ലബോറട്ടറിയിലെ കൃത്രിമ ഗര്‍ഭപാത്രത്തില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍: 'എക്ടോലൈഫ്' വീഡിയോയുടെ വസ്തുതയറിയാം
ഇന്‍ക്യുബേറ്ററില്‍ കോഴിക്കുഞ്ഞുങ്ങളെ വിരിയിച്ചെടുക്കുന്നതുപോലെ ഗര്‍ഭപാത്രമില്ലാതെ ലബോറട്ടറിയില്‍ കുഞ്ഞുങ്ങളെ ജനിപ്പിക്കുന്ന കണ്ടെത്തലുമായി ശാസ്ത്രം എന്ന വിവരണത്തോടെയാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
By - HABEEB RAHMAN YP | Published on 16 Dec 2022 12:03 AM ISTആയിരക്കണക്കിന് കോഴിമുട്ട ഇൻകുബേറ്ററിൽ വിരിയിച്ചെടുക്കുന്നപോലെ ഗർഭപാത്രമില്ലാതെ മനുഷ്യകുഞ്ഞുങ്ങളെ ലബോറട്ടറിയിൽ ജനിപ്പിക്കാൻ കണ്ടെത്തലുമായി ശാസ്ത്രം എന്ന വിവരണത്തോടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ഇത്തരത്തില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ ബുദ്ധിശാലികളും ആരോഗ്യമുള്ളവരുമായിരിക്കുമെന്നും വിവരണത്തിലുണ്ട്. Free Thinkers എന്ന ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച വീഡിയോയ്ക്കൊപ്പം നല്‍കിയ വിവരണം ഇവിടെ വായിക്കാം.
Deepika Newspaper എന്ന വെരിഫൈഡ് പേജില്‍നിന്ന് ഇതൊരു വാര്‍ത്തയായി നല്‍കിയിട്ടുണ്ട്. മനുഷ്യനിര്‍മാണത്തിന് ഒരുങ്ങുന്ന ലോകം എന്ന തലക്കെട്ടില്‍ ചിത്രവും ചേര്‍ത്തതായി കാണാം. ഗർഭപാത്രം ഇല്ലാതെ ലബോറട്ടറിയിൽ മനുഷ്യകുഞ്ഞുങ്ങളെ ജനിപ്പിക്കാൻ കണ്ടെത്തലുമായി ശാസ്ത്രം എന്നതാണ് നല്‍കിയിരിക്കുന്ന വിവരണം.
സമാന അടിക്കുറിപ്പോടെ വിവിധ അക്കൗണ്ടുകളില്‍നിന്നും വാട്സാപ്പ് ഗ്രൂപ്പുകളിലും നിരവധി പേരാണ് ഈ വീഡിയോ പങ്കുവെയ്ക്കുന്നത്.
Fact-check:
രണ്ട് മിനുറ്റ് 50 സെക്കന്‍റ് ദൈര്‍ഘ്യമുള്ള വീഡിയോ അപൂര്‍ണമാണെന്ന് കാണാം. ഇംഗ്ലീഷില്‍ ശബ്ദവിവരണവും സബ് ടൈറ്റിലുകളും നല്‍കിയ വീഡിയോ ആണ് പ്രചരിക്കുന്നത്. സൂക്ഷമമായി നിരീക്ഷിച്ചാല്‍ ഇതൊരു ആനിമേഷന്‍ വീഡിയോ ആണെന്ന് മനസ്സിലാക്കാനാവും.
വീഡിയോയുടെ കീഫ്രെയിമുകളും കീവേഡുകളും ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ഇതിന്‍റെ പൂര്‍ണവീഡിയോ യൂട്യൂബില്‍ കണ്ടെത്തി. ഹാഷിം അല്‍-ഘെയ്ലി എന്ന അക്കൗണ്ടില്‍നിന്ന് പങ്കുവെച്ച ആനിമേറ്റ് ചെയ്ത വീഡിയോ എട്ട് മിനുറ്റ് 39 സെക്കന്‍റ് ദൈര്‍ഘ്യമുണ്ട്. എക്ടോലൈഫ് എന്നപേരില്‍ ശാസ്ത്രസാധ്യതകളെ മുന്‍നിര്‍ത്തി അദ്ദേഹം ആവിഷ്കരിച്ച സാങ്കല്‍പിക വീഡിയോ ആണിത്.
അക്കൗണ്ടില്‍ ശാസ്ത്രസാങ്കേതിക വിദ്യയെ സാങ്കല്‍പിക ദൃശ്യങ്ങളിലൂടെ പരിചയപ്പെടുത്തുന്ന തരത്തില്‍ ആവിഷ്ക്കരിച്ച ആനിമേഷന്‍ വീഡിയോകള്‍ കാണാം. ഇത്തരത്തില്‍ ന്യൂക്ലിയാര്‍ ഊര്‍ജം ഉപയോഗിച്ച് ആകാശത്ത് പ്രവര്‍ത്തിക്കുന്ന ഹോട്ടലിന്‍റെ ആനിമേറ്റ് ചെയ്ത വീഡിയോ അക്കൗണ്ടിലുണ്ട്. ശാസ്ത്ര-സാങ്കേതിക വിദ്യകളെക്കുറിച്ച് അറിവ് പകരുന്നതിന് പങ്കുവെക്കുന്ന വീഡിയോകള്‍ എന്നാണ് യൂട്യൂബ് ചാനലില്‍ നല്‍കിയിരിക്കുന്ന വിവരണം.
ശാസ്ത്രസാങ്കേതിക വിദ്യകളെയും അവയുടെ സാധ്യതകളെയും തന്‍റെ സങ്കല്‍പത്തില്‍ ദൃശ്യവല്‍ക്കരിക്കുകയാണ് അദ്ദേഹം ചെയ്യുന്നതെന്ന് ഇതില്‍നിന്ന് മനസ്സിലാക്കാം. അദ്ദേഹത്തിന്‍റെ വെബ്സൈറ്റ് പരിശോധിച്ചതോടെ ഇത് സ്ഥിരീകരിക്കാനായി.
ശാസ്ത്ര പശ്ചാത്തലമുള്ള ഹാഷിം അല്‍ ഘെയ്ലി ശാസ്ത്രത്തിന്‍റെ ഭാവി കണ്ടെത്തലുകളെക്കുറിച്ച സാധ്യതകള്‍ തന്‍റെ സങ്കല്‍പത്തില്‍ ദൃശ്യാവിഷ്ക്കരിക്കുക മാത്രമാണ് ചെയ്യുന്നത്. ഇത്തരത്തില്‍ അദ്ദേഹം അവസാനം പങ്കുവെച്ച സങ്കല്‍പമാണ് എക്ടോലൈഫ്. എന്നാല്‍ ഇത് യഥാര്‍ത്ഥ കണ്ടെത്തലാണെന്ന് തെറ്റിദ്ധരിച്ചോ അത്തരത്തില്‍ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലോ ആണ് വീഡിയോ പങ്കുവെയ്ക്കപ്പെടുന്നത്.
കീവേഡുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ഈ ആനിമേഷന്‍ വീഡിയോയെക്കുറിച്ചും അദ്ദേഹം മുന്നോട്ടുവെയ്ക്കുന്ന സങ്കല്‍പത്തെക്കുറിച്ചും വിവിധ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകള്‍ ലഭിച്ചു.
First Post പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ഇതൊരു സാങ്കല്‍പിക വീഡിയോ മാത്രമാണെന്ന് വ്യക്തമാക്കുന്നുണ്ട്. കൂടാതെ മലയാള മനോരമയും ഈ സാങ്കല്‍പിക വീഡിയോയെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
വീഡിയോ സാങ്കല്‍പികവും ആനിമേഷനുമാണെന്ന് വ്യക്തമായതോടെ ഉള്ളടക്കത്തെക്കുറിച്ച് പരിശോധിച്ചു. കൃത്രിമ ഗര്‍ഭപാത്രങ്ങള്‍ ലാബുകളില്‍ സ്ഥാപിക്കാനും അതുവഴി കുഞ്ഞിന് ജന്മം നല്‍കാനും നിലവില്‍ ശാസ്ത്രീയമായി പരീക്ഷിച്ച് വിജയിച്ച ഉദാഹരണങ്ങളില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഇത്തരത്തില്‍ നിരവധി ഗവേഷണങ്ങള്‍ നടക്കുന്നുണ്ടെങ്കിലും അതിന് സാങ്കേതികവും നിയമപരവുമായ കടമ്പകള്‍ ഏറെയാണ്.
പ്രായം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്കായി ഇത്തരത്തില്‍ കൃത്രിമഗര്‍ഭപാത്രങ്ങള്‍ തയ്യാറാക്കി 2017ല്‍ ആട്ടിന്‍കുട്ടികളില്‍ പരീക്ഷണം നടത്തിയിരുന്നു. അമേരിക്കന്‍ ഗവേഷകരുടെ പരീക്ഷണത്തെക്കുറിച്ച് ഇവിടെ വായിക്കാം.
പൂര്‍ണവളര്‍ച്ചയെത്താതെ പിറക്കുന്ന കുഞ്ഞുങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനായി ഇതേ മാതൃകയില്‍ കൃത്രിമ മനുഷ്യ ഗര്‍ഭപാത്രങ്ങള്‍ സൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ട് നെതര്‍ലന്‍റ്സില്‍ 2019-ല്‍ ഗവേഷണം ആരിഭിച്ചിരുന്നു. ഇതുസംബന്ധിച്ച് ബിബിസി നല്‍കിയ റിപ്പോര്‍ട്ട് വായിക്കാം.
ഇതേ വാര്‍ത്ത മലയാളത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മേല്‍പ്പറഞ്ഞ റിപ്പോര്‍ട്ടുകളില്‍നിന്നും കൃത്രിമ മനുഷ്യ ഗര്‍ഭപാത്രത്തിന്‍റെ പരീക്ഷണങ്ങള്‍ ശാസ്ത്രലോകത്ത് നടക്കുന്നുണ്ടെന്നും എന്നാല്‍ ഇതുവരെ ഇത്തരത്തില്‍ വിജയകരമായി മനുഷ്യനില്‍ പരീക്ഷിച്ചിട്ടില്ലെന്നും വ്യക്തം. ധാര്‍മികവും നിയമപരവുമായ നിരവധി പ്രശ്നങ്ങള്‍ക്കപ്പുറം ഒരുപക്ഷേ ഭാവിയില്‍ യാഥാര്‍ഥ്യമായേക്കാവുന്ന ഒരു വലിയ കണ്ടെത്തലിന്‍റെ സാങ്കല്‍പിക ദൃശ്യാവിഷ്കാരം മാത്രമാണ് നിലവില്‍ പ്രചരിക്കുന്ന വീഡിയോ എന്ന് ഇതോടെ വ്യക്തമായി.
Conclusion:
ഇന്‍ക്യുബേറ്ററില്‍ കോഴിക്കുഞ്ഞുങ്ങളെ വിരിയിച്ചെടുക്കുന്നപോലെ ലാബില്‍ സജ്ജീകരിച്ച കൃത്രിമ ഗര്‍ഭപാത്രത്തില്‍ മനുഷ്യക്കുഞ്ഞിന് ജന്മം നല്‍കാനാവുമെന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന വീഡിയോ സാങ്കല്‍പിക ആനിമേഷന്‍ വീഡിയോ മാത്രമാണ്. ഇത്തരത്തില്‍ ഒരു കണ്ടുപിടുത്തവും നിലവില്‍ ശാസ്ത്രലോകത്ത് നടന്നിട്ടില്ലെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി. വീഡിയോയ്ക്കൊപ്പം നല്‍കിയിരിക്കുന്ന വിവരണങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണ്.