പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തെത്തിയ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. സരിന്റെ തോല്‍വിയില്‍ പ്രതികരണവുമായി ഇ പി ജയരാജന്‍ രംഗത്തെത്തിയെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. ഇ പി ജയരാജന്‍ ഒരു മാധ്യമ അഭിമുഖത്തില്‍ സംസാരിക്കുന്ന ഭാഗമാണ് പ്രചരിക്കുന്നത്. ഡോക്ടറായ സ്ഥാനാര്‍ത്ഥിയെക്കുറിച്ചും അദ്ദേഹം പരാമര്‍ശിക്കുന്നുണ്ട്.
പാലക്കാട്ടെ തോല്‍വിയുടെ കാരണം ഇ പി ജയരാജന്‍ തന്നെ വിശദീകരിക്കുന്നുവെന്ന പരിഹാസത്തോടെയാണ് യുഡിഎഫ് കൂടുതല്‍ വോട്ടുകള്‍ നേടിയെന്ന അദ്ദേഹത്തിന്റെ പ്രതികരണത്തിന്റെ ഭാഗം പങ്കുവെച്ചിരിക്കുന്നത്.
Fact-check:
പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും അഭിമുഖ്ത്തില്‍നിന്ന് അടര്‍ത്തിമാറ്റിയ ഈ ഭാഗം പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടതല്ലെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.
വസ്തുത പരിശോധനയുടെ ആദ്യഘട്ടത്തില്‍ പ്രചരിക്കുന്ന വീഡിയോ സൂക്ഷ്മമായി നിരീക്ഷിച്ചു. നിലവില്‍ മീഡിയവണ്‍ എഡിറ്ററായ പ്രമോദ് രാമനുമായാണ് അദ്ദേഹം അഭിമുഖത്തില്‍ സംസാരിക്കുന്നതെന്ന് വ്യക്തമാണ്. ഡോക്ടറായ സ്ഥാനാര്‍ത്ഥിയെക്കുറിച്ച് അദ്ദേഹം പറയുന്ന ഭാഗം നേരത്തെ നടന്ന തിരഞ്ഞെടുപ്പിനെക്കുറിച്ചാണെന്ന സൂചനയും ലഭിച്ചു.
തുടര്‍ന്ന് വീഡിയോയുടെ പൂര്‍ണപതിപ്പ് കണ്ടെത്താന്‍ ശ്രമം നടത്തി. കീവേഡുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധിനയില്‍ 2022ല്‍ തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ മീഡിയവണ്‍ സംപ്രേഷണം ചെയ്ത അഭിമുഖം ചാനലിന്റെ യൂട്യൂബ് പേജില്‍ 2022 മെയ് മാസത്തില്‍ പങ്കുവെച്ചതായി കണ്ടെത്തി. 4 മിനുറ്റ് 29 സെക്കന്റ് മുതല്‍ പ്രചരിക്കുന്ന ഭാഗത്തെ ചോദ്യവും മറുപടിയും കാണാം.
പ്രമോദ് രാമന്‍ അദ്ദേഹത്തോടെ ചോദിക്കുന്നത് കഴിഞ്ഞ തവണത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാകപ്പിഴ ഉണ്ടായിരുന്നോ എന്നാണ്. അതിന് മറുപടിയായാണ് അദ്ദേഹം കഴിഞ്ഞ തവണയും ജനകീയനായ ഒരു ഡോക്ടറായിരുന്നു സ്ഥാനാര്‍ത്ഥിയെന്ന് പറയുന്നത്. തൃക്കാക്കരയില്‍ 2021ല്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ അഡ്വ. പിടി തോമസ് ആയിരുന്നു ജയിച്ചത്. അന്ന് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത് ഡോ. ജെ. ജേക്കബ് ആയിരുന്നു. അദ്ദേഹത്തെക്കുറിച്ചാണ് അഭിമുഖത്തില്‍ ഇപിയുടെ പരാമര്‍ശം.
പ്രസ്തുത തിരഞ്ഞെടുപ്പില്‍ പി ടി തോമസാണ് വിജയിച്ചത്. ഇതുസംബന്ധിച്ച വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിലും ലഭ്യമാണ്. പിന്നീട് പി ടി തോമസിന്റെ മരണത്തെത്തുടര്‍ന്നാണ് 2022 ല്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പി ടി തോമസിന്റെ ഭാര്യ ഉമ തോമസും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഡോ. ജോ ജോസഫും മത്സരിക്കുകയും ഉമ തോമസ് വിജയിക്കുകയും ചെയ്തു. ഈ രണ്ട് തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിലാണ് ഇ പി ജയരാജന്റെ പ്രതികരണം.
ഇതോടെ വീഡിയോയ്ക്ക് പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമായി.
Conclusion:
പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ ഇ പി ജയരാജന്‍ നടത്തിയ പ്രതികരണമെന്ന തരത്തില്‍ പ്രചരിക്കുന്ന വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണ്. രണ്ടുവര്‍ഷത്തിലേറെ പഴയ വീഡിയോയില്‍ അദ്ദേഹം സംസാരിക്കുന്നത് 2021ലെ തൃക്കാക്കര നിയമസഭ തിരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. ജെ. ജേക്കബിനെക്കുറിച്ചാണ്.