ശരീഅഃ നിയമപ്രകാരം സ്വന്തം മകളെ വിവാഹം ചെയ്ത പിതാവിന്റേതെന്ന തരത്തില്‍ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. പിതാവും മകളുമെന്ന് തോന്നിക്കുന്ന രണ്ടുപേര്‍ ഒരുമിച്ചിരുന്ന ചിത്രീകരിച്ചിരിക്കുന്ന വീഡിയോയില്‍ ശരീഅഃ നിയമപ്രകാരം നാലുപേരെ വിവാഹം കഴിക്കാമെന്നും അതിലൊന്ന് സ്വന്തം മകളാകാമെന്നും അതില്‍ മറ്റാര്‍ക്കും പ്രശ്നമുണ്ടാകേണ്ട കാര്യമില്ലെന്നും പിതാവ് സംസാരിക്കുന്ന തരത്തിലാണ് വീഡിയോ. മറ്റൊരാളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയെന്നോണമാണ് പ്രതികരണം. സ്വന്തം മകളെ വിവാഹം കഴിക്കുന്നത് തെറ്റാണെന്ന് ഖുര്‍ആനില്‍ പറയുന്നില്ലെന്ന് ഹിന്ദിയില്‍ വീഡിയോയ്ക്ക് മേല്‍ എഴുതിച്ചേര്‍ത്തതായും കാണാം.
Fact-check:
പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും സ്ക്രിപ്റ്റ് ചെയ്ത് ചിത്രീകരിച്ച വീഡിയോയാണ് പ്രചരിക്കുന്നതെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
പ്രചരിക്കുന്ന വീഡിയോ റിവേഴ്സ് ഇമേജ് സെര്‍ച്ച് ഉപയോഗിച്ച് പരിശോധിച്ചതോടെ ഇതിന്റെ യഥാര്‍ത്ഥ പതിപ്പ് കണ്ടെത്തി. Raj Thakurrr എന്ന യൂട്യൂബ് ചാനലില്‍ 2025 മാര്‍ച്ച് 5നാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയ്ക്കൊപ്പം നല്‍കിയിരിക്കുന്ന വിവരണത്തില്‍ മുന്‍കൂട്ടി തയ്യാറാക്കിയ സ്ക്രിപ്റ്റ് പ്രകാരം ചിത്രീകരിച്ച വീഡിയോ ആണിതെന്ന് വ്യക്തമാക്കുന്നുണ്ട്.
കൂടാതെ വീഡിയോയില്‍ പരാമര്‍ശിക്കുന്ന കാര്യങ്ങളും വസ്തുതാവിരുദ്ധമാണെന്ന് വ്യക്തമായി. സ്വന്തം മകളെ വിവാഹം കഴിക്കാമെന്ന് ഇസ്‍ലാമിക ഗ്രന്ഥമായ ഖുര്‍ആനില്‍ പറയുന്നില്ല. മാത്രവുമല്ല, പുരുഷന്മാര്‍ക്ക് വിവാഹം നിഷിദ്ധമാക്കപ്പെട്ടവരെക്കുറിച്ച് പ്രതിപാദിക്കുന്ന സൂറഃ നിസാഇലെ 23-ാം സൂക്തത്തില്‍ മാതാക്കള്‍, പുത്രിമാര്‍, സഹോദരിമാര്‍, പിതൃസഹോദരിമാര്‍, മാതൃസഹോദരിമാര്‍, സഹോദരപുത്രിമാർ, സഹോദരീ പുത്രിമാർ തുടങ്ങി നിരവധി വിഭാഗങ്ങളെ പരാമര്‍ശിക്കുന്നുണ്ട്.
ഇതോടെ വീഡിയോയിലെ ഉള്ളടക്കവും വസ്തുതാവിരുദ്ധമാണെന്ന് വ്യക്തമായി.
Conclusion:
ഇസ്‍ലാമിക നിയമപ്രകാരം മകളെ വിവാഹം കഴിച്ച പിതാവിന്റെേതെന്ന തരത്തില്‍ പ്രചരിക്കുന്ന വീഡിയോ സ്ക്രിപ്റ്റ് ചെയ്ത് ചിത്രീകരിച്ചതാണെന്നും വീഡിയോയിലെ ഉള്ളടക്കം വസ്തുതാ വിരുദ്ധമാണെന്നും അന്വേഷണത്തില്‍ വ്യക്തമായി. പുരുഷന് നാലു വിവാഹം കഴിക്കാന്‍ അനുമതിയുണ്ടെങ്കിലും മകളെയടക്കം അടുത്ത ബന്ധുക്കളെയെല്ലാം വിവാഹം ചെയ്യുന്നത് ഇസ്‍ലാമിക നിയമപ്രകാരം നിഷിദ്ധമാണ്.