ഭാരത് ജോഡോ യാത്രയ്ക്കിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മദ്യപിച്ചെന്ന് വ്യാജപ്രചരണം
രാഹുല്‍ഗാന്ധി ഉള്‍പ്പെടെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ഭാരത് ജോഡോ യാത്രയ്ക്കിടെ കൊല്ലം ഓച്ചിറയിലെ മലബാര്‍ ഹോട്ടലില്‍ പ്രഭാതഭക്ഷണം കഴിച്ച് പുറത്തിറങ്ങുന്ന ദൃശ്യങ്ങളാണ് തെറ്റായ അടിക്കുറിപ്പോടെ പ്രചരിപ്പിക്കുന്നത്.
By - HABEEB RAHMAN YP | Published on 24 Sept 2022 2:03 AM ISTഭാരത് ജോഡോ യാത്രയ്ക്കിടെ കോണ്‍ഗ്രസ് നേതാക്കള്‍ മദ്യപിക്കുന്നുവെന്ന് സൂചിപ്പിക്കുന്ന അടിക്കുറിപ്പോടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നു. വിവിധ ഇടതു പ്രൊഫൈലുകളില്‍നിന്നാണ് തെറ്റായ അടിക്കുറിപ്പോടെ വീഡിയോ പ്രചരിപ്പിക്കുന്നത്. "ഇത് ജോഡോ യാത്ര അല്ല ഫിറ്റാകാനുള്ള യാത്രയാണ്" എന്ന അടിക്കുറിപ്പോടെയാണ് RED ARMY എന്ന ഫെയ്സ്ബുക്ക് പേജില്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
സമാനമായ അടിക്കുറിപ്പോടെ Left Cyber Wing എന്ന പേജിലും വീഡിയോ പങ്കുവെച്ചതായി കാണാം.
Fact-check:
വസ്തുതാ പരിശോധനയുടെ ആദ്യഘട്ടത്തില്‍ വീഡിയോ സൂക്ഷ്മമായി നിരീക്ഷിച്ചു. രണ്ട് മിനിറ്റിലധികം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളെല്ലാം പുറത്തേക്ക് വരുന്ന ദൃശ്യങ്ങള്‍ കാണാം. ഇറങ്ങുന്ന സ്റ്റെപ്പിനടുത്ത് ചിലരൊക്കെ കാല്‍വഴുതി പോവുന്നതും വ്യക്തമാണ്. എന്നാല്‍ പ്രചരിക്കുന്ന പോസ്റ്റുകളില്‍ ആരോപിക്കുന്നതുപോലെ മദ്യപിച്ച് പുറത്തിറങ്ങുന്നതിന്‍റെ സൂചനകള്‍ പ്രഥമദൃഷ്ട്യാ കാണാനായില്ല. മാത്രവുമല്ല, ഭാരത് ജോഡോ യാത്ര പോലെ ജനശ്രദ്ധയാകര്‍ഷിക്കുന്ന ഒരു പൊതുപരിപാടിയ്ക്കിടെ കേരളത്തിന്‍റെ പശ്ചാത്തലത്തില്‍ ഇത്തരം ആരോപണങ്ങള്‍ ശരിയാകാന്‍ സാധ്യതയും കുറവാണ്.
വീഡിയോയുടെ യഥാര്‍ഥ സാഹചര്യം കണ്ടെത്തുന്നതിനായി നടത്തിയ സാങ്കേതിക പരിശോധനകളില്‍ വ്യക്തമായ സൂചനകള്‍ ഒന്നും ലഭിച്ചില്ല. റിവേഴ്സ് ഇമേജ് സെര്‍ച്ചില്‍ കൃത്യമായ സ്ഥലമോ സമാന ചിത്രങ്ങളോ കണ്ടെത്താനാവാത്തതിനാല്‍ ഗൂഗിള്‍ കീവേഡ് സെര്‍ച്ചില്‍ കിട്ടിയ ഏതാനും ഫലങ്ങള്‍ പരിശോധിച്ചു.
മാതൃഭൂമി സെപ്തംബര്‍ 18ന് പ്രസിദ്ധീകരിച്ച ഒരു വാര്‍ത്ത ലഭിച്ചു. കൊല്ലം ജില്ലയിലെ ഒരു ഹോട്ടലില്‍ രാഹുല്‍ഗാന്ധി പ്രഭാതഭക്ഷണം കഴിച്ചതുമായി ബന്ധപ്പെട്ട വാര്‍ത്തയാണിത്.
ഹോട്ടലുടമയുടെ പേര് അന്‍സര്‍ എന്നും കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് ബി എസ് വിനോദ് എന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്. പേരുകള്‍ ഉപയോഗിച്ച് ഫെയ്സ്ബുക്കില്‍ നടത്തിയ കീവേഡ് സെര്‍ച്ചില്‍ Vinod Oachira എന്ന പ്രൊഫൈല്‍ ലഭിച്ചു. ഇദ്ദേഹം ഓച്ചിറ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്‍റാണെന്ന് ഫെയ്സ്ബുക്കില്‍ നല‍്കിയിട്ടുണ്ട്. ഇതോടെ സംഭവം കൊല്ലം ഓച്ചിറയിലാണെന്ന് വ്യക്തമായി.
ഇദ്ദേഹത്തിന്‍റെ ഫെയ്സ്ബുക്ക് കുറിപ്പുകള്‍ പരിശോധിച്ചതോടെ സംഭവത്തില്‍ കൂടുതല്‍ വ്യക്തത കൈവന്നു. ഓച്ചിറ മലബാര്‍ ഹോട്ടലില്‍ രാഹുല്‍ഗാന്ധി പ്രഭാതഭക്ഷണം കഴിച്ചതുമായി ബന്ധപ്പെട്ട പോസ്റ്റും ചിത്രങ്ങളും പങ്കുവെച്ചതായി കണ്ടെത്തി.
പോസ്റ്റ് ചെയ്ത തിയതി അടിസ്ഥാനപ്പെടുത്തി കോണ്‍ഗ്രസിന്‍റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ പങ്കുവെച്ച തത്സമയ ദൃശ്യങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചു. ഇതില്‍ മലബാര്‍ ഹോട്ടലിനുമുന്നിലൂടെ ഭാരത് ജോഡോ യാത്ര കടന്നുപോകുന്ന ഭാഗം കാണാം.
ചില പ്രാദേശിക സ്രോതസ്സുകളില്‍നിന്ന് ശേഖരിച്ച ചിത്രങ്ങളുമായി താരതമ്യം ചെയ്തതിലൂടെ ഇത് ഓച്ചിറയിലെ മലബാര്‍ ഹോട്ടലാണെന്ന് സ്ഥിരീകരിച്ചു.
നഗരവീഥിയിലെ ഒരു സാധാരണ ഹോട്ടലാണിതെന്നും മദ്യം ലഭിക്കാന്‍ സാധ്യതയില്ലെന്നും ഇതോടെ വ്യക്തമായി. മാതൃഭൂമിയില്‍ നല്‍കിയ വാര്‍ത്തയും കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് വിനോദ് ഓച്ചിറയുടെ ഫെയ്സ്ബുക്ക് പോസ്റ്റും ഇത് സാധൂകരിക്കുന്നു. നേരിട്ടുള്ള സ്ഥിരീകരണത്തിനായി ഹോട്ടലുടമയെയും പ്രാദേശിക ലേഖകരെയും ബന്ധപ്പെട്ടു. ഹോട്ടലുടമയുടെ പ്രതികരണത്തില്‍നിന്ന്:
"ഇതൊരു സാധാരണ ഹോട്ടലാണ്. നഗരമധ്യത്തില്‍ സാധാരണക്കാരുള്‍പ്പെടെ ഭക്ഷണം കഴിക്കാനെത്തുന്ന ഇടമാണിത്. ഇവിടെ മദ്യം നല്‍കാന്‍ കഴിയില്ലെന്ന് സാമാന്യയുക്തിയില്‍ മനസ്സിലാക്കാമല്ലോ. പ്രചരിക്കുന്ന വീഡിയോ കണ്ടിരുന്നു. രാഷ്ട്രീയപ്രേരിതമായി ഇത്തരം ആരോപണങ്ങളൊക്കെ സാധാരണമല്ലേ. അവര്‍ ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ ലഭ്യമാണ്. പുറത്തേക്കിറങ്ങുന്ന വഴിയിലെ സ്റ്റെപ്പില്‍ തട്ടി വീഴാന്‍ പോവുന്ന ദൃശ്യങ്ങളാണ് തെറ്റായ വിധത്തില്‍ പ്രചരിപ്പിക്കുന്നത്."
പ്രാദേശിക മാധ്യമപ്രവര്‍ത്തകരുടെ സഹായത്തോടെ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു. വീഡിയോയില്‍ കണ്ട നേതാക്കള്‍ ഉള്‍പ്പെടെ രാഹുല്‍ ഗാന്ധിയ്ക്കൊപ്പം ഭക്ഷണം കഴിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.
ഇതോടെ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ തെറ്റായ അടിക്കുറിപ്പോടെയാണെന്ന് വ്യക്തമായി.
Conclusion:
ഭാരത് ജോഡോ യാത്രയ്ക്കിടെ കൊല്ലം ജില്ലയിലെ ഓച്ചിറയിലെ മലബാര്‍ ഹോട്ടലില്‍ പ്രഭാതഭക്ഷണം കഴിച്ച് പുറത്തിറങ്ങുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ദൃശ്യങ്ങളാണ് തെറ്റായ അടിക്കുറിപ്പോടെ പ്രചരിപ്പിക്കുന്നത്. പ്രവര്‍ത്തകര്‍ മദ്യം കഴിച്ച് പുറത്തിറങ്ങുന്നു എന്ന തരത്തില്‍ പ്രചരിക്കുന്ന അടിക്കുറിപ്പുകള്‍ വസ്തുതാ വിരുദ്ധമാണെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി. പ്രചരിക്കുന്ന വീഡിയോയ്ക്കൊപ്പം നല്‍കിയ അടിക്കുറിപ്പുകള്‍ വ്യാജവും തെറ്റിദ്ധാരണാജനകവുമാണ്.