Fact Check: വേങ്ങരയില്‍‍ ബുര്‍ഖ ധരിച്ച വനിതാ സ്ഥാനാര്‍ത്ഥിയുമായി UDF? പോസ്റ്ററിന്റെ സത്യമറിയാം

വേങ്ങര ഗ്രാമപഞ്ചായത്ത് 12-ാം വാര്‍‍ഡ് സ്ഥാനാര്‍ത്ഥി ഫാത്തിമ നസീറിന്റേതെന്ന തരത്തിലാണ് മുഖം പൂര്‍ണമായും മറച്ച ഒരു സ്ത്രീയുടെ ചിത്രസഹിതം പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

By -  HABEEB RAHMAN YP
Published on : 3 Dec 2025 11:51 PM IST

Fact Check:  വേങ്ങരയില്‍‍ ബുര്‍ഖ ധരിച്ച വനിതാ സ്ഥാനാര്‍ത്ഥിയുമായി UDF? പോസ്റ്ററിന്റെ സത്യമറിയാം
Claim:ബുര്‍ഖ ധരിച്ച വനിതാ സ്ഥാനാര്‍ത്ഥിയുടെ ചിത്രമടങ്ങുന്ന പോസ്റ്ററുമായി യുഡിഎഫ്
Fact:പ്രചാരണം വസ്തുതാവിരുദ്ധം. പ്രചരിക്കുന്നത് വ്യാജ പോസ്റ്ററാണെന്നും പ്രസ്തുത വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടേതല്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി.


മലപ്പുറം ജില്ലയിലെ വേങ്ങരയില്‍ ബുര്‍ഖ ധരിച്ച മുസ്‌‍ലിം സ്ത്രീയെ തദ്ദേശതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കുന്നുവെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. വേങ്ങര ഗ്രാമപഞ്ചായത്ത് 12-ാം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന എസ് പി ഫാത്തിമ നസീറിന്റെ തിരഞ്ഞെടുപ്പ് പോസ്റ്ററെന്ന തരത്തിലാണ് പ്രചാരണം. മുഖം പൂര്‍ണമായി മറച്ച ഒരു സ്ത്രീയുടെ ചിത്രവും ഇതില്‍ കാണാം.








Fact-check:


പ്രചാരണം വ്യാജമാണെന്നും ഇത്തരമൊരു സ്ഥാനാര്‍ഥിയോ പോസ്റ്ററോ ഇല്ലെന്നും വസ്തുതാപരിശോധനയില്‍ വ്യക്തമായി.


കേരളത്തില്‍ മുസ്ലിം സ്ത്രീകള്‍ നിഖാബ് ധരിക്കാറുണ്ടെങ്കിലും മുഖം പൂര്‍ണമായി മറയ്ക്കുന്ന ബുര്‍ഖ ധരിക്കുന്നത് കേരളത്തിലെ മുസ്‍ലിംകള്‍ക്കിടയില്‍ ചെറിയ വിഭാഗങ്ങളില്‍പോലും പതിവില്ല. ഈ സാഹചര്യത്തില്‍ പ്രചരിക്കുന്ന പോസ്റ്റര്‍ വ്യാജമാകാമെന്ന സൂചന ലഭിച്ചു. പോസ്റ്ററില്‍ നല്‍കിയിരിക്കുന്ന വിവരങ്ങളനുസരിച്ച് ഇത് വേങ്ങര ഗ്രാമപഞ്ചായത്ത് 12-ാം വാര്‍ഡിലെ സ്ഥാനാര്‍ത്ഥിയുടേതാണ്. പ്രസ്തുത സൂചന ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്സൈറ്റില്‍ നല്‍കിയ വിവരങ്ങളനുസരിച്ച് വേങ്ങരയിലെ ഈ വാര്‍ഡില്‍ ഫാത്തിമ നസീര്‍ എന്ന പേരിലൊരു സ്ഥാനാര്‍ത്ഥിയില്ലെന്ന് വ്യക്തമായി.




തുടര്‍ന്ന് കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഈ പേരില്‍ ഒരു സ്ഥാനാര്‍ത്ഥി ഉണ്ടായിരുന്നോ എന്നും പരിശോധിച്ചു. തദ്ദേശഭരണ വകുപ്പിന്റെ വെബ്സൈറ്റിലെ വിവരങ്ങളനുസരിച്ച് 2020 തിരഞ്ഞെടുപ്പില്‍ വേങ്ങര ഗ്രാമപഞ്ചായത്ത് 12-ാം വാര്‍ഡില്‍ മത്സരിച്ച് ജയിച്ച മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയുടെ പേര് നജ്മുന്നീസ എന്നാണ്.




തുടര്‍ന്ന് നിലവില്‍ പ്രസ്തുത വാര്‍ഡിലെ സ്ഥാനാര്‍ത്ഥിയായ എന്‍ ടി മൈമൂനയുമായി ഫോണില്‍ സംസാരിച്ചു. അവരുടെ പ്രതികരണം:


“പ്രചരിക്കുന്ന പോസ്റ്റര്‍ വ്യാജമാണ്. ഈ പേരിലൊരാള്‍ വേങ്ങരയിലെവിടെയും മത്സരിക്കുന്നില്ല. പന്ത്രണ്ടാംവാര്‍ഡില്‍ ഏണി ചിഹ്നത്തില്‍ മത്സരിക്കുന്നത് ഞാനാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പാങ്ങാട്ടുകുണ്ട് വാര്‍ഡിലായിരുന്നു ഞാന്‍ മത്സരിച്ചു ജയിച്ചത്. പിന്നീട് വാര്‍ഡി വിഭജനത്തിന് ശേഷം വാര്‍ഡ് നമ്പറും മറ്റും മാറിയിട്ടുണ്ടെങ്കിലും ഈ പേരില്‍ ഒരു സ്ഥാനാര്‍ത്ഥി യുഡിഎഫിന് ഉണ്ടായിരുന്നില്ല.”


അവരുടെ തിരഞ്ഞെടുപ്പ് പോസ്റ്ററും വേങ്ങര പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലെയും സ്ഥാനാര്‍ഥികളുടെ ചിത്രമടങ്ങുന്ന പോസ്റ്ററും അവര്‍ ന്യൂസ്മീറ്ററുമായി പങ്കിട്ടു. മൈമൂനയുടെ പോസ്റ്റര്‍ പ്രചരിക്കുന്നതില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമാണെന്നും മുഴുവന്‍ വാര്‍ഡുകളിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥികളില്‍ പ്രചരിക്കുന്ന പോസ്റ്ററിലെ പേരില്‍ ഒരു സ്ഥാനാര്‍ഥി ഇല്ലെന്നും കാണാം.




ഇതോടെ പ്രചാരണം വ്യാജമാണെന്ന് വ്യക്തമായി.


Conclusion:

തദ്ദേശതിരഞ്ഞെടുപ്പില്‍ വേങ്ങര ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡില്‍ ബുര്‍ഖ ധരിച്ച മുസ്ലിം സ്ത്രീയെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കിയെന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന പോസ്റ്റര്‍ വ്യാജമാണ്. പ്രസ്തുത വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെയോ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയുടെയോ പേര് ഇതല്ലെന്നും നിലവില്‍ ഈ വാര്‍ഡില്‍നിന്ന് മത്സരിക്കുന്നത് എന്‍ടി മൈമൂനയെന്ന സ്ത്രീയാണെന്നും അന്വേഷണത്തില്‍ വ്യക്തമായി.

Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Fact:പ്രചാരണം വസ്തുതാവിരുദ്ധം. പ്രചരിക്കുന്നത് വ്യാജ പോസ്റ്ററാണെന്നും പ്രസ്തുത വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടേതല്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
Next Story