Fact Check: നൂറുകണക്കിന് പശുക്കളുമായി നടന്നു നീങ്ങുന്ന ദൃശ്യം കര്‍ഷകസമരത്തിലേതോ? വസ്തുതയറിയാം

കര്‍ഷകസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് നൂറുകണക്കിന് പശുക്കളുമായി നിരവധിപേര്‍ റോഡിലൂടെ നടങ്ങുനീങ്ങുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പലരും പങ്കുവെയ്ക്കുന്നത്.

By -  HABEEB RAHMAN YP |  Published on  27 Feb 2024 5:15 PM GMT
Fact Check: നൂറുകണക്കിന് പശുക്കളുമായി നടന്നു നീങ്ങുന്ന ദൃശ്യം കര്‍ഷകസമരത്തിലേതോ? വസ്തുതയറിയാം

കര്‍ഷക സമരത്തെക്കുറിച്ച് നിരവധി വ്യാജപ്രചരണങ്ങള്‍ ഇതിനകം വന്നുകഴിഞ്ഞു. ഇതില്‍ മിക്കതും മുന്‍വര്‍ഷത്തെ സമരദൃശ്യങ്ങളായിരുന്നു. കര്‍ഷകസമരത്തിന്റേതെന്ന അവകാശവാദത്തോടെ ഇപ്പോള്‍ മറ്റൊരു ദൃശ്യവും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. നൂറുകണക്കിന് പശുക്കളുമായി നിരവധിപേര്‍ റോഡിലൂടെ നടന്നുനീങ്ങുന്ന ഈ ദൃശ്യം പലരും കര്‍ഷകസമരത്തിന് ഐക്യദാര്‍ഢ്യമറിയിക്കാനായാണ് പങ്കുവെയ്ക്കുന്നത്.




Fact-check:

പ്രചരിക്കുന്ന വീഡിയോയ്ക്ക് കര്‍ഷകസമരവുമായി ബന്ധമില്ലെന്നും അമൃത്സറിലെ നിഹങ് വിഭാഗം 2021 ല്‍ പങ്കുവെച്ച വീഡിയോ ആണെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.

വസ്തുത പരിശോധനയുടെ ആദ്യഘട്ടത്തില്‍ പ്രചരിക്കുന്ന വീഡിയോയില്‍ എഴുതിച്ചേര്‍ത്തിരിക്കുന്ന വാക്യം ഗൂഗ്ള്‍ ട്രാന്‍സലേറ്റിന്റെ സഹായത്തോടെ തര്‍ജമ ചെയ്തു. ‘ബാബാ പാലാ സംഘ് ജീയെ ദൈവം അനുഗ്രഹിക്കട്ടെ’ എന്ന് പഞ്ചാബിയിലാണ് എഴുതിയിരിക്കുന്നതെന്ന് കാണാം.


തുടര്‍ന്ന് ഈ സൂചനകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ഇതേ പേരിലുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ സമാനമായ നിരവധി വീഡിയോകള്‍ കണ്ടെത്തി. കൂട്ടത്തില്‍ 2021 ഡിസംബറില്‍ ഇതേ വീഡിയോയും പങ്കുവെച്ചതായി കാണാം.




ഇതോടെ വീഡിയോ 2021 ലോ അതിന് മുന്‍പോ ഉള്ളതാണെന്നും ഇതിന് കര്‍ഷകസമരവുമായി ബന്ധമില്ലെന്നും വ്യക്തമായി. തുടര്‍ന്ന് ബാബാ പാലാ സിങിനെക്കുറിച്ച് അന്വേഷിച്ചു. കീവേഡുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ അദ്ദേഹത്തെക്കുറിച്ച് ഏതാനും മാധ്യമറിപ്പോര്‍ട്ടുകള്‍ ലഭിച്ചു.




മൃഗസ്നേഹിയും ആയിരക്കണക്കിന് കന്നുകാലികളെ പരിപാലിച്ചിരുന്ന വ്യക്തിയുമായിരുന്നു ബാബാ പാലാ സിങ്. നിഹങ് സിഖ് വിഭാഗത്തില്‍ പെട്ട അദ്ദേഹം തന്റെ ജീവിതം വളര്‍ത്തുമൃഗങ്ങള്‍ക്കായി സമര്‍പ്പിച്ചു. 2018ല്‍ അദ്ദേഹം മരണപ്പെട്ട സമയത്ത് ടൈംസ് ഓഫ് ഇന്ത്യ നല്‍കിയ വാര്‍ത്തയില്‍ അദ്ദേഹത്തിന്റെ ചിത്രവുംകാണാം. മറ്റ് പ്രാദേശിക മാധ്യമങ്ങളിലും അദ്ദേഹത്തെക്കുറിച്ച് വാര്‍ത്തകള്‍ കാണാം.

അദ്ദേഹത്തിന്റെ മരണശേഷവും നിഹങ് വിഭാഗത്തില്‍പെട്ട അദ്ദേഹത്തിന്റെ അനുയായികള്‍ കന്നുകാലികളെ പരിപാലിച്ചുപോരുന്നതായി അവകാശപ്പെട്ടുകൊണ്ട് പ്രചരിക്കുന്ന ദൃശ്യം 2022 ല്‍ ട്വിറ്ററില്‍ പങ്കുവെച്ചതായും കണ്ടെത്തി.



ഇതോടെ ദൃശ്യങ്ങളിലുള്ളത് കര്‍ഷകസമരത്തിനെത്തിയ കര്‍ഷകരല്ലെന്നും കന്നുകാലികളെ പരിപാലിക്കുന്ന നിഹങ് വിഭാഗത്തില്‍പെട്ടവരാണെന്നും വ്യക്തമായി.


Conclusion:

കര്‍ഷകസമരത്തില്‍ നൂറുകണക്കിന് പശുക്കളെയുമായി കര്‍ഷകര്‍ അണിനിരക്കുന്നുവെന്ന അടിക്കുറിപ്പോടെയും കര്‍ഷകസമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ടും പങ്കുവെയ്ക്കുന്ന ഈ ദൃശ്യങ്ങള്‍ 2021 ലേതോ അതിന് മുന്‍പുള്ളതോ ആണെന്ന് വ്യക്തമായി. അമൃത്സറിലെ നിഹങ് വിഭാഗത്തിലെ കന്നുകാലി പരിപാലകരുടെ ദൃശ്യങ്ങളാണ് തെറ്റിദ്ധരിപ്പിക്കുന്ന അടിക്കുറിപ്പോടെ പ്രചരിക്കുന്നതെന്ന് വ്യക്തമായി.

Claim Review:Farmers with hundreds of cows participating in the protest
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Next Story