ഗസ്സ അതിര്‍ത്തിയില്‍ ഈജിപ്ത് പണിത കൂറ്റന്‍ മതില്‍ - ദൃശ്യങ്ങളുടെ വസ്തുതയറിയാം

ഗസ്സ അതിര്‍ത്തിയില്‍ ഈജിപ്ത് 20 അടി ഉയരത്തില്‍ രണ്ട് ലെയറുകളായി മതില്‍ പണിതുവെന്നും അറബ് രാജ്യങ്ങൾ പലസ്തീനികളെ സ്വീകരിക്കാൻ തയ്യാറല്ല എന്നാണ് ഇത് കാണിക്കുന്നതെന്നും പ്രചരിക്കുന്ന വീഡിയോയ്ക്കൊപ്പം നല്കിയ കുറിപ്പില്‍ അവകാശപ്പെടുന്നു.

By -  HABEEB RAHMAN YP |  Published on  18 Oct 2023 3:56 PM GMT
ഗസ്സ അതിര്‍ത്തിയില്‍ ഈജിപ്ത് പണിത കൂറ്റന്‍ മതില്‍ -  ദൃശ്യങ്ങളുടെ വസ്തുതയറിയാം

ഗസ്സ അതിര്‍ത്തിയില്‍ ഈജിപ്ത് കൂറ്റന്‍ മതില്‍ പണിതുവെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചരണം. ഒരു കൂറ്റന്‍ മതില്‍ കയറുന്ന ഏതാനും പേരുടെ ദൃശ്യങ്ങള്‍ സഹിതമാണ് പ്രചരണം.




ഫലസ്തീന്‍കാരുടെ കയ്യിലിരിപ്പ് കാരണം അറബ് രാജ്യങ്ങള്‍ അവരെ സ്വീകരിക്കാന്‍ തയ്യാറല്ലെന്നതിന് തെളിവാണ് മതിലെന്ന് വീഡിയോയ്ക്കൊപ്പം നല്കിയ കുറിപ്പില്‍ ആരോപിക്കുന്നു.


Fact-check:

ഇസ്രയേല്‍ - ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നിരവധി വീഡിയോകളും ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. ഇവയില്‍ പലതും വ്യാജമോ തെറ്റിദ്ധരിപ്പിക്കുന്നതോ ആണ്. അതുകൊണ്ടുതന്നെ വസ്തുതാപരിശോധനയുടെ ആദ്യഘട്ടത്തില്‍ പ്രചരിക്കുന്ന വീഡിയോയിലെ ചില കീഫ്രെയിമുകള്‍ ഉപയോഗിച്ച് റിവേഴ്സ് ഇമേജ് പരിശോധന നടത്തിയ. ഇതോടെ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ പുതിയതല്ലെന്നും 2021 ലേതാണെന്നും വ്യക്തമായി.


2021 മെയ് 17 ന് CNN Arabic പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ സമാനമായ ദൃശ്യം കാണാം. അറബി ഭാഷയില്‍ നല്കിയ റിപ്പോര്‍ട്ട് തര്‍ജമ ചെയ്തതോടെ ഇത് ലെബനനിലെ പ്രതിഷേധക്കാരുടെ ദൃശ്യങ്ങളാണെന്ന് വ്യക്തമായി. ഗസ്സയിലെ ഇസ്രയേല്‍ അധിനിവേശത്തില്‍ പ്രതിഷേധിച്ച് ലെബനനിലെ പ്രതിഷേധക്കാര്‍ 2021 മെയ് 16ന് ഇസ്രയേല്‍-ലെബനന്‍ അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്നതിനിടെ ചിലര്‍ മതിലില്‍ കയറുന്നതിന്റെ ദൃശ്യങ്ങളാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Arab News എന്ന വെബ്സൈറ്റില്‍ റോയിറ്റേഴ്സ് പകര്‍ത്തിയ ചിത്രം ഉള്‍പ്പെടെ വിശദമായ റിപ്പോര്‍ട്ട് കാണാം.


ബീററ്റിലെ അദൈസ്സേ ഗ്രാമത്തിലെ ഇസ്രയേല്‍ അതിര്‍ത്തി പ്രദേശത്തായിരുന്നു പ്രതിഷേധമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 2021 മെയ് 17 നാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

അസോഷ്യേറ്റ് പ്രസ് ഉള്‍പ്പെടെ അന്താരാഷ്ട്രമാധ്യമങ്ങളും ഇതുസംബന്ധിച്ച് വാര്‍ത്തകള്‍ നല്കിയതായി കാണാം.


ഇതോടെ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ക്ക് ഈജിപ്തുമായോ നിലവിലെ ഇസ്രയേല്‍ - ഹമാസ് സംഘര്‍ഷവുമായോ യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമായി.

Conclusion:

ഫലസ്തീന്‍ അതിര്‍ത്തിയില്‍ ഈജിപ്ത് 20 അടി ഉയരത്തില്‍ കൂറ്റന്‍ മതില്‍ സ്ഥാപിച്ചുവെന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന വീഡിയോ പഴയതാണ്. 2021 ല്‍ ഗസ്സയിലെ ഇസ്രയേല്‍ അധിനിവേശത്തിനെതിരെ പ്രതിഷേധിച്ച ലെബനനിലെ ജനങ്ങള്‍ ലെബനന്‍-ഇസ്രയേല്‍ അതിര്‍ത്തി പ്രദേശത്തെ മതില്‍ കയറുന്ന ദൃശ്യങ്ങളാണ് തെറ്റായ അടിക്കുറിപ്പോടെ പ്രചരിപ്പിക്കുന്നതെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.

Claim Review:Egypt built huge wall in Palestine border
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Next Story