'ബ്രോയിലര്‍ കോഴി കഴിക്കുന്നവരില്‍ ക്യാന്‍സര്‍' - തിരുവനന്തപുരം RCC യുടെ പേരില്‍ വ്യാജപ്രചരണം വീണ്ടും
മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍പെട്ടവര്‍ ബ്രോയിലര്‍ കോഴി ഉള്‍പ്പെടെ മാംസാഹാരം കൂടുതല്‍ കഴിക്കുന്നതിനാല്‍ ഇവരില്‍ ക്യാന്‍സര്‍ കൂടുതലായി കണ്ടുവരുന്നതായി തിരുവനന്തപുരം RCC യുടെ പഠനത്തില്‍ കണ്ടെത്തിയതായാണ് അവകാശവാദം.
By - HABEEB RAHMAN YP | Published on 13 Dec 2022 10:45 AM ISTമുസ്ലിം, ക്രിസ്ത്യന്‍ വിഭാഗക്കാരില്‍ കൂടുതലായി ക്യാന്‍സര്‍ കണ്ടുവരുന്നുവെന്നും ഇത് ബ്രോയിലര്‍ കോഴി ഉള്‍പ്പെടെ മാംസാഹാരം കൂടുതല്‍ കഴിക്കുന്നതുകൊണ്ടാണെന്നും തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്‍ററിന്‍റെ പഠനത്തില്‍ കണ്ടെത്തിയതായി പ്രചരണം. ക്യാന്‍സര്‍ ചികിത്സക്കെത്തിയവരില്‍ മുസ്ലിം, ക്രിസ്ത്യന്‍ മതവിഭാഗക്കാരുടെ ശതമാനം കൂടുതലാണെന്നും ഇതിന് കാരണം ബ്രോയിലര്‍ കോഴിയുടെ ഉപയോഗമാണെന്നും പോസ്റ്റിലുണ്ട്. ഒപ്പം ചില പ്രതിവിധികളും പോസ്റ്റില്‍ ചേര്‍ത്തിട്ടുണ്ട്.
Kalinga Seva Trust എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടില്‍നിന്ന് പങ്കുവെച്ചിരിക്കുന്ന പോസ്റ്റിലെ കീവേഡുകള്‍ ഉപയോഗിച്ച് നടത്തിയ തെരച്ചിലില്‍ സമാനമായ കൂടുതല്‍ പോസ്റ്റുകള്‍ കണ്ടെത്താനായി.
Fact-check:
ഫെയ്സ്ബുക്കില്‍ നടത്തിയ തെരച്ചിലില്‍ Arcus Media എന്ന അക്കൗണ്ടില്‍നിന്ന് 2017 ഡിസംബര്‍ 21ന് ഇതേ ഉള്ളടക്കം പങ്കുവെച്ചതായി കണ്ടെത്തി. ഇതോടെ പ്രചരിക്കുന്ന സന്ദേശത്തിന് കുറഞ്ഞത് അഞ്ചുവര്‍ഷത്തോളം പഴക്കമുണ്ടെന്ന് വ്യക്തമായി.
വസ്തുതാ പരിശോധനയുടെ ആദ്യഘട്ടത്തില്‍ തിരുവനന്തപുരം റീജ്യണല്‍ ക്യാന്‍സര്‍ സെന്‍ററിലെ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ശ്രീ. വി. സുരേന്ദ്രന്‍ നായരെ ന്യൂസ്മീറ്റര്‍ ഫോണില്‍ ബന്ധപ്പെട്ടു. RCC ഇത്തരത്തില്‍ യാതൊരു പഠനവും നടത്തിയിട്ടില്ലെന്നും 2017 മുതല്‍ പ്രചരിക്കുന്ന ഈ വ്യാജസന്ദേശത്തിനെതിരെ അന്നുതന്നെ പൊലീസില്‍ പരാതി നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി. അദ്ദേഹവുമായി നടത്തിയ സംഭാഷണത്തില്‍നിന്ന്:
"മതപരമായ മാനദണ്ഡങ്ങള്‍ വെച്ച് ഒരു പഠനവും ആര്‍സിസി നടത്താറില്ല. നിലവില്‍ പ്രചരിക്കുന്ന സന്ദേശം 2017-ല്‍ പ്രചരിച്ച സമയത്തുതന്ന ഞങ്ങള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. നിര്‍ഭാഗ്യവശാല്‍ വീണ്ടും പലരില്‍നിന്നുമായി ഇതേ സന്ദേശം പ്രചരിക്കുകയാണ്. ഇതുകൂടാതെ ഹെയര്‍ ഡൊണേഷന്‍, ക്യാന്‍സര്‍ പ്രതിരോധത്തിനുള്ള ആഹാരക്രമം തുടങ്ങി വിവിധ വ്യാജസന്ദേശങ്ങള്‍ ആര്‍സിസി യുടെ പേരില്‍ പ്രചരിച്ചിട്ടുണ്ട്. ഇവിടെ സൂചിപ്പിച്ച സന്ദേശവുമായി ആര്‍സിസി യ്ക്ക് യാതൊരു ബന്ധവുമില്ല."
ഇതോടെ മതം തിരിച്ചുള്ള രോഗികളുടെ കണക്കും ആര്‍സിസി നടത്തിയതെന്ന് അവകാശപ്പെടുന്ന പഠനവും പൂര്‍ണമായും വസ്തുതാ വിരുദ്ധമാണെന്ന് വ്യക്തമായി.
വസ്തുതാ പരിശോധനയുടെ രണ്ടാംഘട്ടത്തില്‍ ബ്രോയിലര്‍ കോഴിയുടെ ഉപയോഗത്തിന് ക്യാന്‍സറുമായി ബന്ധമുണ്ടോ എന്ന് പരിശോധിച്ചു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഗോവ ചാപ്റ്റര്‍ സമാനമായ പഠനം 2015-ല്‍ നടത്തിയിരുന്നു. ന്യൂഡല്‍ഹിയിലെ സെന്‍റര്‍ ഫോര്‍ സയന്‍സ് ആന്‍റ് എന്‍വിയോണ്‍മെന്‍റ് നടത്തിയ ഗവേഷണത്തില്‍ ബ്രോയിലര്‍ കോഴികളില്‍ ഉപയോഗിക്കുന്ന കുത്തിവയ്പ്പുകള്‍ മനുഷ്യരില്‍ പ്രതിരോധശേഷി കുറയ്ക്കാന്‍ ഇടയാക്കുന്നതായി കണ്ടെത്തിയിരുന്നു.
എന്നാല്‍ ബ്രോയിലര്‍ കോഴികളിലെ കുത്തിവയ്പ്പുകള്‍ അവയുടെ പ്രതിരോധവുമായി ബന്ധപ്പെട്ട് നല്‍കുന്നതാണെന്നും വളര്‍ച്ചയ്ക്കുവേണ്ടിയല്ലെന്നും മലയാള മനോരമ 2015-ല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ലഭ്യമായ വിവരങ്ങളില്‍നിന്ന് ബ്രോയിലര്‍ കോഴി കഴിക്കുന്നത് നേരിട്ട് ക്യാന്‍സറിന് കാരണമാകുന്നുവെന്ന തരത്തില്‍ ശാസ്ത്രീയമായ പഠനങ്ങള്‍ ഒന്നും കണ്ടെത്താനായില്ല.
തുടര്‍ന്ന് വിവിധ ആരോഗ്യപ്രവര്‍ത്തകരുമായും ഗവേഷകരുമായും ന്യൂസ്മീറ്റര്‍ സംസാരിച്ചു. ബീഫ്, മട്ടന്‍ ഉള്‍പ്പെടെ റെഡ് മീറ്റ് ഇനത്തില്‍പ്പെടുന്ന മാംസാഹാരം സ്ഥിരമായി കഴിക്കുന്നത് വിവിധ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമായേക്കാമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ കോഴി താരതമ്യേന സുരക്ഷിതമാണ്. മാത്രവുമല്ല, ഏതെങ്കിലും തരത്തില്‍ വിഷാംശം ഉണ്ടെങ്കില്‍തന്നെ പൂര്‍ണമായി വേവിക്കുന്നതോടെ അതിനെ പ്രതിരോധിക്കാനാവും. ഫാസ്റ്റ് ഫുഡ് വിഭവങ്ങളില്‍ പ്രധാനമായും കോഴി പാകം ചെയ്യുന്ന രീതിയും ഉപയോഗിക്കുന്ന രാസവസ്തുക്കളുമാണ് ഇത്തരം രോഗങ്ങള്‍ക്ക് കാരണമാവുന്നതെന്നും മനസ്സിലാക്കാനായി.
ഇതോടെ പ്രചരിക്കുന്ന സന്ദേശത്തിലെ ബ്രോയിലര്‍ കോഴിയും ക്യാന്‍സറുമായി ബന്ധപ്പെടുത്തിയുള്ള കാര്യങ്ങളും വസ്തുതാ വിരുദ്ധമാണെന്ന് വ്യക്തമായി. എന്നാല്‍ സന്ദേശത്തില്‍ പറഞ്ഞിരിക്കുന്ന വിവിധ ആഹാരക്രമങ്ങള്‍ പൊതുവേ അംഗീകരിക്കപ്പെട്ടവയാണ്.
Conclusion:
തിരുവനന്തപുരം റീജ്യണല്‍ ക്യാന്‍സര്‍ സെന്‍ററിന്‍റെ പഠനം എന്ന അവകാശവാദത്തോടെ മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗക്കാരില്‍ ക്യാന്‍സര്‍ ബാധ കൂടുതലാണെന്നും ഇത് അവര്‍ ബ്രോയിലര്‍ കോഴി ഉള്‍പ്പെടെ മാംസാഹാരം കൂടുതല്‍ കഴിക്കുന്നതിനാലാണെന്നുമുള്ള പ്രചരണം വസ്തുതാവിരുദ്ധമാണ്. തിരുവനന്തപുരം RCC ഇത്തരത്തില്‍ ഒരു പഠനവും നടത്തിയിട്ടില്ലെന്നും പ്രചരിക്കുന്ന വാദത്തിന് വ്യക്തമായ ശാസ്ത്രീയ അടിത്തറയില്ലെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.