Fact Check: വടകരയില്‍ LDF പരാജയപ്പെട്ടാല്‍ തല മൊട്ടയടിക്കുമെന്ന് ഇ പി ജയരാജന്‍ - വാര്‍ത്താ കാര്‍ഡിന്റെ വാസ്തവം

വടകര ലോക്സഭ മണ്ഡലത്തില്‍ LDF സ്ഥാനാര്‍ത്ഥി കെ കെ ശൈലജ പരാജയപ്പെട്ടാല്‍ തല മൊട്ടയടിക്കുമെന്നും മീശ പാതി വടിക്കുമെന്നും ഇ പി ജയരാജന്‍ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്താ കാര്‍ഡിന്റെ രൂപത്തിലാണ് പ്രചാരണം.

By -  HABEEB RAHMAN YP |  Published on  31 May 2024 5:12 PM IST
Fact Check: വടകരയില്‍ LDF പരാജയപ്പെട്ടാല്‍ തല മൊട്ടയടിക്കുമെന്ന് ഇ പി ജയരാജന്‍ - വാര്‍ത്താ കാര്‍ഡിന്റെ വാസ്തവം
Claim: വടകരയില്‍ LDF സ്ഥാനാര്‍ത്ഥി കെ കെ ശൈലജ പരാജയപ്പെട്ടാല്‍ തല മൊട്ടയടിക്കുമെന്നും മീശ പാതി വടിക്കുമെന്നും LDF കണ്‍വീനര്‍ ഇ പി ജയരാജന്‍.
Fact: ഏഷ്യാനെറ്റ് ന്യൂസിന്റെ പേരില്‍ പ്രചരിക്കുന്ന കാര്‍ഡ് എഡിറ്റ് ചെയ്തത്; UDFലെ ലീഗിന്റെ സാന്നിധ്യത്തെക്കുറിച്ച് 2024 ഫെബ്രുവരിയില്‍ നടത്തിയ പ്രസ്താവനയുടെ വാര്‍ത്താ കാര്‍ഡാണ് എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നത്.

ലോക്സഭ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ ഏതാനും ദിവസങ്ങള്‍‍ മാത്രം ബാക്കി നില്‍ക്കെ ഫലപ്രഖ്യാപനം സംബന്ധിച്ച് ആത്മവിശ്വാസം പ്രകടിപ്പിച്ച് ഇരുമുന്നണിയിലെയും നേതാക്കള്‍ രംഗത്തുണ്ട്. ഈ സാഹചര്യത്തിലാണ് ശക്തമായ മത്സരം നടക്കുന്ന വടകര ലോക്സഭ മണ്ഡലത്തില്‍ LDF സ്ഥാനാര്‍ത്ഥി കെ കെ ശൈലജ പരാജയപ്പെട്ടാല്‍ തല മൊട്ടയടിക്കുമെന്നും പാതി മീശ വടിക്കുമെന്നും LDF കണ്‍വീനര്‍ ഇ പി ജയരാജന്‍ പറഞ്ഞതായി സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. ഏഷ്യാനെറ്റ് ന്യൂസിന്റെ വാര്‍ത്താ കാര്‍ഡിന്റെ രൂപത്തിലാണ് പ്രചാരണം.




LDF നെയും CPIM നെയും പരിഹസിച്ചുകൊണ്ട് വിവിധ വിവരണങ്ങളോടെ നിരവധി പേരാണ് ഈ ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുന്നത്. (Archive 1, Archive 2, Archive 3)


Fact-check:

പ്രചരിക്കുന്ന വാര്‍ത്താ കാര്‍ഡ് എഡിറ്റ് ചെയ്തതാണെന്നും ഇ പി ജയരാജന്‍ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.

പ്രചരിക്കുന്ന കാര്‍ഡില്‍ ഉപയോഗിച്ചിരിക്കുന്ന ഫോണ്ടാണ് ചിത്രം വ്യാജമാകാമെന്നതിന്റെ ആദ്യ സൂചനയായത്. ഇത് ഏഷ്യാനെറ്റിന്റെ ഔദ്യോഗിക ഫോണ്ടല്ല. ഒപ്പം വാക്യഘടനയും മറ്റും ഒരു മുഖ്യധാരാ മാധ്യമത്തിന്റേതല്ലെന്നും പ്രകടമാണ്. തുടര്‍ന്ന് കാര്‍ഡില്‍ നല്‍കിയിരിക്കുന്ന തിയതിയില്‍‍ ഏഷ്യാനെറ്റ് ന്യൂസ് പങ്കുവെച്ച മുഴുവന്‍ വാര്‍ത്താ കാര്‍ഡുകളും പരിശോധിച്ചെങ്കിലും ഈ കാര്‍ഡ് കണ്ടെത്താനായില്ല.

എന്നാല്‍ പിന്നീട് ഇ പി ജയരാജന്റെ ചിത്രങ്ങളുപയോഗിച്ച പഴയ കാര്‍ഡുകള്‍ പരിശോധിച്ചതോടെ വ്യാജ കാര്‍ഡ് തയ്യാറാക്കാന്‍ ഉപയോഗിച്ച യഥാര്‍ത്ഥ കാര്‍ഡ് കണ്ടെത്തി. 2024 ഫെബ്രുവരി 14 ന് ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കാര്‍ഡില്‍ ലീഗിന്റെ യുഡിഎഫ് സഖ്യവുമായി ബന്ധപ്പെട്ടാണ് പ്രസ്താവന. (Archive)



ലീഗ് ഒറ്റയ്ക്ക് മത്സരിച്ചാല്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ജയിക്കാനാവില്ലെന്നായിരുന്നു അന്ന് ഇ പി ജയരാജന്‍ നടത്തിയ പ്രസ്താവന. ഇതുസംബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് നല്‍കിയ വിശദമായ റിപ്പോര്‍ട്ടും ലഭ്യമായി.


തിരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് മറ്റ് പ്രസ്താവനകളൊന്നും ഇ പി ജയരാജന്‍ നടത്തിയതായി കണ്ടെത്താനായില്ല.


Conclusion:

വടകരയില്‍ LDF സ്ഥാനാര്‍ത്ഥി കെ കെ ശൈലജ പരാജയപ്പെട്ടാല്‍ തല മൊട്ടയടിക്കുമെന്നോ പാതി മീശ വടിക്കുമെന്നോ ഇ പി ജയരാജന്‍ പറഞ്ഞിട്ടില്ല. ഏഷ്യാനെറ്റ് ന്യൂസിന്റെ ഫെബ്രുവരിയിലെ കാര്‍ഡ് എഡിറ്റ് ചെയ്ത് നിര്‍മിച്ച വ്യാജ കാര്‍ഡാണ് പ്രചരിക്കുന്നതെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.

Claim Review:വടകരയില്‍ LDF സ്ഥാനാര്‍ത്ഥി കെ കെ ശൈലജ പരാജയപ്പെട്ടാല്‍ തല മൊട്ടയടിക്കുമെന്നും മീശ പാതി വടിക്കുമെന്നും LDF കണ്‍വീനര്‍ ഇ പി ജയരാജന്‍.
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Fact:ഏഷ്യാനെറ്റ് ന്യൂസിന്റെ പേരില്‍ പ്രചരിക്കുന്ന കാര്‍ഡ് എഡിറ്റ് ചെയ്തത്; UDFലെ ലീഗിന്റെ സാന്നിധ്യത്തെക്കുറിച്ച് 2024 ഫെബ്രുവരിയില്‍ നടത്തിയ പ്രസ്താവനയുടെ വാര്‍ത്താ കാര്‍ഡാണ് എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നത്.
Next Story