സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ രാജ്യത്ത് കൂടിവരികയാണ് ഇത്തരത്തില്‍ നിരവധി വാര്‍ത്തകളും പ്രതിഷേധങ്ങളുമെല്ലാം നിരന്തരം വാര്‍ത്തകളില്‍ കാണാറുമുണ്ട്. എന്നാല്‍ ബലാത്സംഗത്തിനിരയായ സ്വന്തം മകളെയുമെടുത്ത് ഡല്‍ഹിയിലെ പാര്‍ലമെന്റ് മന്ദിരത്തിന് മുന്നില്‍ കരഞ്ഞ് പ്രതിഷേധിക്കുന്ന പിതാവിന്റെ ദൃശ്യങ്ങളെന്ന അടിക്കുറിപ്പോടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു.
Latheef Mananthavadi എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടില്‍നിന്ന് പങ്കുവെച്ച ദൃശ്യങ്ങളില്‍ രാജ്യത്തെ ഭരണാധികാരികളുടെ കെടുകാര്യസ്ഥതയെ കുറ്റപ്പെടുത്തുന്നു.
Fact–check:
പ്രചരിക്കുന്ന ദൃശ്യങ്ങള്‍ വ്യക്തത തീരെ കുറവാണ്. അതുകൊണ്ടുതന്നെ റിവേഴ്സ് ഇമേജ് സെര്‍ച്ചില്‍ കാര്യമായ ഫലങ്ങള്‍ ലഭിച്ചില്ല. തുടര്‍ന്ന് Father, Daughter, Protest, Delhi തുടങ്ങിയ കീവേഡുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ഏതാനും റിപ്പോര്‍ട്ടുകള്‍ ലഭിച്ചു. ഇതില്‍ 2019 ABP News നല്കിയ റിപ്പോര്‍ട്ടില്‍ ഈ വീഡിയോ ഉപയോഗിച്ചതായി കണ്ടെത്തി.
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ മകളെയുമായി പ്രതിഷേധിക്കുന്ന പിതാവ് എന്ന തലക്കെട്ടോടെയാണ് വാര്‍ത്ത നല്കിയിരിക്കുന്നത്. വാര്‍ത്തയിലെവിടെയും അദ്ദേഹത്തിന്റെ മകള്‍ പീഡനത്തിനിരയായതായി പരാമര്‍ശിക്കുന്നില്ല. ലഭിച്ച സൂചനകള്‍ ഉപയോഗിച്ച് യൂട്യൂബില്‍ നടത്തിയ കീവേഡ് പരിശോധനയില്‍ Bolta Hindustan എന്ന ചാനലില്‍ പ്രസിദ്ധീകരിച്ച കൂടുതല്‍ വ്യക്തതയുള്ള ദൃശ്യങ്ങള്‍ ലഭിച്ചു.
2019 ഡിസംബര്‍ 5ന് പ്രസിദ്ധീകരിച്ച വീഡിയോയുടെ വിവരണത്തില്‍ സച്ചിന്‍ ചൗഥരി എന്ന ഹാഷ്ടാഗ് കണ്ടെത്തി. അടിക്കുറിപ്പില്‍ കോണ്‍ഗ്രസ് നേതാവ് എന്നും കാണാം. വീഡിയോയ്ക്കൊപ്പം ഹിന്ദിയില്‍ നല്കിയ വിവരണത്തില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമത്തിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ പെണ്‍കുട്ടികളെയുമായെത്തി പ്രതിഷേധിക്കുന്നു എന്നും കാണാം.
തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ ചൗഥരിയുടെ എക്സ് ഹാന്‍ഡില്‍ പരിശോധിച്ചു. 2019 ഡിസംബര്‍ 5 ന് അദ്ദേഹംതന്നെ ഈ വീഡിയോ പങ്കുവെച്ചതായി കണ്ടെത്തി.
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് മകളെയുമായി പാര്‍ലമെന്റിന് മുന്നിലെത്തിയെന്നും മോദിയുടെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കിയെന്നും വിവരണത്തില്‍ കാണാം. മോദിയുടെ ഭരണത്തില്‍ പെണ്‍കുട്ടികള്‍ സുരക്ഷിതരല്ലെന്നും പോസ്റ്റില്‍ പറയുന്നു.
ഇതോടെ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ ചൗധരി സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ തന്റെ മകളുമായെത്തി പ്രതിഷേധിക്കുന്നതിന്റെതാണെന്ന് വ്യക്തമായി.
വീഡിയോ ഏതാനും മാസങ്ങള്‍ക്കുമുന്‍പ് തെറ്റായ അടിക്കുറിപ്പോടെ മറ്റ് ചില ഭാഷകളില്‍ വീണ്ടും പ്രചരിച്ചിരുന്നതായും കണ്ടെത്തി. ഇതേത്തുടര്‍ന്ന് 2023 മെയ് മാസത്തില്‍ ഡല്‍ഹി പോലീസ് ഇത് സംബന്ധിച്ച് അറിയിപ്പ് നല്കിയിരുന്നു.
ബലാത്സംഗത്തിനിരയായ മകളുമായി പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധിക്കുന്ന പിതാവിന്റേതെന്ന അടിക്കുറിപ്പോടെ പ്രചരിക്കുന്ന വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി. വീഡിയോ 2019-ലേതാണ്. സ്ത്രീകള്‍ക്കുനേരെ വര്‍ധിച്ചുവരുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധത്തിനിടെ കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ ചൗഥരി തന്റെ മകള്‍ക്കൊപ്പമെത്തി പ്രതിഷേധിക്കുന്ന ദൃശ്യങ്ങളാണിതെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.