ഖുര്‍ആന്‍ മനഃപാഠമാക്കിയ യുവാവിന്‍റെ ജീര്‍ണിക്കാത്ത മൃതദേഹം - വീഡിയോയുടെ വസ്തുതയെന്ത്?
മലേഷ്യയില്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഖബറുകള്‍ മാറ്റി സ്ഥാപിച്ചപ്പോള്‍ ഖുര്‍ആന്‍ മനഃപാഠമാക്കിയ യുവാവിന്‍റെ പത്ത് വര്‍ഷം പഴക്കമുള്ള മൃതദേഹം ജീര്‍ണിക്കാതെ കണ്ടെത്തിയെന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്.
By - HABEEB RAHMAN YP | Published on 24 Sept 2022 10:34 PM ISTഖുര്‍ആന്‍ മനഃപാഠമാക്കിയ യുവാവിന്‍റെ മൃതദേഹം പത്ത് വര്‍ഷങ്ങള്‍ക്കു ശേഷവും ജീര്‍ണിക്കാതെ കണ്ടെത്തിയെന്ന അവകാശവാദത്തോടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. മലേഷ്യയില്‍ വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് ഖബറുകള്‍ മാറ്റി സ്ഥാപിക്കുന്നതിനിടെ എടുത്ത വീഡിയോ എന്ന രീതിയിലാണ് ദൃശ്യങ്ങള്‍ പങ്കുവെയ്ക്കുന്നത്. Meelad U Nabi എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടില്‍ പങ്കുവെച്ച വീഡിയോ ഇതിനകം നിരവധി പേരാണ് പങ്കുവെച്ചിരിക്കുന്നത്. വീഡിയോ യഥാര്‍ഥമാണെന്ന് കരുതി നിരവധി പ്രതികരണങ്ങളും കാണാം.
ഫെയ്സ്ബുക്ക് റീലുകളായും ഇതേ വീഡിയോ സമാന അടിക്കുറിപ്പോടെ പ്രചരിക്കുന്നതായി കണ്ടെത്തി. Shihab Shihab എന്ന അക്കൗണ്ടില്‍നിന്ന് പങ്കുവെച്ച റീലില്‍ ഇതേ അടിക്കുറിപ്പ് ചേര്‍ത്തിട്ടുണ്ട്.
Fact-check
മുപ്പത് സെക്കന്‍റ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ പശ്ചാത്തലമോ സാഹചര്യമോ മനസ്സിലാക്കാന്‍ സഹായിക്കുന്ന സൂചനകള്‍ ഒന്നുംതന്നെ ലഭ്യമല്ല. വീഡിയോയ്ക്കൊപ്പമുള്ള ശബ്ദത്തില്‍ കേള്‍ക്കുന്ന ഭാഷ അറബിയോട് സാമ്യമുള്ളതായി പ്രാഥമികമായി തിരിച്ചറിഞ്ഞു. പ്ലാസ്റ്റിക് ഷീറ്റ് ഉള്‍പ്പെടെ വെളുത്ത പുടവയില്‍ പൊതിഞ്ഞ ശരീരത്തില്‍ മുഖത്തുനിന്ന് തുണി മാറ്റുന്ന ഭാഗമാണ് വീഡിയോയിലുള്ളത്. അല്‍പംപോലും അഴുകാത്ത തുണിയും പ്ലാസ്റ്റിക് കവറും മേല്‍പ്പറഞ്ഞ അവകാശവാദവുമായി പൊരുത്തപ്പെടാത്തതാണ്.
വസ്തുതാ പരിശോധനയുടെ ആദ്യഘട്ടത്തില്‍ റിവേഴ്സ് ഇമേജ് സെര്‍ച്ച് ടൂളുകള്‍ ഉപയോഗിച്ച് തിരഞ്ഞെങ്കിലും പ്രയോജനപ്രദമായ ഫലങ്ങള്‍ ഒന്നുംതന്നെ ലഭിച്ചില്ല. ഭാഷാപരമായ പരിമിതി ഗൂഗ്ള്‍ ട്രാന്‍സ്ലേറ്റ് ഉപയോഗിച്ച് മറികടന്ന ശേഷം നടത്തിയ കീവേഡ് സെര്‍ച്ചില്‍ ഏതാനും ഫലങ്ങള്‍ (1) & (2) ലഭിച്ചു.
ഗൂഗിള്‍ ട്രാന്‍സ്ലേറ്റിന്‍റെ സഹായത്തോടെ ഇവ ഇംഗ്ലീഷിലേക്ക് തര്‍ജമ ചെയ്ത് പരിശോധിച്ചതില്‍നിന്നും പ്രചരിക്കുന്ന വീഡിയോ വ്യത്യസ്ത അടിക്കുറിപ്പുകളോടെ 2018 മുതല്‍ പ്രചാരത്തിലുണ്ടെന്ന് വ്യക്തമായി. "2002-ലെ ഒരു ബോംബാക്രമണ കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട ഒമര്‍ എന്ന ഇന്തോനേഷ്യന്‍ പൗരന്‍റെ മൃതദേഹം വര്‍ഷങ്ങള്‍ക്കുശേഷവും ജീര്‍ണിക്കാതെ കണ്ടെത്തി"യെന്ന അടിക്കുറിപ്പോടെയാണ് 2018-ല്‍ ഈ വീഡിയോ പ്രചരിച്ചതെന്ന് വെബ്സൈറ്റില്‍ വിശദീകരിക്കുന്നു. ഇതേ കേസില്‍ 2008-ല്‍ വധശിക്ഷയ്ക്ക് വിധേയനായ ഇമാം സമുദ്രയുടേതെന്ന തരത്തിലും ഇതേ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.
പിന്നീട് 2020-ലാണ് ഇപ്പോള്‍ കാണുന്ന അടിക്കുറിപ്പോടെ വീഡിയോ വീണ്ടും പ്രചരിച്ചു തുടങ്ങിയത്. പ്രചരിക്കുന്ന വീഡിയോയിലെ യഥാര്‍ഥ വ്യക്തി ഇന്തോനേഷ്യന്‍ പൗരനായ യാസര്‍ ബിന്‍ തമ്രീന്‍ ആണെന്നും 2017 ല്‍ പൊലീസുകാര്‍ക്കുനേരെയുണ്ടായ വെടിവയ്പ്പില്‍ ഭീകരവാദ കേസില്‍പെട്ട് ജയിലിലായ ഇയാള്‍ 2018 ജൂലൈ 17ന് കരള്‍ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ മരണപ്പെട്ടതായും വെബ്സൈറ്റില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.
വിവിധ ഇന്തോനേഷ്യന്‍ വാര്‍ത്താ വെബ്സൈറ്റുകളില്‍ 2018 മുതല്‍ റിപ്പോര്‍ട്ട് ചെയ്ത ചിത്രങ്ങള്‍ സഹിതമുള്ള വാര്‍ത്തകളിലൂടെ പ്രചരിക്കുന്ന വീഡിയോയിലുള്ളത് ഇന്തോനേഷ്യന്‍ ആക്ടിവിസ്റ്റ് യാസര്‍ ബിന്‍ തമ്രീന്‍ ആണെന്ന് ന്യൂസ്മീറ്റര്‍ സ്ഥിരീകരിച്ചു.
തീവ്രവാദ കേസുകളില്‍ ഉള്‍പ്പെട്ട് ജയിലിലായ യാസര്‍ 2018 ജൂലൈ 17 ന് കരള്‍സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ മരണമടഞ്ഞതായി വിവിധ വാര്‍ത്താ വെബ്സൈറ്റുകളിലെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പിന്നീട് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം കുടുംബാംഗങ്ങള്‍ക്ക് മൃതദേഹം വിട്ടുനല്‍കിയെന്നും റിപ്പോര്‍ട്ടിലുണ്ട്. ഈ സമയത്ത് ചിത്രീകരിച്ച വീഡിയോ ആയിരിക്കാം നിലവില്‍ പ്രചരിക്കുന്നതെന്ന് സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ അനുമാനിക്കാം.
യാസര്‍ ഉള്‍പ്പെടെ അഞ്ച് ഭീകരവാദികളെ 2017 നവംബറില്‍ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് CNN പ്രസിദ്ധീകരിച്ച വാര്‍ത്തയും ലഭ്യമായി.
2018-ല്‍ വീഡിയോ ആദ്യം പ്രചരിച്ച സമയത്ത് ഇന്തോനേഷ്യന്‍ പൊലീസ് പബ്ലിക് റിലേഷന്‍ വിഭാഗം പങ്കുവെച്ച വീഡിയോയും ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍നിന്ന് ലഭിച്ചു.
ഇതോടെ പ്രചരിക്കുന്ന വീഡിയോയില്‍ ഉള്ളത് ഇന്തോനേഷ്യന്‍ പൗരനായ യാസര്‍ ബിന്‍ തമ്രീന്‍ ആണെന്ന് വ്യക്തം. മറിച്ചുള്ള അവകാശവാദങ്ങള്‍ തീര്‍ത്തും വസ്തുതാവിരുദ്ധമാണ്.
Conclusion
ഭീകരവാദ കേസില്‍ 2017-ല്‍ ഇന്തോനേഷ്യയില്‍ ജയിലിലാവുകയും തുടര്‍ന്ന് 2018-ല്‍ കരള്‍സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് മരണമടയുകയും ചെയ്ത ഇന്തോനേഷ്യന്‍ പൗരന്‍ യാസര്‍ ബിന്‍ തമ്രീന്‍റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുന്ന സമയത്തെ ദൃശ്യങ്ങളാണ് തെറ്റായ അടിക്കുറിപ്പോടെ പ്രചരിക്കുന്നത്. ഖുര്‍ആന്‍ മനഃപാഠമാക്കിയ മലേഷ്യന്‍ പൗരന്‍റെ ജീര്‍ണിക്കാത്ത മൃതദേഹം എന്ന അടിക്കുറിപ്പ് യാഥാര്‍ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്തതും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്.