ആലപ്പുഴയില്‍ പട്ടാപ്പകല്‍ നടുറോഡില്‍ രണ്ട് യുവാക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. 12 വയസ്സുകാരിയായ തന്റെ സഹോദരിയെ പീഡിപ്പിച്ചയാളെ കത്തിയുപയോഗിച്ച് കുത്തുന്ന സഹോദരന്റെ വീഡിയോ എന്ന വിവരണത്തോടെയാണ് വീഡിയോ പ്രചരിക്കുന്നത്. രണ്ട്പേര്‍ റോഡരികില്‍ പരസ്പരം ആക്രമിക്കുന്നതും ഒരാള്‍ കത്തികൊണ്ട് കുത്തുന്നതും തുടര്‍ന്ന് പൊലീസെത്തുന്നതും ദൃശ്യങ്ങളില്‍ കാണാം.
Fact-check:
പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും സഹോദരിയെ പീഡിപ്പിച്ചതിനല്ല യുവാക്കള്‍ തമ്മില്‍ ഏറ്റുമുട്ടിയതെന്നും വസ്തുത പരിശോധനയില്‍ വ്യക്തമായി.
സംഭവം ആലപ്പുഴയിലാണെന്ന് പ്രചരിക്കുന്ന പോസ്റ്റുകളിലുണ്ട്. ഈ സൂചനയുടെ അടിസ്ഥാനത്തില്‍ ആലപ്പുഴയിലെ പ്രാദേശിക മാധ്യമപ്രവര്‍ത്തകരുമായാണ് ആദ്യം ബന്ധപ്പെട്ടത്. പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഇരുവരുടെയും സുഹൃത്തായ ഒരു പെണ്‍കുട്ടിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്നും പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ സ്ഥിരീകരിച്ചു. ഈ സൂചനയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ സംഭവവുമായി ബന്ധപ്പെട്ട ചില മാധ്യമറിപ്പോര്‍ട്ടുകളും ലഭിച്ചു.
കണ്ണൂര്‍ സ്വദേശിയായ റിയാസ് എന്ന യുവാവിനാണ് കുത്തേറ്റതെന്നും തിരുവനന്തപുരം സ്വദേശി സിബി,വിഷ്ണുലാല്‍ എന്നിവരാണ് ആക്രമിച്ചതെന്നും മാതൃഭൂമി പ്രസിദ്ധീകരിച്ച വിശദമായ റിപ്പോര്‍ട്ടില്‍ പറയുന്നു. കാമുകിയായ പെണ്‍കുട്ടിയ്ക്ക് ലഹരി നല്‍കിയെന്ന പേരിലാണ് സിബി റിയാസിനെ മര്‍ദിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെ സഹോദരിയെ പീഡിപ്പിച്ചതിന് യുവാവിനെ ആക്രമിച്ചുവെന്ന അവകാശവാദം അടിസ്ഥാനരഹിതമാണെന്ന സൂചന ലഭിച്ചു.
കൂടുതല്‍ വ്യക്തതയ്ക്കായി ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു. എസ്ഐ ഉണ്ണികൃഷ്ണന്‍ നായരുടെ പ്രതികരണം:
“സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണം വസ്തുത വിരുദ്ധമാണ്. പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നും ഇതിന്റെ പേരില്‍ രണ്ടുപേര്‍ തമ്മില്‍ ഏറ്റുമുട്ടിയെന്നുമാണ് പ്രചാരണണം. ഇത് ശരിയല്ല. പീഡനവുമായി ബന്ധപ്പെട്ട ഒരു പരാതിയും ഇതുവരെ ലഭിച്ചിട്ടില്ല. നഗരത്തില്‍ പട്ടാപ്പകലുണ്ടായ ആക്രമണം ഒരു പെണ്‍കുട്ടിയുടെ പേരിലാണ്. ആക്രമിച്ച വ്യക്തിയുടെ കാമുകിയുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് കണ്ണൂര്‍ സ്വദേശിയെ നഗരത്തിലേക്ക് വിളിച്ചുവരുത്തി ആക്രമിക്കുന്നതിലേക്ക് നയിച്ചത്. ഇതില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുമുണ്ട്. പെണ്‍കുട്ടി ഇവരിലൊരാളുടെ സഹോദരിയാണെന്ന തരത്തില്‍ നടക്കുന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്.”
സംഭവം നടന്ന ജൂലൈ 31 ന് ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത FIR ശേഖരിച്ചു. ഇതിലും രണ്ടുപേരും തമ്മില്‍ നഗരത്തിലുണ്ടായ ആക്രമണത്തെക്കുറിച്ച് മാത്രമാണ് രേഖപ്പെടുത്തിയതെന്ന് കാണാം.
ഇതോടെ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമായി.
Conclusion:
പന്ത്രണ്ട് വയസ്സുകാരിയായ സഹോദരിയെ പീഡിപ്പിച്ചയാളെ നടുറോഡില്‍ കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിക്കുന്ന സഹോദരന്റെ ദൃശ്യമെന്ന തരത്തില്‍ പ്രചരിക്കുന്ന വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. സംഘര്‍ഷത്തിലേര്‍പ്പെട്ടവരില്‍ ഒരാളുടെ കാമുകിയുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിലുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പെണ്‍കുട്ടി ഇതിലാരുടെയും സഹോദരിയല്ലെന്നും പീഡനവുമായി ബന്ധപ്പെട്ട് വിവരമൊന്നും ലഭിച്ചില്ലെന്നും ആലപ്പുഴ സൗത്ത് പൊലീസ് അറിയിച്ചു.