മലമുകളില്‍ പാറകള്‍ക്കിടയില്‍ കുടുങ്ങിയ ആനയെ ഹിറ്റാച്ചി ഉപയോഗിച്ച് രക്ഷപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങളെന്ന തരത്തില്‍ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. കൂറ്റന്‍ പാറക്കെട്ടുകള്‍ക്കിടയില്‍നിന്ന് ഹിറ്റാച്ചി ഉപയോഗിച്ച് ഒരു ആനയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിന്റെ വിവിധ ആംഗിളുകളില്‍നിന്നുള്ള ദൃശ്യങ്ങളും പിന്നീട് ആന സുരക്ഷിതമായി നില്‍ക്കുന്നതിന്റേതെന്ന തരത്തില്‍ ഒരു ചെറിയ ഭാഗവുമാണ് വീഡിയോയിലുള്ളത്. നിരവധി പേരാണ് സമൂഹമാധ്യമങ്ങളില്‍ ഈ വീഡിയോ പങ്കുവെയ്ക്കുന്നത്.
ചില പേജുകളില്‍നിന്ന് ചിത്രങ്ങളായും ഇത് പങ്കുവെച്ചിട്ടുണ്ട്.
Fact-check:
പ്രചാരണം അടിസ്ഥാനരഹിതമാണെന്നും വീഡിയോ യഥാര്‍ത്ഥമല്ലെന്നും വസ്തുത പരിശോധനയില്‍ വ്യക്തമായി.
വീഡിയോയിലെ അസ്വാഭാവികതയും ചില ഭാഗങ്ങളിലെ കൃത്രിമത്വം പ്രകടമാക്കുന്ന അബദ്ധങ്ങളുമെല്ലാം വീഡിയോ യഥാര്‍ത്ഥമല്ലെന്ന സൂചനകള്‍ നല്‍കി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പ്രചരിക്കുന്ന വീഡിയോയില്‍ താഴെയായി Athing Inside എന്ന ലോഗോ ശ്രദ്ധയില്‍പെട്ടു. തുടര്‍ന്ന് ഈ സൂചന ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ഇതേ പേരിലുള്ള യൂട്യൂബ് ചാനലില്‍ പ്രസ്തുത വീഡിയോ 2024 ഒക്ടോബര്‍ 2ന് പങ്കുവെച്ചതായി കണ്ടെത്തി.
എഡിറ്റ് ചെയ്തതോ കൃത്രിമായി നിര്‍മിച്ചതോ ആയ ദൃശ്യങ്ങള്‍ എന്ന വിഭാഗത്തിലാണ് വീഡിയോ ഉള്‍പ്പെടുത്തിയിരിക്കുന്നത്. യൂട്യൂബില്‍ പങ്കുവെയ്ക്കുന്ന ദൃശ്യങ്ങളുടെ വസ്തുത കാഴ്ചക്കാരുമായി പങ്കുവെയ്ക്കുന്നതിനായി യൂട്യൂബ് ആവിഷ്ക്കരിച്ച സംവിധാനത്തിന്റെ ഭാഗമായാണ് ഈ വിവരണം ചേര്‍ക്കുന്നത്. ഇതോടെ ദൃശ്യങ്ങള്‍ യഥാര്‍ത്ഥമല്ലെന്ന സൂചനകള്‍ ലഭിച്ചു.
തുടര്‍ന്ന് ചാനലില്‍ നടത്തിയ പരിശോധനയില്‍ പങ്കുവെച്ച വീഡിയോകളെല്ലാം ഇത്തരത്തില്‍ വിനോദത്തിനായി തയ്യാറാക്കിയതാണെന്ന് വ്യക്തമായി. വിവിധ മൃഗങ്ങളുടെ രൂപങ്ങളുപയോഗിച്ച് നിര്‍മിച്ച നിരവധി ഇത്തരം വീഡിയോകള്‍ ഈ യൂട്യൂബ് ചാനലില്‍ കാണാം.
നിര്‍മിതബുദ്ധി ഉപയോഗിച്ച് തയ്യാറാക്കുന്ന ഉള്ളടക്കം പരിശോധിക്കുന്ന ചില സംവിധാനങ്ങളുപയോഗിച്ചും ഈ വീഡിയോ പരിശോധിച്ചു. Hive Moderation എന്ന പ്ലാറ്റ്ഫോമിലടക്കം ഈ വീഡിയോ നിര്‍മിതബുദ്ധി ഉപയോഗിച്ച് തയ്യാറാക്കിയതാവാമെന്ന ഫലമാണ് ലഭിച്ചത്.
ഇതോടെ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമായി.
Conclusion:
മലമുകളില്‍ പാറകള്‍ക്കിടയില്‍ കുടുങ്ങിയ ആനയെ ഹിറ്റാച്ചി ഉപയോഗിച്ച് രക്ഷപ്പെടുത്തുന്ന വീഡിയോ യഥാര്‍ത്ഥമല്ലെന്നും നിര്‍മിതബുദ്ധി ഉപയോഗിച്ച് തയ്യാറാക്കിയതാണെന്നും വസ്തുതപരിശോധനയില്‍ സ്ഥിരീകരിച്ചു.