ഗുണമേന്മ നഷ്ടപ്പെട്ടെന്നും വ്യക്തമാക്കുന്നു.
ഭക്ഷ്യാവശ്യത്തിനുള്ള മുട്ടയുടെ സൂക്ഷിപ്പുമായി ബന്ധപ്പെട്ട് NCBI 2018-ല്‍ പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധത്തിലും സാധാരണ അന്തരീക്ഷോഷ്മാവില്‍ സൂക്ഷിച്ച മുട്ടയുടെ ഗുണമേന്മ പെട്ടെന്ന് കുറഞ്ഞതായി വ്യക്തമാക്കുന്നു.
നൈജീരിയന്‍ ഫുഡ് ജേണല്‍ 2013-ല്‍ പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധത്തില്‍ സാധാരണ അന്തരീക്ഷോഷ്മാവില്‍ സൂക്ഷിച്ച മുട്ടയില്‍ താരതമ്യേന ഉയര്‍ന്ന നിരക്കില്‍ ബാക്ടീരിയയും യീസ്റ്റും കണ്ടെത്തിയതായും പറയുന്നു.
മൂന്ന് ഗവേഷണ പ്രബന്ധങ്ങളിലും ഭക്ഷ്യയോഗ്യമായ മുട്ട ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് ഏതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുന്നതായോ മുട്ടയുടെ പോഷക ഗുണം കുറയുന്നതായോ സൂചനകളില്ല. അതിനാല്‍ പ്രചരിക്കുന്ന വാദം ശരിയല്ലെന്ന് പ്രാഥമികമായി വ്യക്തമായി.
വസ്തുതാ പരിശോധനയുടെ രണ്ടാം ഘട്ടത്തില്‍ ആരോഗ്യവിദഗ്ധനായ ഡോ. പി.കെ.ശശിധരനെ (റിട്ട. പ്രൊഫ., ഇന്‍റേണല്‍ മെഡിസിന്‍, കോഴിക്കോട് മെഡിക്കല്‍ കോളജ്) ന്യൂസ്മീറ്റര്‍ ബന്ധപ്പെട്ടു. അദ്ദേഹവുമായി നടത്തിയ സംഭാഷണത്തിലെ പ്രസക്തഭാഗങ്ങള്‍ ചുവടെ:
"ഭക്ഷ്യയോഗ്യമായ മുട്ട ഫ്രിഡ്ജില്‍ ശീതീകരിച്ച് സൂക്ഷിക്കുന്നത് മുട്ട കൂടുതല്‍ നാള്‍ കേടാവാതെ നിലനില്‍ക്കാന്‍ സഹായിക്കുമെന്നല്ലാതെ മറ്റ് ദോഷവശങ്ങള്‍ ഉണ്ടെന്ന് കരുതുന്നില്ല. ഏത് ഭക്ഷ്യവിഭവവും ഫ്രിഡ്ജില്‍ സൂക്ഷിക്കാതെ ഉപയോഗിക്കുന്നത് തന്നെയാണ് ഏറ്റവും നല്ലത്. ഫ്രിഡ്ജില്‍ സൂക്ഷിച്ച മുട്ട നന്നായി പാകം ചെയ്ത ശേഷം മാത്രമേ കഴിക്കാവൂ. പൂര്‍ണമായും വേവാത്ത 'ബുള്‍സൈ' പോലുള്ള വിഭവങ്ങള്‍ ഉണ്ടാക്കുമ്പോള്‍ ബാക്ടീരിയ പൂര്‍ണമായി നശിക്കാതെ വന്നേക്കാം. മയണൈസ് പോലുള്ളവ തീര്‍ത്തും അശാസ്ത്രീയമായാണ് ഉണ്ടാക്കുന്നത്. ഒരു നിശ്ചിത ഊഷ്മാവില്‍ ചൂടാക്കുന്നതോടെ ബാക്ടീരിയകള്‍ നശിക്കുന്നു. അതുകൊണ്ട് ഫ്രിഡ്ജില്‍ വെച്ച മുട്ട പുഴുങ്ങിയോ പൊരിച്ചോ കഴിക്കുന്നതുകൊണ്ട് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയില്ല."
കൂടുതല്‍ വ്യക്തതയ്ക്കായി വസ്തുതാ പരിശോധനയുടെ അവസാനഘട്ടത്തില്‍ കാലിക്കറ്റ് സര്‍വകലാശാലാ ബയോടെക്നോളജി വിഭാഗം മേധാവി പ്രൊഫ. ഡോ. കെ.കെ. ഇല്യാസിനെ ന്യൂസ്മീറ്റര്‍ ബന്ധപ്പെട്ടു. പ്രചരിക്കുന്ന സന്ദേശം അടിസ്ഥാനരഹിതമാണെന്നും ഫ്രിഡ്ജില്‍ സൂക്ഷിച്ച മുട്ട വേവിച്ച് കഴിക്കുന്നത് യാതൊരുവിധ ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അദ്ദേഹം പറഞ്ഞ പ്രധാനകാര്യങ്ങള്‍ ചുവടെ:
"ഫ്രിഡ്ജില്‍ സൂക്ഷിച്ച മുട്ട കഴിക്കരുതെന്നത് അടിസ്ഥാനരഹിതമായ പ്രചരണമാണ്. ശീതീകരിച്ച നിലയില്‍ ഭക്ഷ്യവസ്തുക്കള്‍ കൂടുതല്‍ കാലം കേടുകൂടാതെ നിലനില്‍ക്കുകയാണ് ചെയ്യുന്നത്. സാധാരണ അന്തരീക്ഷോഷ്മാവിലാണ് ബാക്ടീരിയ പെരുകാനും പെട്ടെന്ന് കേടാവാനും സാധ്യത. ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതിന് മുന്‍പ് മുട്ട നന്നായി കഴുകി വൃത്തിയാക്കാന്‍ ശ്രദ്ധിക്കണം. പുറത്തെടുത്തതിന് ശേഷം വേവിക്കുന്നതോടെ സാല്‍മോണെല്ല ഉള്‍പ്പെടെ ബാക്ടീരിയ ഉണ്ടെങ്കില്‍തന്നെ അവ നശിക്കുന്നു. ഇവയ്ക്ക് 70 ഡിഗ്രിയില്‍ കൂടുതതല്‍ ഊഷ്മാവില്‍ നിലനില്‍ക്കാനാവില്ല. അതുകൊണ്ടുതന്നെ ഫ്രിഡ്ജില്‍ വെച്ച മുട്ട പൊരിച്ചോ പുഴുങ്ങിയോ കഴിക്കുന്നത് യാതൊരുവിധ ആരോഗ്യപ്രശ്നവും ഉണ്ടാക്കുന്നില്ല."
ഫ്രിഡ്ജില്‍ സൂക്ഷിച്ച മുട്ടയ്ക്ക് രുചിവ്യത്യാസവും ഭാരക്കുറവും കണ്ടെത്തിയതായി പരാമര്‍ശിക്കുന്ന ചില പഠനങ്ങളും കാണാനായി. എന്നാല്‍ ശീതീകരിച്ച് സൂക്ഷിച്ച മുട്ട ഭക്ഷ്യയോഗ്യമല്ലെന്നോ ആരോഗ്യത്തിന് ഹാനികരമാണെന്നോ തെളിയിക്കുന്ന ശാസ്ത്രീയമായ പഠനങ്ങള്‍ ഒന്നും കണ്ടെത്താനായില്ല.
Conclusion:
ഭക്ഷ്യയോഗ്യമായ മുട്ട ശീതീകരിച്ച് സൂക്ഷിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്ന് തെളിയിക്കുന്ന ഗവേഷണ പ്രബന്ധങ്ങളോ ശാസ്ത്രീയ തെളിവുകളോ കണ്ടെത്താനായില്ല. മാത്രവുമല്ല, ആരോഗ്യവിദഗ്ധരും ബയോടെക്നോളജി രംഗത്തെ ഗവേഷകരും ഉള്‍പ്പെടെ സ്ഥിരീകരിക്കുന്നത് മുട്ട ഫ്രിഡ്ജില്‍ സൂക്ഷിച്ച് ഉപയോഗിക്കുന്നതുകൊണ്ട് ആരോഗ്യപ്രശ്നങ്ങള്‍ക്ക് സാധ്യതയില്ലെന്ന് തന്നെയാണ്. ഉപയോഗിക്കുന്നതിന് മുന്‍പ് പൂര്‍ണമായും വേവിച്ച് കഴിക്കണം എന്നതൊഴിച്ചാല്‍ മറ്റ് ആശങ്കകള്‍ക്ക് സ്ഥാനമില്ലെന്ന് വ്യക്തമാണ്. അതിനാല്‍ പ്രചരിക്കുന്ന ലേഖനത്തില്‍ പറയുന്ന കാര്യങ്ങള്‍ അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്.