ഖത്തര്‍ ലോകകപ്പ് ഉദ്ഘാടനവേദിയിലെ ഖുര്‍ആന്‍ പാരായണം: പ്രചരിക്കുന്നത് പഴയ ദൃശ്യങ്ങളും

മോർഗൻ ഫ്രീമാനും ഗാനീം അൽ മുഫ്‌താഹും തമ്മിലെ സംഭാഷണശകലങ്ങളുടെ വീഡിയോയ്ക്കൊപ്പം അറേബ്യന്‍ തനത് വേഷത്തിലുള്ള ഏതാനും കുട്ടികള്‍ മൈതാനത്തിരുന്ന് ഖുര്‍ആന്‍ പാരായണം ചെയ്യുന്ന ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്.

By -  HABEEB RAHMAN YP |  Published on  22 Nov 2022 6:10 PM IST
ഖത്തര്‍ ലോകകപ്പ് ഉദ്ഘാടനവേദിയിലെ ഖുര്‍ആന്‍ പാരായണം: പ്രചരിക്കുന്നത് പഴയ ദൃശ്യങ്ങളും


ലോകം കാത്തിരുന്ന ഖത്തര്‍ വേള്‍ഡ് കപ്പ് ഫുട്ബോളിന് വര്‍ണാഭമായ ഉദ്ഘാടന ചടങ്ങുകളോടെ നവംബര്‍ 20 ഞായറാഴ്ചയാണ് തുടക്കമായത്. ഉദ്ഘാടന ചടങ്ങില്‍ ഏറ്റവുമധികം ശ്രദ്ധയാകര്‍ഷിച്ചത് ഹോളിവുഡ് താരം മോര്‍ഗന്‍ ഫ്രീമാന്‍റെ സാന്നിധ്യവും ഒപ്പം അദ്ദേഹവുമായി വേദി പങ്കിട്ട ഖത്തറി ബാലൻ ഗാനിം അൽ മുഫ്താഹുമായിരുന്നു. ഇത് സംബന്ധിച്ച് നിരവധി മാധ്യമവാര്‍ത്തകളും ലഭ്യമാണ്. അരയ്ക്കുതാഴെ വളര്‍ച്ചമുരടിക്കുന്ന കോഡൽ റിഗ്രെഷൻ സിൻഡ്രോം എന്ന അസുഖബാധിതനായ ഗാനിം ഖത്തര്‍ ലോകകപ്പിന്‍റെ അംബാസഡര്‍കൂടിയാണ്. ഇവര്‍ തമ്മിലെ സംഭാഷണത്തില്‍ ഗാനിം ഖുര്‍ആന്‍ സൂക്തങ്ങള്‍ പാരായണം ചെയ്തതും ഏറെ ശ്രദ്ധേയമായിരുന്നു.

എന്നാല്‍ ഉദ്ഘാടന ചടങ്ങിന്‍റേതെന്ന തരത്തില്‍ പ്രചരിക്കുന്ന മറ്റൊരു വീഡിയോകൂടിയുണ്ട്. മൈതാനത്ത് അറബ് പരമ്പരാഗത വേഷങ്ങളിലിരിക്കുന്ന ഏതാനും കുട്ടികള്‍ ഖുര്‍ആന്‍ പാരായണം ചെയ്യുന്ന ദൃശ്യങ്ങളാണ് ലോകകപ്പ് ഉദ്ഘാടനവേദിയിലെ ദൃശ്യങ്ങളെന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത്.


Jamal Monu Pk Kolathur എന്ന ഫെയ്സ്ബുക്ക് പ്രൊഫൈലില്‍നിന്ന് പങ്കുവെച്ചിരിക്കുന്ന വീഡിയോ ഇതിനകം പതിനായിരത്തിലധികം പേരാണ് പങ്കുവെച്ചിരിക്കുന്നത്. അല്‍ബൈത് സ്റ്റേഡിയത്തിലെ ഖത്തര്‍ ലോകകപ്പ് ഉദ്ഘാടനചടങ്ങില്‍ ഖുര്‍ആന്‍ സൂക്തങ്ങള്‍ ഉരുവിടുന്ന ദൃശ്യങ്ങളെന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.


ഇതുകൂടാതെ മറ്റ് നിരവധി അക്കൗണ്ടുകളില്‍നിന്നും ഇതേ അടിക്കുറിപ്പോടെ 27 സെക്കന്‍റ് ദൈര്‍ഘ്യമുള്ള ഈ വീഡിയോ പങ്കുവെച്ചതായി കണ്ടെത്തി.




Fact-check:

വസ്തുതാപരിശോധനയുടെ ആദ്യഘട്ടത്തില്‍ വീഡിയോ സൂക്ഷ്മമായി പരിശോധിച്ചു. 27 സെക്കന്‍റ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ അറബ് വേഷധാരികളായ ഏതാനും കുട്ടികളും ഒരു മുതിര്‍ന്ന വ്യക്തിയും മൈതാനത്തിരുന്ന് ചില ഖുര്‍ആന്‍ സൂക്തങ്ങള്‍ പാരായണം ചെയ്യുന്നത് കാണാം. ഗാലറിയില്‍ നിറയെ ആളുകളുമുണ്ട്. വിവിധ ആംഗിളുകളില്‍ പകര്‍ത്തിയ ദൃശ്യങ്ങളില്‍ വേദിയോ സമയമോ സംബന്ധിച്ച കൂടുതല്‍ വിവരങ്ങളില്ല.

Al Jazeera അവരുടെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച ഉദ്ഘാടനചടങ്ങിന്‍റെ പ്രധാനദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ പ്രചരിക്കുന്ന വീഡിയോയിലെ പശ്ചാത്തലവുമായി പ്രകടമായ മാറ്റങ്ങള്‍ കാണാം.


ഈ സൂചന ഉപയോഗിച്ച് നടത്തിയ റിവേഴ്സ് ഇമേജ് പരിശോധനയില്‍ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്ന ചില മാധ്യമവാര്‍ത്തകള്‍ ലഭിച്ചു. ഇത് 2021ല്‍ പ്രസിദ്ധീകരിച്ചവയാണ്. ഇതോടെ ദൃശ്യങ്ങള്‍ 2021 ലേതാണെന്ന് വ്യക്തം.




സബ്ക്വ് പ്രസ് എന്ന അറബിക് വെബ്സൈറ്റില്‍ നല്‍കിയ വാര്‍ത്ത 2021 ഒക്ടോബര്‍ 22ന് പ്രസിദ്ധീകരിച്ചതാണ്. ആമിര്‍ കപ്പ് പ്രാദേശിക ഫുട്ബോള്‍ ടൂര്‍ണമെന്‍റിന്‍റെ ഫൈനല്‍ മത്സരത്തിനു മുന്നോടിയായ ഉദ്ഘാടനം ചെയ്ത ഖത്തറിലെ അല്‍-തുമാമ സ്റ്റേഡിയത്തിന്‍റെ ദൃശ്യങ്ങളാണിവയെന്നാണ് വാര്‍ത്തയില്‍ നല്‍കിയിരിക്കുന്നത്. സമാനമായ വാര്‍ത്ത ഗള്‍ഫ് ടൈംസ് എന്ന വെബ്സൈറ്റില്‍ 2021 ഒക്ടോബര്‍ 23ന് പ്രസിദ്ധീകരിച്ചതായും കാണാം.




ഖത്തര്‍ ആര്‍ക്കിടെക്റ്റ് ഇബ്രാഹിം എം ജെയ്ദ ഈ സ്റ്റേഡിയം ഖത്തര്‍ ലോകകപ്പിലെ ആറാമത്തെ സ്റ്റേഡിയമാണെന്നും റിപ്പോര്‍ട്ടില്‍ കാണാം. എന്നാല്‍ ഇതിന്‍റെ ഉദ്ഘാടനം നടന്നത് പ്രാദേശിക ഫുട്ബോള്‍ ടൂര്‍ണമെന്‍റിന് മുന്നോടിയായി 2021 ഒക്ടോബറിലാണ്. ആ ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

Doha News ന്‍റെ ട്വിറ്റര്‍ പേജിലും ഈ ദൃശ്യങ്ങള്‍ 2021 ഒക്ടോബര്‍ 24ന് നല്‍കിയിട്ടുണ്ട്.



ഖത്തര്‍ ലോകകപ്പിന്‍റെ ഉദ്ഘാടന ചടങ്ങുകള്‍ നടന്നത് അല്‍-ബെയ്ത്ത് സ്റ്റേഡിയത്തിലായിരുന്നു. ഉദ്ഘാടനചടങ്ങുമായി ബന്ധപ്പെട്ട് മലയാള മനോരമ നല്‍കിയ വാര്‍ത്ത ഇവിടെ വായിക്കാം.

ഇതോടെ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ക്ക് ഖത്തര്‍ ലോകകപ്പ് ഉദ്ഘാടന ചടങ്ങുമായി ബന്ധമില്ലെന്ന് വ്യക്തം.


Conclusion:

ഖത്തര്‍ ലോകകപ്പ് ഉദ്ഘാടന ചടങ്ങില്‍ അല്‍-ബെയ്ത്ത് സ്റ്റേഡിയത്തിലെ ദൃശ്യങ്ങള്‍ എന്നതരത്തില്‍ പ്രചരിക്കുന്ന വീഡിയോ പഴയതാണ്. സ്റ്റേഡിയത്തില്‍ അറബ് വേഷധാരികളായ ഏതാനും കുട്ടികള്‍ ഖുര്‍ആന്‍ സൂക്തങ്ങള്‍ പാരായണം ചെയ്യുന്ന ദൃശ്യങ്ങള്‍ 2021 ഒക്ടോബറില്‍ അല്‍-തുമാമ സ്റ്റേഡിയത്തിന്‍റെ ഉദ്ഘാടനചടങ്ങില്‍നിന്നുള്ളതാണ്. എന്നാല്‍ ലോകകപ്പ് ഉദ്ഘാടനവേദിയില്‍ ഹോളിവുഡ്താരം മോര്‍ഗന്‍ ഫ്രീമാനും ഖത്തര്‍ ബാലന്‍ ഗാനിം അൽ മുഫ്താഹും തമ്മിലെ സംഭാഷണത്തിനിടെ ഗാനിം ഖുര്‍ആന്‍ സൂക്തങ്ങള്‍ പാരായണം ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് പഴയ ദൃശ്യങ്ങള്‍ വീണ്ടും പ്രചരിക്കുന്നത്.

Claim Review:Children recite holy Quran during the inauguration of Qatar world cup 2022
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Next Story