ടീമംഗങ്ങള്‍ക്ക് ബൂട്ട് വാങ്ങാന്‍ സര്‍ക്കാര്‍ പണം അനുവദിക്കാത്തതിനാല്‍ 1950-ലെ ലോകകപ്പ് ഫുട്ബോളില്‍ ഇന്ത്യയ്ക്ക് കളിക്കാനായില്ലെന്നും അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനാണ് ഇതിന്‍റെ ഉത്തരവാദിത്തമെന്നുമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശങ്ങളില്‍ പറയുന്നത്.
1950-ലെ ലോകകപ്പ് ഫുട്ബോളില്‍ കളിക്കാന്‍ അവസരം ലഭിച്ചിട്ടും ബൂട്ട് വാങ്ങാന്‍ ഗവണ്‍മെന്‍റ് പണം അനുവദിക്കാത്തതിനാല്‍ ഇന്ത്യന്‍ ടീമിന് അവസരം നഷ്ടമായെന്നും ഇതിന് ഉത്തരവാദി അന്ന് രാജ്യം ഭരിച്ചിരുന്ന ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ സര്‍ക്കാരാണെന്നും അവകാശവാദത്തോടെ സന്ദേശം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. നഗ്നപാദരായ ഇന്ത്യന്‍ ടീമംഗങ്ങളുടേതെന്ന തരത്തില്‍ ചിത്രത്തോടൊപ്പമാണ് സന്ദേശം.
സമാനമായ സന്ദേശം വ്യത്യസ്ത അക്കൗണ്ടുകളില്‍നിന്നും വിവിധ ഗ്രൂപ്പുകളിലും വാട്സാപ്പിലും പങ്കുവെച്ചിട്ടുണ്ട്.
Fact-check:
കീവേഡുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ഇതുമായി ബന്ധപ്പെട്ട വിവിധ മാധ്യമ റിപ്പോര്‍ട്ടുകള്‍ ലഭ്യമായി. ജയ്ദീപ് ബാസു രചിച്ച Box to Box - 75 Years of Indian Football എന്ന പുസ്തകത്തെ ആസ്പദമാക്കി ഇന്ത്യന്‍ എക്സ്പ്രസ് 2022 നവംബര്‍ 10-ന് പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നത് അവഗണനയും ആത്മവിശ്വാസമില്ലായ്മയും ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷന്‍റെ അവസരോചിതമല്ലാത്ത മുന്‍ഗണനകളുമാണ് 1950-ലെ ലോകകപ്പ് അവസരം രാജ്യത്തിന് നഷ്ടമാക്കിയതെന്നാണ്. നഗ്നപാദരായി കളിക്കുന്നതും ലോകകപ്പിലെ അവസരം നഷ്ടമായതും തമ്മില്‍ ബന്ധമില്ലെന്ന് ലേഖനത്തിന്‍റെ തലക്കെട്ടില്‍ തന്നെ വ്യക്തമാക്കുന്നു.
അന്നത്തെ ടീം ക്യാപ്റ്റനായിരുന്ന ശൈലന്‍ മന്നയെ ഉദ്ധരിച്ച് India Times പ്രസിദ്ധീകരിച്ച ലേഖനത്തിലും നഗ്നപാദരായി കളിക്കേണ്ടത് ഒരിക്കലും ലോകകപ്പിലെ അവസരം നഷ്ടപ്പെടാന്‍ ഇടയാക്കിയില്ലെന്ന് ചൂണ്ടിക്കാണിക്കുന്നു.
1950-ലെ ലോകകപ്പില്‍ ഇന്ത്യന്‍ ടീം പങ്കെടുക്കാതിരുന്നതിന് കാരണമായത് അധികൃതരുടെ അനാസ്ഥയും ലോകകപ്പ് ടൂര്‍ണമെന്‍റിനെ വേണ്ടത്ര ഗൗരവത്തില്‍ സമീപിക്കാതിരുന്നതുമാണെന്ന് ലേഖനം വ്യക്തമാക്കുന്നു.
Sport Illustrate എന്ന വെബ്സൈറ്റില്‍ ഇതുമായി ബന്ധപ്പെട്ട് നല്‍കിയ വിശദമായ ലേഖനത്തിലും മത്സരത്തില്‍ പങ്കെടുക്കാതിരിക്കാന്‍ കാരണം നഗ്നപാദരായി കളിക്കുന്നതിനാലാണെന്ന് പറയുന്നില്ല. രാജ്യം കൂടുതല്‍ പ്രാധാന്യം നല്‍കിയിരുന്നത് ഒളിമ്പിക്സിനായിരുന്നുവെന്നും ലോകകപ്പ് ടൂര്‍ണമെന്‍റിന് വേണ്ടത്ര പ്രാധാന്യം നല്‍കിയിരുന്നില്ലെന്നും ലേഖനത്തില്‍ വ്യക്തമാക്കുന്നു. സ്വാതന്ത്ര്യാനന്തരം രാജ്യം നേരിട്ട സാമ്പത്തിക പ്രതിസന്ധി ഉള്‍പ്പെടെ തീരുമാനത്തിലേക്ക് നയിച്ചിരിക്കാമെന്നും വിലയിരുത്തുന്നു. സമാസാഹചര്യത്തില്‍ ഗ്രൂപ്പിലെ മറ്റ് രാജ്യങ്ങളായ സ്കോട്ട്ലന്‍റ്, അയര്‍ലന്‍റ്, പോര്‍ച്ചുഗല്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളും പങ്കെടുക്കുന്നില്ലെന്ന് തീരുമാനിച്ചതായും ലേഖനത്തില്‍ വ്യക്തമാക്കുന്നു.
തുടര്‍ന്ന് ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷന്‍റെ വെബ്സൈറ്റില്‍ നല്‍കിയ വിവരങ്ങള്‍ പരിശോധിച്ചു. 1950-ലെ ലോകകപ്പുമായി ബന്ധപ്പെട്ട് നല്‍കിയ വിവരങ്ങളില്‍ പരിശീലനത്തിന് വേണ്ടത്ര സമയം ലഭിക്കാത്തതിനാലും ടീം രൂപീകരണത്തില്‍ നേരിട്ട പ്രശ്നങ്ങളുമാണ് മത്സരത്തില്‍ പങ്കെടുക്കാതിരിക്കാന്‍ കാരണമായി നല്‍കിയിരിക്കുന്നത്.
ഇതോടെ നഗ്നപാദരായി കളിക്കേണ്ടതിനാലോ ഗവണ്‍മെന്‍റ് ബൂട്ട് വാങ്ങാന്‍ പണം അനുവദിക്കാത്തതിനാലോ അല്ല ടീമിന് 1950-ലെ ലോകകപ്പില്‍ അവസരം നഷ്ടമായതെന്ന് വ്യക്തം.
Conclusion:
ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ നേതൃത്വത്തില്‍ അധികാരത്തിലിരുന്ന ഗവണ്മെന്‍റ് ബൂട്ട് വാങ്ങാന്‍ പണം അനുവദിക്കാത്തതിനാലാണ് ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന് 1950-ലെ ലോകകപ്പില്‍ പങ്കെടുക്കാന്‍ പറ്റാതെ പോയതെന്ന അവകാശവാദം വസ്തുതാ വിരുദ്ധമാണെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി. 1948-ലെ ഒളിമ്പിക്സില്‍ ഉള്‍പ്പെടെ നഗ്നപാദരായാണ് ഇന്ത്യന്‍ ടീം കളിച്ചിരുന്നതെങ്കിലും ലോകകപ്പില്‍ പങ്കെടുക്കാതിരുന്നതിന് കാരണം യാത്രാച്ചെലവും പരിശീലനത്തിന് വേണ്ടത്ര സമയം ലഭിക്കാത്തതും ഉള്‍പ്പെടെ വ്യത്യസ്ത കാരണങ്ങളാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
Claim Review:Indian football team couldn’t attend 1950 World Cup because government didn’t offer them boots