ഒഡീഷയില്‍ മൃതദേഹങ്ങള്‍ക്കിടയില്‍ മകനെ കണ്ടെത്തിയ പിതാവ്: കണ്ണുനനയിച്ച ‘കഥ’യുടെ വാസ്തവം
ഒഡീഷയിലെ ബാലസോറില്‍ മൃതദേങ്ങള്‍ക്കിടയില്‍നിന്ന് ജീവനുള്ള മകനെ കണ്ടെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ച പിതാവിനെക്കുറിച്ചുള്ള വാര്‍ത്ത മുഖ്യധാരാ മാധ്യമങ്ങളിലടക്കം ഇടംനേടിയിരുന്നു.
By - HABEEB RAHMAN YP | Published on 8 Jun 2023 8:37 PM ISTരാജ്യത്തെ നടുക്കിയ ഒഡീഷ ട്രെയിന്‍ ദുരന്തത്തിന് പിന്നാലെ നിരവധി അഭ്യൂഹങ്ങളും വ്യാജ പ്രചരണങ്ങളും സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്നു. ഇക്കൂട്ടത്തില്‍ ഏറെ ശ്രദ്ധനേടിയ വാര്‍ത്തയാണ് മൃതദേഹങ്ങള്‍ക്കിടയില്‍നിന്ന് സ്വന്തം മകനെ ജീവനോടെ കണ്ടെത്തിയ പിതാവിനെക്കുറിച്ച് വന്ന വാര്‍ത്ത.
മാധ്യമം ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത 2023 ജൂണ്‍ 5ന് ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ചതായി കാണാം.
ദുരന്തവാര്‍ത്തയറിഞ്ഞപ്പോള്‍ മകനെ ഫോണില്‍ ബന്ധപ്പെട്ട പിതാവിന് മകന്‍റെ ശബ്ദം കേട്ടപ്പോള്‍ സാരമായി പരിക്കേറ്റിട്ടുണ്ടെന്ന് മനസ്സിലാവുകയും തുടര്‍ന്ന് നാട്ടില്‍നിന്ന് ബാലസോറിലേക്ക് 230 കിലോമീറ്റര്‍ ദൂരം ആംബുലന്‍സില്‍ വന്നുവെന്നുമാണ് വാര്‍ത്തയില്‍ നല്‍കിയിരിക്കുന്നത്. തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ലെന്നും തുടര്‍ന്ന് മൃതദേഹങ്ങള്‍ സൂക്ഷിച്ച സ്ഥലത്തെത്തി കൈയ്യനക്കം കണ്ട് തിരിച്ചറിഞ്ഞുവെന്നുമാണ് വാര്‍ത്ത. പിന്നീട് പിതാവ് തന്നെ ആംബുലന്‍സില്‍ മകനെ ആശുപത്രിയിലെത്തിച്ചുവെന്നും മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. മൃതദേഹങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും പരിക്കേറ്റവര്‍ക്ക് ചികിത്സ നല്‍കുന്നതിലുമുണ്ടായ അധികൃതരുടെ വീഴ്ചയാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്.
ഇതേ വാര്‍ത്ത ഒരു ഗ്രാഫിക്സ് കാര്‍ഡ് രൂപത്തിലും മാധ്യമം ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ചിട്ടുണ്ട്.
Fact-check:
വാര്‍ത്തയിലെ ചില ഭാഗങ്ങള്‍ അതിശയോക്തികരമായി തോന്നിയതിനെ തുടര്‍ന്ന് മറ്റ് മാധ്യമങ്ങളില്‍ ഇതേ വാര്‍ത്ത പ്രസിദ്ധീകരിച്ചോ എന്നാണ് ആദ്യം പരിശോധിച്ചത്. മലയാള മനോരമ, 24 ന്യൂസ്, കേരള കൗമുദി, ന്യൂസ് 18 കേരളം തുടങ്ങി ഒട്ടുമിക്ക മലയാള മാധ്യമങ്ങളും ഇതേ വാര്‍ത്ത നല്‍കിയതായി കണ്ടു.
വസ്തുതാ പരിശോധനയുടെ ആദ്യഘട്ടത്തില്‍ ദേശീയ വാര്‍ത്താ മാധ്യമങ്ങള്‍ ഇതേ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിച്ചു. ഹിന്ദുസ്ഥാന്‍ ടൈംസ് ജൂണ്‍ 6നും ജൂണ്‍ 8നും ഇതു സംബന്ധിച്ച് രണ്ട് വ്യത്യസ്ത റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചതായി കണ്ടു.
ആദ്യത്തെ റിപ്പോര്‍ട്ട് മേല്‍പ്പറഞ്ഞ റിപ്പോര്‍ട്ടുകള്‍ക്ക് സമാനമായതും എന്നാല്‍ രണ്ടാമത്തെ റിപ്പോര്‍ട്ടില്‍ പിതാവ് ആശുപത്രിയിലെത്തി മകനെ ഡിസ്ചാര്‍ജ് ചെയ്ത് നാട്ടിലേക്ക് മാറ്റി എന്നുമാണ് പറയുന്നത്.
തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട് സ്ഥിരീകരിക്കാവുന്ന പ്രതികരണങ്ങള്‍ക്കായി യൂട്യൂബില്‍ പരിശോധിച്ചു. റിപ്പോര്‍ട്ടുകളില്‍ പരാമര്‍ശിക്കുന്ന ബിശ്വജീത് മാലികിന്‍റെ പിതാവ് ഹെലറാം മാലികിന്‍റെ പ്രതികരണം മിറര്‍ നൗ യൂട്യൂബ് ചാനലില്‍ കണ്ടെത്തി.
ബംഗാളി ഭാഷയിലുള്ള പ്രതികരണത്തിന് സ്ക്രീനില്‍ നല്‍കിയിരിക്കുന്ന ഇംഗ്ലീഷ് പരിഭാഷയില്‍നിന്ന് പിതാവ് മകനെ കാണുന്നത് ആശുപത്രിയില്‍ വെച്ചാണെന്ന് വ്യക്തമായി. സ്ഥിരീകിരിക്കുന്നതിനായി പ്രതികരണത്തിന്‍റെ പൂര്‍ണരൂപം ഗൂഗ്ള്‍ ട്രാന്‍സലേറ്ററിന്‍റെ സഹായത്തോടെ തര്‍ജമ ചെയ്യുകയും ഇത് ബംഗാളിലെ ചില മാധ്യമപ്രവര്‍ത്തകരുടെ സഹായത്തോടെ സ്ഥിരീകരിക്കുകയും ചെയ്തു.
ഹിന്ദുസ്ഥാന്‍ ടൈംസ് ജൂണ്‍ 8ന് പ്രസിദ്ധീകരിച്ച വാര്‍ത്തയും ഇത് സാധൂകരിക്കുന്നതായി കാണാം. ഇതോടെ പിതാവ് മൃതദേഹങ്ങള്‍ക്കിടയില്‍നിന്ന് മകനെ കണ്ടെത്തിയെന്ന അവകാശവാദം തെറ്റാണെന്ന് ബോധ്യമായി. അപകടം സംഭവിച്ചയുടനെ പിതാവിനെ മകന്‍ ഫോണില്‍ ബന്ധപ്പെടുകയായിരുന്നു. എന്നാല്‍ ഇതിനിടെ ബോധം നഷ്ടമായ മകനെ പിന്നീട് മൃതദേഹങ്ങള്‍ക്കിടയില്‍നിന്ന് രക്ഷാപ്രവര്‍ത്തകര്‍ തന്നെയാണ് തിരിച്ചറിഞ്ഞ് ആശുപത്രിയിലെത്തിക്കുന്നത്. പിതാവ് മകനെ കാണുന്നത് ആശുപത്രിയില്‍ വെച്ചാണെന്നും വ്യക്തം.
ഔദ്യോഗിക സ്ഥിരീകരണത്തിനായി ഒഡീഷ ഗവണ്മെന്‍റിന്‍റെ വിവിധ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ പരിശോധിച്ചു. ബാലസോര്‍ കലക്ടറും ജില്ലാ മജിസ്ട്രേറ്റുമായ ദത്തത്രേയ ബഹുസാഹെബ് ഷിന്‍ഡേ അദ്ദേഹത്തിന്‍റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ പങ്കുവെച്ച കുറിപ്പ് ലഭ്യമായി.
മൃതദേഹങ്ങള്‍ക്കിടയില്‍നിന്ന് പിതാവ് മകനെ രക്ഷിച്ചുവെന്ന തരത്തില്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത തെറ്റാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. അപകടം നടന്നത് ജൂണ്‍ 2ന് രാത്രിയയാണ്. ജൂണ്‍ മൂന്നിന് തന്നെ ഇദ്ദേഹത്തെ ചികിത്സയ്ക്ക് ശേഷം കട്ടക്കിലെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തതിന്‍റെ തെളിവായി ആശുപത്രിയിലെ രേഖയും കലക്ടര്‍ പങ്കുവെച്ചിട്ടുണ്ട്.
കൂടാതെ, പ്രസ്തുത സംഭവത്തില്‍ തെറ്റായി റിപ്പോര്‍ട്ടുകള്‍ വന്നതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ലഭിച്ച സ്ഥിരീകരണങ്ങള്‍ സഹിതം ബാലസോര്‍ ഫക്കീര്‍ മോഹന്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ട് കലക്ടര്‍ക്ക് നല്‍കിയ കത്തും ലഭ്യമായി.
സ്ഥിരീകരണത്തിനായി അപകടത്തില്‍ പെട്ട ബിശ്വജീത് മാലികിന്‍റെ പിതാവിനെ നേരിട്ട് ബന്ധപ്പെട്ടതായും മൂന്നാം തീയതി ഭദ്രകിലെ ആശുപത്രിയിലെത്തിയാണ് പിതാവ് മകനെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയതെന്നും കത്തില്‍ വ്യക്തമാക്കുന്നു.
ഇതോടെ പ്രചരിക്കുന്ന വാര്‍ത്തകള്‍ ഭാഗികമായി തെറ്റാണെന്നും പിതാവ് മൃതദേഹങ്ങള്‍ക്കിടയില്‍ മകനെ കണ്ടെത്തി രക്ഷിച്ചുവെന്ന അവകാശവാദം അടിസ്ഥാനരഹിതമാണെന്നും വ്യക്തമായി.
Conclusion:
ഒഡീഷ ട്രെയിന്‍ അപകടത്തിന് ശേഷം മൃതദേഹങ്ങള്‍ക്കിടയില്‍നിന്ന് തന്‍റെ മകനെ ജീവനോടെ കണ്ടെത്തുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്ത പിതാവിനെക്കുറിച്ച് പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി. പരിക്കേറ്റ ബിശ്വജീത് മാലിക്കിനെ രക്ഷാപ്രവര്‍ത്തകര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷമാണ് പിതാവ് ആശുപത്രിയിലെത്തി കണ്ടതെന്നും തുടര്‍ന്നാണ് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയതെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ കണ്ടെത്തി.