കോട്ടക്കല്‍ ആര്യവൈദ്യശാലയിലെ സൗജന്യ കാന്‍സര്‍ റേഡിയേഷന്‍ ചികിത്സ: വ്യാജസന്ദേശം വീണ്ടും പ്രചരിക്കുന്നു
കാന്‍സറിന് ഫലപ്രദമായ ചില ആയുര്‍വേദ ചികിത്സയും മരുന്നുകളും കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍ നിര്‍ധനരോഗികള്‍ക്ക് സൗജന്യമായിതന്നെ ലഭ്യമാണെന്നും എന്നാല്‍ റേഡിയേഷന്‍ ചികിത്സാരീതി പിന്തുടരാറില്ലെന്നും ആര്യവൈദ്യശാല അധികൃതര്‍ വ്യക്തമാക്കി.
By - HABEEB RAHMAN YP | Published on 27 Sept 2022 7:58 PM ISTകാന്‍സര്‍ രോഗികള്‍ക്ക് കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍ സൗജന്യ റേഡിയേഷന്‍ ചികിത്സയെന്ന അവകാശവാദവുമായി വ്യാജസന്ദേശം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. പ്രധാനമായും വാട്സാപ്പില്‍ പ്രചരിക്കുന്ന സന്ദേശത്തിന്‍റെ സ്ക്രീന്‍ഷോട്ടുകള്‍ നിരവധിപേര്‍ ഫെയ്സ്ബുക്കിലും പങ്കുവെച്ചിട്ടുണ്ട്. Joys Sujeesh എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടില്‍നിന്നാണ് ഏറ്റവും അവസാനം (സെപ്തംബര്‍ 27ന്) ഇത് പങ്കുവെച്ചിരിക്കുന്നത്.
ജോജു എന്ന് സേവ് ചെയ്തിരിക്കുന്ന നമ്പറില്‍നിന്ന് വാട്സാപ്പില്‍ ലഭിച്ച സ്ക്രീന്‍ഷോട്ടാണ് ഫെയ്സ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നതെന്ന് വ്യക്തം. അതിനാല്‍തന്നെ സന്ദേശം കൂടുതല്‍ പ്രചരിക്കുന്നത് വാട്സാപ്പിലായിരിക്കുമെന്ന് അനുമാനിക്കാം.
KV Radha Krishnan എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടില്‍നിന്ന് ഈ മാസം 20ന് പങ്കുവെച്ച പോസ്റ്റിലും ചിത്രം വാട്സാപ്പില്‍നിന്ന് ലഭിച്ചതാണെന്ന സൂചനയുണ്ട്.
കേരളശബ്ദം എന്ന ഫെയ്സ്ബുക്ക് പേജില്‍ നിന്ന് 2022 ഓഗസ്റ്റ് 30 ന് ഇതേ സ്ക്രീന്‍ഷോട്ട് പങ്കുവെച്ചതായി കണ്ടെത്തി. മറ്റ് നിരവധി അക്കൗണ്ടുകളില്‍നിന്നും ഇതേ സ്ക്രീന്‍ഷോട്ട് പങ്കുവെച്ചതായി ന്യൂസ്മീറ്റര്‍ വസ്തുതാ പരിശോധനയില്‍ വ്യക്തമായി.
Fact-check:
വസ്തുതാ പരിശോധനയുടെ ആദ്യഘട്ടത്തില്‍ തന്നെ പ്രചരിക്കുന്ന സന്ദേശം ഏറെ പഴക്കമുള്ളതാണെന്നതിന്‍റെ വ്യക്തമായ സൂചനകള്‍ ലഭിച്ചു. കോട്ടക്കല്‍ ആര്യവൈദ്യശാലയിലെ മുഖ്യ ചികിത്സകനും മാനേജിങ് ട്രസ്റ്റിയുമായിരുന്ന ഡോ. പി.കെ. വാര്യര്‍ നേരിട്ട് രോഗിയെ കണ്ട് ചെലവ് ഏറ്റെടുക്കുന്നു എന്ന അവകാശവാദം ഇതില്‍ പ്രധാനം. ഡോ. പി. കെ. വാര്യരുടെ നിര്യാണം ദേശീയ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വാര്‍ത്തയായതും പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെ അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിച്ചതുമാണ്. അദ്ദേഹത്തിന്‍റെ നിര്യാണം തിയതി ഉള്‍പ്പെടെ ആര്യവൈദ്യശാലയുടെ വൈബ്സൈറ്റില്‍ തന്നെ നല്‍കിയതായി കാണാം.
2021 ജൂലൈ 10 നാണ് ഡോ. പി. കെ. വാര്യര്‍ അന്തരിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹത്തിന് ആദരാഞ്ജലി അര്പ്പിച്ച് ട്വിറ്ററില് കുറിച്ച സന്ദേശവും കാണാം.
മലയാള മനോരമയും ഏഷ്യാനെറ്റും ഉള്‍പ്പെടെ മലയാളത്തിലെ പ്രമുഖ വാര്‍ത്താമാധ്യമങ്ങളും ഡോ. പി. കെ. വാര്യരുടെ മരണവാര്‍ത്ത അതേദിവസം നല്‍കിയിരുന്നു.
അദ്ദേഹത്തിന്‍റെ നിര്യാണത്തിന് മുന്‍പേ പ്രചരിച്ചുതുടങ്ങിയ സന്ദേശമാണെന്ന് വ്യക്തമായതോടെ കൂടുതല്‍ പഴയ പോസ്റ്റുകള്‍ക്കായി തിരഞ്ഞു. തുടര്‍ന്ന് Kripa Kr എന്ന അക്കൗണ്ടില്‍നിന്ന് 2016 ജൂണ്‍ 15ന് പങ്കുവെച്ച പോസ്റ്റ് കണ്ടെത്തി.
ആറ് വര്‍ഷങ്ങളായി പ്രചരിക്കുന്ന ഒരേ സ്ക്രീന്‍ഷോട്ട് വ്യാജ വാര്‍ത്തകളുടെ വ്യാപനത്തിന്‍റെ തോത് വ്യക്തമാക്കുന്നു. നല്‍കിയിരിക്കുന്ന ലാന്‍റ്ഫോണ്‍ നമ്പര്‍ കോട്ടക്കല്‍ ആര്യവൈദ്യശാലയിലെ കാന്‍സര്‍ ഒ.പി. വിഭാഗത്തിലേതാണെന്ന് സ്ഥിരീകരിച്ചു. സന്ദേശത്തിലെ അവകാശവാദങ്ങളുടെ നിജസ്ഥിതി അറിയുന്നതിന് ന്യൂസ്മീറ്റര്‍ കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍ ഫോണില്‍ ബന്ധപ്പെട്ടു. ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ സീനിയര്‍ മാനേജറുമായി സംസാരിച്ചതില്‍നിന്ന് ഈ സന്ദേശം വ്യാജമാണെന്ന് സ്ഥിരീകരിക്കാനായി. അദ്ദേഹത്തിന്‍റെ പ്രതികരണത്തിലെ പ്രസക്തഭാഗങ്ങള്‍:
"ഇതൊരു വ്യാജസന്ദേശമാണ്. ഇതേ സന്ദേശം ഇതിനു മുന്‍പും പ്രചരിച്ചിട്ടുണ്ട്. റേഡിയേഷന്‍ ചികിത്സ ആര്യവൈദ്യശാലയില്‍ ഇല്ല. ഡോ. പി. കെ. വാര്യരുടെ നിര്യാണത്തിന് മുന്‍പേ പ്രചരിച്ച സന്ദേശമാണിത്. എന്നാല്‍ കാന്‍സറിന് ഫലപ്രദമായ പല ചികിത്സകളും മരുന്നും കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍ ലഭ്യമാണ്. കാന്‍സര്‍ ചികിത്സയ്ക്കായി പ്രത്യേക ഒ.പിയുണ്ട്. കണ്‍സള്‍ട്ടേഷനും മരുന്നും ഉള്‍പ്പെടെ ഉപാധികള്‍ക്ക് വിധേയമായി സൗജന്യസേവനവും ലഭ്യമാണ്."
ഇതോടെ പ്രചരിക്കുന്ന സന്ദേശത്തിലെ ആദ്യഭാഗം ഏറെ പഴയതും വ്യാജവുമാണെന്ന് വ്യക്തമായി.
സന്ദേശത്തിന്‍റെ രണ്ടാം ഭാഗത്ത് പറഞ്ഞിരിക്കുന്ന മരുന്നുകള്‍ (Azoran, Takfa) അവയവമാറ്റ ശസ്ത്രക്രിയകള്‍ക്ക് വിധേയരായ രോഗികള്‍ക്ക് നല്‍കുന്ന മരുന്നാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. എന്നാല്‍ ഈ മരുന്നിനായി ബന്ധപ്പെടാന്‍ നല്‍കിയിരിക്കുന്ന മൊബൈല്‍ നമ്പറില്‍ വിളിച്ചപ്പോള്‍ നമ്പര്‍ ഉപയോഗത്തിലില്ലെന്ന സന്ദേശമാണ് ലഭിച്ചത്. വര്‍ഷങ്ങള്‍ പഴക്കമുള്ള സന്ദേശമായതിനാല്‍ മൊബൈല്‍ നമ്പര്‍ സേവനം അവസാനിച്ചതോ നിലവിലില്ലാത്ത നമ്പറോ ആയിരിക്കാമെന്ന് അനുമാനിക്കാം.
ഇതോടെ സന്ദേശത്തില്‍ പ്രചരിക്കുന്ന അവകാശവാദങ്ങള്‍ പൂര്‍ണമായും തെറ്റാണെന്ന് വ്യക്തമായി.
അതേസമയം കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ചാരിറ്റബ്ള്‍ ആശുപത്രിയ്ക്ക് കീഴില്‍ ആയുര്‍വേദ ചികിത്സകള്‍ നിര്‍ധനരായ രോഗികള്‍ക്ക് സൗജന്യനിരക്കില്‍ നല്‍കുന്നതായി അറിയാനായി. ചില അലോപ്പതിക് മരുന്നുകളും സൗജന്യമായി ലഭ്യമാക്കുന്നുണ്ടെന്ന് കോട്ടക്കല്‍ ആര്യവൈദ്യശാല ചാരിറ്റബ്ള്‍ ഹോസ്പിറ്റലിന്‍റെ വെബ്സൈറ്റില്‍ വ്യക്തമാക്കുന്നു.
Conclusion:
കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍ കാന്‍സറിന് റേഡിയേഷന്‍ ചികിത്സ സൗജന്യമായി ലഭ്യമാണെന്ന് അവകാശപ്പെടുന്ന സന്ദേശം വ്യാജവും ആറു വര്‍ഷത്തിലധികം പഴക്കമുള്ളതുമാണ്. കിഡ്നി മാറ്റി വെച്ച രോഗികള്‍ക്കാവശ്യമായ മരുന്നുകള്‍ സൗജന്യമായി ലഭിക്കുന്നതിന് ബന്ധപ്പെടാന്‍ സന്ദേശത്തില്‍ നല്‍കിയിരിക്കുന്ന മൊബൈല്‍ നമ്പര്‍ ഉപയോഗത്തിലില്ലാത്തതാണ്. അതുകൊണ്ട് പ്രചരിക്കുന്ന സന്ദേശം നിലവിലെ സാഹചര്യത്തില്‍ അടിസ്ഥാനരഹിതമാണെന്ന് സ്ഥിരീകരിച്ചു. അതേസമയം കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ കീഴില്‍ നിര്‍ധന രോഗികള്‍ക്ക് കാന്‍സര്‍ ഉള്‍പ്പെടെ രോഗങ്ങള്‍ക്ക് ഫലപ്രദമായ ആയുര്‍വേദ ചികിത്സാ കണ്‍സള്‍ട്ടേഷനും മരുന്നുകളും സൗജന്യമായി ലഭ്യമാണെന്ന് ആര്യവൈദ്യശാല അധികൃതര്‍ വ്യക്തമാക്കി.