Fact-check: മലപ്പുറത്തെ ഫാത്തിമ ഫിദ ഡല്‍ഹിയിലേക്ക് വിമാനം പറത്തിയോ? വ്യാജപ്രചാരണങ്ങള്‍ തിരിച്ചറിയൂ
കരിപ്പൂരിൽനിന്ന് ഡൽഹിയിലേക്ക് ഇന്‍ഡിഗോ വിമാനം പറത്തിയെന്ന അവകാശവാദത്തോടെ മലപ്പുറം ജില്ലയിലെ തുവ്വൂര്‍ സ്വദേശി ഫാത്തിമ ഫിദയെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് സമൂഹമാധ്യമങ്ങളില്‍ സന്ദേശം പങ്കുവെയ്ക്കുന്നത്.
By - HABEEB RAHMAN YP | Published on 8 Feb 2024 3:42 PM ISTകരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള ഇന്‍ഡിഗോ വിമാനം പറത്തിയെന്ന അവകാശവാദത്തോടെ ഫാത്തിമ ഫിദ എന്ന പെണ്‍കുട്ടിയെ അഭിനന്ദിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളില്‍ പ്രചാരണം.
പെണ്‍കുട്ടികളുടെ നേട്ടങ്ങളെ അഭിനന്ദിച്ചും മലബാറിലെ മുസ്ലിം പെണ്‍കുട്ടികളുടെ ശാക്തീകരണത്തെ പ്രകീര്‍ത്തിച്ചുമാണ് നിരവധി പേര്‍ പോസ്റ്റ് പങ്കിടുന്നത്.
Fact-check:
പ്രചരിക്കുന്ന അവകാശവാദം വസ്തുതാവിരുദ്ധമാണെന്നും ഫിദ ഫാത്തിമ വ്യോമയാന വിദ്യാര്‍ഥിയാണെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ സ്ഥിരീകരിച്ചു.
പ്രചരിക്കുന്ന പോസ്റ്റിലെ അവകാശവാദങ്ങളെ സാധൂകരിക്കുന്ന തരത്തില്‍ മാധ്യമ റിപ്പോര്‍ട്ടുകളൊന്നും പ്രാദേശികമാധ്യമങ്ങളില്‍ പോലും കണ്ടെത്താനാകാത്തതിനെ തുടര്‍ന്നാണ് വസ്തുത പരിശോധന ആരംഭിച്ചത്. ആദ്യഘട്ടത്തില്‍ പ്രചരിക്കുന്ന നിരവധി പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചു. ഭൂരിഭാഗം പേരും അഭിനന്ദനങ്ങള്‍ അറിയിക്കുമ്പോഴും പ്രചാരണം തെറ്റാണെന്ന് ചിലരുടെ കമന്റുകള്‍ സൂചന നല്‍കി.
തുടര്‍ന്ന് ഫെയ്സ്ബുക്കില്‍ തന്നെ നടത്തിയ കീവേഡ് പരിശോധനയിലൂടെ Jamsheer Paravetty എന്ന വ്യക്തിയുടെ പോസ്റ്റ് കണ്ടെത്തി. തന്റെ ജ്യേഷ്ഠസഹോദരന്റെ മകളാണ് ഫിദയെന്നും 2024 ജനുവരി 31നാണ് വ്യോമയാനപഠനത്തിനായി ഉത്തര്‍പ്രദേശിലെ അമേഠിയിലേക്ക് അവള്‍ യാത്രതിരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഫെബ്രുവരി 2നാണ് ക്ലാസ് തുടങ്ങിയതെന്നും പോസ്റ്റിലുണ്ട്.
തുടര്‍ന്ന് അദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെട്ടു. പോസ്റ്റില്‍ പങ്കുവെച്ച കാര്യങ്ങള്‍ അദ്ദേഹം ന്യൂസ്മീറ്ററിനോട് സ്ഥിരീകരിക്കുകയും കൂടുതല്‍ വിവരങ്ങള്‍ക്കായി ഫാത്തിമ ഫിദയുടെ പിതാവിനെ ബന്ധപ്പെടാന്‍ നിര്‍ദേശിക്കുകയും ചെയ്തു.
ഇതനുസരിച്ച് മലപ്പുറം തുവ്വൂര്‍ സ്വദേശിയായ പറവെട്ടി അബൂജുറൈജിനെ ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു:
“മകളുടെ ഫോട്ടോ ഉള്‍പ്പെടെ പ്രചരിക്കുന്ന സന്ദേശം കണ്ടിരുന്നു. വലിയ വിഷമമാണ് ഇതുണ്ടാക്കിയത്. അവള്‍ ഇക്കഴിഞ്ഞ ജനുവരി 31-നാണ് ഉത്തര്‍പ്രദേശിലെ ഇന്ധിരാഗാന്ധി രാഷ്ട്രീയ ഉഡാന്‍ അക്കാദമിയില്‍ കൊമേഴ്ഷ്യല്‍ പൈലറ്റ് ലൈസന്‍സ് കോഴ്സ് പഠിക്കാനായി പുറപ്പെട്ടത്. ഫെബ്രുവരി 2-ന് ക്ലാസുകള്‍ തുടങ്ങി. 2022-ല്‍ പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയ അവള്‍ ഒരുവര്‍ഷത്തിന് ശേഷമാണ് വ്യോമയാനപഠനത്തിന് പോകുന്നത്. മൂന്ന് വര്‍ഷത്തെ ബിരുദപഠനത്തിന് ശേഷം ബി.എസ്.സി ഏവിയേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ഇതിന് ശേഷം പരിശീലനം ഉള്‍പ്പെടെ പൂര്‍ത്തിയാക്കിയാലാണ് വിമാനം പറത്താനാവുക. മകള്‍ക്ക് അഡ്മിഷന്‍ കിട്ടിയ സമയത്ത് സുഹൃത്ത് അബ്ദുല്‍ അസീസ് ഫെയ്സ്ബുക്കില്‍ അവളെ അഭിനന്ദിച്ച് ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. ഇതിലെ ഫോട്ടോ ഉപയോഗിച്ച് തെറ്റായ വിവരണം നല്‍കിയാണ് ഇപ്പോള്‍ വ്യാജപ്രചാരണം. മകള്‍ക്കും ഇതില്‍ വലിയ വിഷമമുണ്ട്.”
അദ്ദേഹം സൂചിപ്പിച്ച പ്രകാരം അസീസ് തുവ്വൂര്‍ എന്ന വ്യക്തി 2024 ജനുവരി 30ന് പങ്കുവെച്ച ഫെയ്സ്ബുക്ക് കുറിപ്പ് ലഭിച്ചു. 2022 ല്‍ ആദ്യമായി ഉഡാന്‍ അക്കാദമിയിലെ ഇന്‍റര്‍വ്യൂവില്‍ പങ്കെടുക്കാനൊരുങ്ങിയപ്പോള്‍ സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ടതുകാരണം പങ്കെടുക്കാനാവാതെ വന്നതും തുടര്‍ന്ന് ഒരുവര്‍ഷത്തിന് ശേഷം 2023 ലെ പ്രവേശനപരീക്ഷയില്‍ റാങ്ക് കരസ്ഥമാക്കി പ്രവേശനം നേടിയതും അദ്ദേഹം വിവരിക്കുന്നു.
ഇതോടെ അദ്ദേഹത്തിന്റെ സന്ദേശത്തിലുപയോഗിച്ച ഫോട്ടോ സഹിതമാണ് ഉള്ളടക്കം മനസ്സിലാക്കാതെയോ മനപൂര്‍വമോ വ്യാജപ്രചാരണമെന്ന് വ്യക്തമായി. അദ്ദേഹത്തിന്റെ പോസ്റ്റില്‍ സൂചിപ്പിച്ചതുപ്രകാരം ഫാത്തിമ ഫിദയ്ക്ക് ഇന്ധിരാഗാന്ധി രാഷ്ട്രീയ ഉഡാന്‍ അക്കാദമിയിലെ പ്രവേശന പരീക്ഷയില്‍ മികച്ച റാങ്ക് ലഭിച്ചതുമായി ബന്ധപ്പെട്ട് 2023 ജൂലൈയില്‍ പ്രാദേശിക ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയും കണ്ടെത്തി.
Conclusion:
മലപ്പുറം തുവ്വൂര്‍ സ്വദേശി ഫാത്തിമ ഫിദ കോഴിക്കോട് - ഡല്‍ഹി ഇന്‍ഡിഗോ വിമാനം പറത്തിയെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. നിലവില്‍ ഉത്തര്‍പ്രദേശിലെ അമേഠിയിലെ ഇന്ധിരാഗാന്ധി രാഷ്ട്രീയ ഉഡാന്‍ അക്കാദമിയിലെ ആദ്യവര്‍ഷ വിദ്യാര്‍ഥിനിയാണ് ഫിദയെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ സ്ഥിരീകരിച്ചു.